നീന്തൽക്കുളം സ്വപ്‌നം കണ്ടുനടക്കുന്നവർ ഡേവിഡ് പാഗൻ എന്ന സിനിമാ സംവിധായകന്റെ ശ്രമം കാണുക. പരിസ്ഥിതിക്ക് ഇണങ്ങുന്ന, പ്രകൃതി ദത്തമായ നീന്തൽക്കുളമാണ് പാഗൻ നിർമ്മിച്ചത്. നോർഫോക്കിലെ സാക്‌സ്‌തോർപ്പിലെ വീടിന്റെ പിന്നിലായാണ് പാഗൻ ഈ നീന്തൽക്കുളം നിർമ്മിച്ചത്.

അക്വേറിയങ്ങളിൽ ഉപയോഗിക്കുന്ന പമ്പുപയോഗിച്ച് വെള്ളം സർക്കുലേറ്റ് ചെയ്താണ് പാഗൻ നീന്തൽക്കുളത്തിലെ വെള്ളം ശുചിയായി സൂക്ഷിക്കുന്നത്. ഇതിലൂടെ ചെടിപ്പടർപ്പുകൾക്കിടയിലൂടെയും മണൽത്തിട്ടകളിലൂടെയും ഒഴുകുന്ന വെള്ളം ശുദ്ധീകരിക്കപ്പെടുന്നു. ഡ്രെയിനേജ് പൈപ്പുകളിലൂടെ മോശം വെള്ളം പുറത്തേയ്ക്ക് പോവുകയും ചെയ്യും.

ക്ലോറിനോ മറ്റ് രാസവസ്തുക്കളോ ഉപയോഗിക്കാതെ തന്നെ ശുദ്ധജലം ലഭ്യമാക്കാനാകുന്നു എന്നതാണ് ഈ രീതികൊണ്ടുള്ള പ്രയോജനം. ഒരു സ്വിമ്മിങ് പൂളിലെ വെള്ളം ശുദ്ധിയാക്കാൻ ഉപയോഗിക്കുന്ന പമ്പിനെക്കാൾ പത്തിലൊന്ന് വൈദ്യുതിയേ പാഗന്റെ നീന്തൽക്കുളത്തിലെ പമ്പ് ഉപയോഗിക്കുന്നുള്ളൂ. വെറും 30 വാട്ടിൽ പ്രവർത്തിക്കുന്നതാണ് ഈ പമ്പ്.

അധികം പണച്ചെലവില്ലാതെ നിർമ്മിച്ച ഈ നീന്തൽക്കുളം നിലനിർത്താൻ മറ്റു ചെലവുകളൊന്നുമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നീന്തൽക്കുളം നിർമ്മിച്ചതിന്റെയും അതിലെ ശുദ്ധീകരണ പ്രക്രീയകളുടെയും വീഡിയോ നിർമ്മിച്ച് മറ്റുള്ളവരെക്കൂടി ബോധവൽക്കരിക്കാനുള്ള ശ്രമത്തിലാണ് പാഗൻ ഇപ്പോൾ.

യു ട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ ഇതിനകം 50 ലക്ഷത്തോളം പേരെങ്കിലും കണ്ടുകഴിഞ്ഞു. പാഗന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇതിനകം ഒട്ടേറെ നീന്തൽക്കുളങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു. അമേരിക്ക, ബ്രസീൽ, മംഗോളിയ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ പാഗൻ ശൈലിയിലുള്ള നീന്തൽക്കുളങ്ങൾ ഇതിനകം പ്രചാരം നേടിക്കഴിഞ്ഞു.