തിരുവനന്തപുരം: പോണ്ടിച്ചേരിയിലെ വാഹനരജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ നടൻ ഫഹദ് ഫാസിലിന് മുൻകൂർ ജാമ്യം അനുവദിച്ചു. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി കർശന ഉപാധികളോടെയാണ് ഫഹദിന് ജാമ്യം അനുവദിച്ചത്.

ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു.അതേസമയം, പുതുച്ചേരിയിൽ ആഡംബര കാർ രജിസ്റ്റർ ചെയ്‌തെന്ന കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പുതുച്ചേരിയിൽ സ്വന്തമായി കൃഷിയിടമുണ്ടെന്നും വാടക വീട്ടിലെ മേൽവിലാസത്തിലാണ് കാർ രജിസ്റ്റർ ചെയ്തതെന്നും സുരേഷ് ഗോപി മൊഴി നൽകി.

ഫഹദ് ഫാസിൽ അഞ്ച് ദിവസത്തിനകം തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. ചോദ്യം ചെയ്യലിന് ശേഷം അടുത്ത ബന്ധുക്കളുടെ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്നും നിബന്ധനയിൽ പറയുന്നുണ്ട്.

ഇന്ത്യയ്ക്ക് പുറത്ത് പോകാൻ തിരുവനന്തപുരം സിജെഎം കോടതിയുടെ അനുമതി വേണം. 50,000 രൂപയുടെ ബോണ്ട് നൽകണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, എന്നിവയാണ് മറ്റ് ഉപാധികൾ.

പുതുച്ചേരിയിൽ കാർ രജിസ്ട്രേഷൻ നടത്തി നികുതിവെട്ടിച്ചു എന്നാണ് ഫഹദിനെതിരായ കേസ്. ഫഹദിന്റെ വാഹനരജിസ്ട്രേഷൻ രേഖകളിൽ പലതും വ്യാജമാണെന്ന് മോട്ടോർ വാഹനവകുപ്പ് നടത്തിയ അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. ഫഹദ് നൽകിയ വിലാസത്തിൽ മറ്റ് അഞ്ച് പേർ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

സമാനമായ കേസിൽ നടനും എംപിയുമായ സുരേഷ് ഗോപി, നടി അമലാ പോൾ എന്നിവരും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. മൂന്നാഴ്ചത്തേക്ക് കോടതി അറസ്റ്റ് തടഞ്ഞിട്ടുമുണ്ട്.

സുരേഷ് ഗോപിയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.2010ലും രാജ്യസഭാ എംപിയായ ശേഷവും വാങ്ങിയ രണ്ടു കാറുകൾ പുതുച്ചേരിയിലെ വ്യാജ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത് മുപ്പത് ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ നൽകിയ നിർേദശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്.

ഐജി: എസ്. ശ്രീജിത്തിന്റെയും എസ്‌പി: കെ.വി.സന്തോഷിന്റെയും നേതൃത്വത്തിൽ രണ്ടര മണിക്കൂറോളം സുരേഷ് ഗോപിയെ ചോദ്യം ചെയ്തു. നേരത്തെ, പരാതി ഉയർന്ന സമയത്ത് മോട്ടോർ വാഹനവകുപ്പിലും സുരേഷ് ഗോപി സമാനമൊഴിയും രേഖകളും ഹാജരാക്കിയിരുന്നു. 2010ലാണ് വാഹനം വാങ്ങിയതെങ്കിൽ ഹാജരാക്കിയത് 2014ലെ വാടക ചീട്ടായിരുന്നു.

ഇതടക്കമുള്ള പൊരുത്തക്കേടുകൾ കണ്ടതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതും വഞ്ചനാകുറ്റം അടക്കം ചുമത്തി കേസെടുത്തതും. അതിനാൽ നിലവിലെ മൊഴിയിലെയും രേഖകളിലെയും പൊരുത്തക്കേടുകൾ വിശദമായി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.കേസിൽ ഇതാദ്യമായാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്. 2010 ൽ 80 ലക്ഷം രൂപ വിലവരുന്ന ഓഡി ക്യു സെവൻ കാറും രാജ്യസഭാ എംപി ആയതിനു ശേഷം മറ്റൊരു ആഡംബര കാറും പുതുച്ചേരിയിലെ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തു എന്നതാണ് സുരേഷ് ഗോപിക്കെതിരായ ആരോപണം.

അമലാ പോൾ കഴിഞ്ഞ ദിവസമാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഡിസംബർ 19 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നെങ്കിലും അമല ഹാജരായിരുന്നില്ല. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.