തൃശൂർ: ആത്മഹത്യാശ്രമത്തിനിടെ ഗുരുതര പരുക്കേറ്റു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശിയായ പതിനഞ്ചുവയസുകാരിയായ പത്താംക്ലാസ് വിദ്യാർത്ഥിനി മരിച്ചു.

പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി ഡോക്ടർമാർ സ്ഥിരീകരിച്ചതിനെത്തുടർന്ന് പൊന്നാനി പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഞായറാഴ്ച രാത്രി അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച പെൺകുട്ടിയാണ് മരിച്ചത്. മെഡിക്കൽ കോളജിലെ ഫ്രീസർ തകരാറിലായതിനെത്തുടർന്ന് മൃതദേഹം ജില്ലാ ജനറൽ ആശുപത്രിലെത്തിച്ചാണ് ഇൻക്വസ്റ്റ് നടത്തിയത്.

കുട്ടിയെ പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എസ്.എസ്.എൽ.സി. പരീക്ഷയെഴുതുന്ന കുട്ടി പഠിക്കാതിരുന്നപ്പോൾ അമ്മ വഴക്കു പറഞ്ഞതിനെത്തുടർന്നു തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണു ബന്ധുക്കൾ അറിയിച്ചത്. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർ കുട്ടിയുടെ രഹസ്യഭാഗത്ത് പരുക്കു കണ്ടതിൽ സംശയം തോന്നി പൊലീസിൽ അറിയിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനെത്തുടർന്നാണ് ലോക്കൽ പൊലീസ് എത്തുന്നതിനു മുമ്പ് ബന്ധുക്കൾ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജിലേക്കെത്തിച്ചത്.

മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.കെ.ജെ. ജേക്കബ് ഉൾപ്പെടുന്ന സംഘം പ്രാഥമിക പരിശോധന നടത്തിയപ്പോഴേക്കും കുട്ടി അബോധാവസ്ഥയിലായിരുന്നു. അതേത്തുടർന്നാണ് കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. വടക്കാഞ്ചേരി മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ തന്നെ പീഡനം സ്ഥിരീകരിച്ചിരുന്നു.

ഗൾഫിലുള്ള പെൺകുട്ടിയുടെ പിതാവ് മരണവാർത്തയറിഞ്ഞ് ഹൃദയാഘാതമുണ്ടായി ചികിത്സയിലാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിരൂർ സർക്കിൾ ഇൻസ്പെക്ടർ ജോസഫ്, പൊന്നാനി എസ്.ഐ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം ജില്ലയിൽ നിന്നുള്ള ഫോറൻസിക് സംഘവും പരിശോധന നടത്തി.