കോതമംഗലം: ഏഴു വയസുകാരനായ പേരക്കുട്ടിയ്‌ക്കൊപ്പം അന്തിയുറങ്ങുന്നത് ഇഴ ജന്തുക്കൾ വിഹരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഷെഡിൽ. പെരിയാർ വറ്റിയതോടെ ജീവിത മാർഗ്ഗവും നഷ്ടമായി. രോഗങ്ങൾ അലട്ടുന്നതിനാൽ കൂലിപ്പണിക്ക് പോകാനും കഴിയുന്നില്ല. ദൈനംദിന ചെലവ്ക്കുള്ള പണം കണ്ടെത്തുന്നതിന് അനുഭവിക്കുന്നത് പെടാപ്പാട്. അധികൃതരുടെ അവഗണന തുടരുന്നത് ദുഃഖകരം. ഭാവി ജീവിതം സുരക്ഷിതമാക്കാൻ ഭരണതലത്തിലുള്ളവർ കനിയണം.

ദുരിത പൂർണ്ണമായ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും വരാനിരിക്കുന്ന നാളുകളിലെ ആകുലതകളെക്കുറിച്ചും കീരംപാറ പാലമറ്റം മേറ്റിത്തിട്ട വാസു-കാർത്ത്യായനി ദമ്പതികളുടെ വാക്കുകൾ ഇങ്ങിനെ. താമസിച്ചിരുന്ന വീടും ഇതുവരെ ഉള്ള സമ്പാദ്യത്തിൽ സംഭരിച്ച സാധന- സാമഗ്രികളും മുഴുവനായും അടുത്തിടെ ഉണ്ടായ പ്രളയത്തിൽ നഷ്ട്ടമായി.

ഇപ്പോൾ നിത്യവൃത്തിക്കുപോലും ഗതിയില്ലാത്ത അവസ്ഥയിൽ തകർന്ന വീടിന് സമീപം തല്ലിക്കൂട്ടിയ ഷെഡിലാണ് കഴിയുന്നത്. മീൻപിടുത്തമായിരുന്നു കുടുംബത്തിന്റെ വരുമാനം. പെരിയാർ അടുത്തായതിനാൽ സുലഭമായി മത്സ്യം ലഭിക്കുകയും ചെയ്തിരുന്നു. വള്ളവും വലയുമെല്ലാം പ്രളയത്തിൽ നശിച്ചിരുന്നു. ഇപ്പോൾ പെരിയാറിൽ ജലവിതാനം ക്രമാതീതമായി താഴുന്നിരിക്കുകയുമാണ്.

ഇതുമൂലം മാസങ്ങാളായി മീൻപിടുത്തം മുടങ്ങിയിരിക്കുകയാണ്. നിത്യവൃത്തിക്കു പോലും വകയില്ലാത്ത അവസ്ഥയിലാണ് തങ്ങളുടെ ഇപ്പോഴത്തെ ജീവിതമെന്നും രോഗബാധ മൂലം കഷ്ടപ്പെടുകയാണെന്നും വാസു വ്യക്തമാക്കി. 40വർഷത്തിലേറെയായി വാസുവും കുടുംബവും പാലമറ്റത്ത് പെരിയാർ തീരത്താണ് താമസിച്ചിരുന്നത്. പഞ്ചായത്തിൽ നിന്നും വീട്ട് നമ്പർ നൽകിയിരുന്ന കെട്ടിടത്തിന് അടുത്തിടെ വരെ വില്ലേജിൽ കരമൊടുക്കുകയും ചെയ്തിരുന്നു.

പ്രളയത്തിൽ വീട് തകർന്നപ്പോൾ ഉദ്യോഗസ്ഥ സംഘം എത്തി പരിശോധിച്ചെന്നും പട്ടയം ഇല്ലാത്ത ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി നാളിതുവരെയായിട്ടും പഞ്ചായത്തിൽ നിന്നോ മറ്റ് സർക്കാർ സംവിധാനങ്ങളിൽ നിന്നോ വീട് നിർമ്മിക്കാൻ സാമ്പത്തീക സഹായം നൽകിയില്ലെന്നും വാസു പറഞ്ഞു.

സമീപത്ത് താമസിച്ചിരുന്ന പലർക്കും സന്നദ്ധ സംഘടനകളിൽ നിന്നും ജനകീയകൂട്ടായ്മകളിൽ നിന്നും മറ്റും വീടിന് സഹായം ലഭിച്ചു. എന്നാൽ ഈ കുടുംബത്തിന്റെ ദുരവസ്ഥക്ക് മാത്രം ഇനിയും പരിഹാരമായിട്ടില്ല. പാലമറ്റം പുഴയിൽ നിന്നും മീൻ പിടിച്ചു വരുമാനം കണ്ടെത്തുന്ന അവിവാഹിതനായ മകനാണ് ഏക ആശ്രയം. നാടുവിട്ട മൂത്ത മകന്റെ ഭാര്യ മരണമടഞ്ഞിരുന്നു. ഇവരുടെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ മകനെ വളർത്തുന്നതും ഈ വൃദ്ധ ദമ്പതികൾ ആണ്.

നേരാംവണ്ണം ഒരു നേരത്തെ ആഹാരത്തിനു പോലും വഴിയില്ലെന്നുള്ളതാണ് തങ്ങയുടെ ഇപ്പോഴത്തെ അവസ്ഥയെന്നും ഇവർ പരിതപിക്കുന്നു .  തുരുമ്പെടുത്ത തകരപ്പാട്ട കഷണങ്ങൾ കൊണ്ട് വശങ്ങൾ മറച്ചു കെട്ടിയുണ്ടാക്കിയ ചെറിയൊരു കൂരയിലാണ് കുടുംബം കഴിഞ്ഞു വരുന്നത്. ബന്ധപ്പെട്ട അധികൃതർ മനസ്സുവച്ചാൽ തന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ പരിഹാരിക്കാനാവുമെന്നും ഇക്കാര്യത്തിൽ ഭരണ പക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾ ഇടപെടണമെന്നുമാണ് വാസുവും കുടുംബവും ആവശ്യപ്പെടുന്നത്.