കണ്ണൂർ: വ്യാജ താമസരേഖ സമർപ്പിച്ച് പോണ്ടിച്ചേരിയിൽ വാഹന രജിസ്ട്രേഷൻ നടത്തി തട്ടിപ്പു നടത്തിയവരെക്കുറിച്ചുള്ള ഗതാഗത വകുപ്പിന്റെ അന്വേഷണം ശക്തമായി. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലായി നിരവധി ആഡംബര കാറുകളാണ് കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിൽ രജിസ്ട്രർ ചെയ്തിട്ടുള്ളത്. ഇതിനായി മാഹിയിലും പോണ്ടിച്ചേരിയിലും ഏജന്റമാരും പ്രവർത്തിച്ചു വന്നിരുന്നു. വടക്കേ മലബാറിൽ മാത്രം 150 ഓളം ആഡംബര വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്ട്രർ ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അതിനു പുറമേ മാഹി അതിർത്തി പങ്കിടുന്ന കണ്ണൂർ , കോഴിക്കോട് ജില്ലകളിൽ ഒട്ടേറെ ഇടത്തരം വാഹനങ്ങളും പോണ്ടിച്ചേരിയിൽ രജിസ്ട്രർ ചെയ്തിട്ടുണ്ട്. ഇങ്ങിനെ രജിസ്ട്രർ ചെയ്ത വാഹന ഉടമകൾക്ക് പോണ്ടിച്ചേരിയിൽ യഥാർത്ഥ താമസസ്ഥലമുണ്ടോ എന്നതടക്കമുള്ള പരിശോധന നടത്തിയാൽ മാത്രമേ കുററക്കാരെ കണ്ടെത്താനാകൂ.

അന്വേഷണത്തിന്റെ ആദ്യ പടിയെന്നോണം py രജിസ്ട്രേഷനിൽ ആരംഭിക്കുന്ന പോണ്ടിച്ചേരി വാഹനങ്ങളുടെ ഉടമകളുടെ മേൽ വിലാസങ്ങൾ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ ചിലർക്ക് പോണ്ടിച്ചേരിയിൽ ബിസിനസ്സും മറ്റും ഉള്ളതിനാൽ താമസസ്ഥലവുമുണ്ട്. എന്നാൽ ഭൂരിഭാഗം പേരും വാഹന രജിസ്ട്രേഷനു വേണ്ടി മാത്രമാണ് പോണ്ടിച്ചേരിയിൽ എത്തിയതെന്നും വ്യക്തമായിട്ടുണ്ട്. 20 ലക്ഷം രൂപക്ക് മുകളിലുള്ള ആഢംഭര വാഹനങ്ങളുടെ ഉടമകളാണ് പ്രധാനമായും പോണ്ടിച്ചേരിയിൽ രജിസ്ട്രർ ചെയ്തവർ. അടുത്തിടെ ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി എം. പി, ഫഹദ് ഫാസിൽ, അമല പോൾ, എന്നിവർ വാഹനങ്ങൾ രജിസ്ട്രർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതോടെയാണ് ഈ തട്ടിപ്പ് പുറത്തായത്. സമാനമായ തട്ടിപ്പ് വ്യാപകമായതോടെയാണ് അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്.

50 ലക്ഷം രൂപ വില വരുന്ന ഒരു കാർ പോണ്ടിച്ചേരിയിൽ രജിസ്ട്രർ ചെയ്യാൻ അവിടുത്തെ മോട്ടോർ വാഹന വകുപ്പിന് നൽകേണ്ട നികുതി കേവലം 3 ലക്ഷം രൂപ മാത്രമാണ്. അതേ സമയം അതേ വിലയുള്ള വാഹനം കേരളത്തിലാണ് രജിസ്ട്രർ ചെയ്യുന്നതെങ്കിൽ 10 ലക്ഷം രൂപയോളം നികുതി നൽകേണ്ടി വരും. ഈ അന്തരമാണ് പോണ്ടിച്ചേരിയിൽ രജിസ്ട്രർ ചെയ്യാൻ വാഹന ഉടമകളെ പ്രേരിപ്പിക്കുന്നത്. ഇന്നോവാ, സ്‌കോർപിയോ തുടങ്ങിയ ഇടത്തരം വാഹനങ്ങളും പോണ്ടിച്ചേരിയിൽ രജിസ്ട്രർ ചെയ്തതായി വിവരം പുറത്ത് വന്നിട്ടുണ്ട്. പോണ്ടിച്ചേരിയിൽ കഴിയുന്ന മലയാളികളുടെ ഒത്താശയോടെയാണ് ചിലർ ഇങ്ങിനെ രജിസ്ട്രർ ചെയ്ത് വാഹനം നാട്ടിൽ ഓടിക്കുന്നത്. ഇങ്ങിനെയുള്ള വാഹനങ്ങളെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്താനാണ് ഗതാഗത വകുപ്പിന്റെ നീക്കം.

പോണ്ടിച്ചേരി രജിസ്ട്രേഷന് പ്രധാനമായും വേണ്ടത് എൽ.ഐ. സി. പോളിസിയും താമസസ്ഥലം സംബന്ധിച്ച അഫിഡവിറ്റും ആധാറോ തിരിച്ചറിയൽ രേഖയോ ആണ്. അതിനാൽ പോണ്ടിച്ചേരിയിൽ താമസിക്കുന്ന ഏതെങ്കിലും വീട്ടുകാരുമായി ധാരണയായ ശേഷം താമസ രേഖ നൽകുകയാണ് പതിവ്. അതിനു വേണ്ടി വീട്ടുകാർക്ക് പണം നൽകാറും പതിവാണ്. കേരളത്തിലെ ഒരു ആഢംഭര വാഹന ഉടമ പോണ്ടിച്ചേരിയിലെ തെരുവിൽ താമസിക്കുന്നവർക്കൊപ്പം കഴിയുകയാണെന്ന രേഖ സംബന്ധിച്ച വിശദീകരണമൊന്നും അവിടുത്തെ ആർ.ടി.ഒ. മാരോ ജോയിന്റ് ആർ.ടി. ഒ മാരോ കർശന നിരീക്ഷണം നടത്താറില്ല. രേഖകൾ മാത്രമാണ് അവർക്ക് പ്രധാനം. മുൻ കാലങ്ങളിൽ മാഹിക്കാർക്ക് ഫാൻസി നമ്പർ ലഭിക്കാൻ പോണ്ടിച്ചേരിയിൽ പോയി സമ്പാദിക്കുന്ന പതിവും ഉണ്ടായിരുന്നു. കേരള ഗതാഗത വകുപ്പ് കർശന പരിശോധന ആരംഭിച്ചതോടെ പലരും രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.