സർക്കാരിനുമെതിരെ ആദ്യ വെടിപൊട്ടിച്ച് പി.ജയരാജൻ
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂർ: സി.പി. ഐയ്ക്കു പിന്നാലെ ലോക്സഭാതെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി സി.പി. എംസംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജൻ രംഗത്തെത്തി. ലോക്സഭാതെരഞ്ഞെടുപ്പ് തോൽവിയിൽ സി.പി. എം പാഠം ഉൾക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാനൂരിൽ പി.കെ കുഞ്ഞനന്തൻ നാലാം ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി നടത്തിയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പി.ജയരാജൻ സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചത്.
രണ്ടാം പിണറായി സർക്കാരിനെതിരെ ഭരണവിരുദ്ധവികാരമില്ലെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവർത്തിച്ചു പറയുന്നതിനിടെയാണ് പാർട്ടിക്കും സർക്കാരിനുംതെറ്റുപറ്റിയെന്ന് ജയരാജൻ തുറന്നടിച്ചത്. പരാജയത്തിന് ശേഷം കരുത്തോടെ തിരിച്ചുവന്ന പാരമ്പര്യം എൽ.ഡി. എഫിനുണ്ട്. ജനങ്ങൾക്ക് ഒപ്പം നിൽക്കുകയാണ് പ്രധാനമെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭരണപരാജയവും തെറ്റായ നടപടികളുമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി. എഫിനേറ്റ വൻപരാജയത്തിന് കാരണമെന്ന് കഴിഞ്ഞ ദിവസം സി.പി. ഐ സംസ്ഥാന കൗൺസിൽ വിലയിരുത്തിയിരുന്നു.
ഇതിനു പുറമെ സി.പി. എം പൊളിറ്റ്ബ്യൂറോയും കണ്ണൂരിൽ ഉൾപ്പെടെയുള്ള പാർട്ടികോട്ടകളിലെ വോട്ടുചോർച്ചയിൽ ആശങ്കയറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ പാർട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളായ പി.ജയരാജനും പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരെ പരസ്യവിമർശനവുമായി രംഗത്തുവന്നത്.കേന്ദ്രസർക്കാരിനെതിരായ വോട്ടുകളാണ് കോൺഗ്രസിന് ലഭിച്ചതെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തോൽവിയുടെ ന്യായീകരണമായി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നത്.
എന്നാൽ ഇതിനെ പൂർണമായും തള്ളിപറഞ്ഞുകൊണ്ടാണ് പാർട്ടിക്ക് തെറ്റുപറ്റിയെന്ന തുറന്ന വിമർശനവുമായി പി.ജയരാജൻ രംഗത്തുന്നവന്നത്. ഇതു വരുംദിവസങ്ങളിൽ സി.പി. എമ്മിലുണ്ടാകുന്ന അടിയൊഴുക്കുകളുടെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇനിയും കൂടുതൽ നേതാക്കൾ മുഖ്യമന്ത്രിക്കും പാർട്ടിനേതൃത്വത്തിനുമെതിരെ രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വടകരയിൽ കെ.കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല ടി.പി രാമകൃഷ്ണനായിരുന്നുവെങ്കിലും ഏകോപനംനിർവഹിച്ചത് പി. ജയരാജൻ വടകരയിൽ ക്യാംപു ചെയ്തിട്ടായിരുന്നു. അതുകൊണ്ടു തന്നെ വടകരയിലെ തോൽവി പി.ജയരാജനും ക്ഷീണം ചെയ്തിട്ടുണ്ട്. 2019ൽ വടകര പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ചു അതിദയനീമായി അരലക്ഷത്തിലേറെ വോട്ടുകൾക്ക് തോറ്റ നേതാവു കൂടിയാണ് പി.ജയരാജൻ.