- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസും എക്സൈസും ഞെട്ടലിൽ; അക്ഷയ് മോഹനും പീറ്റർ ഷാനും തലസ്ഥാനത്തെ ലഹരി മരുന്നു മാഫിയയെ നിയന്ത്രിക്കുന്നവർ; അന്തർസംസ്ഥാന മയക്കുമരുന്നു സംഘങ്ങളുമായി ബന്ധമെന്നും സംശയം
തിരുവനന്തപുരം: കൊച്ചിയിലെ ലഹരിപാർട്ടി, മോഡലുകളുടെ അപകടമരണം എന്നിവയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ തിരുവനന്തപുരത്ത് ലഹരിപ്പാർട്ടി നടന്നത് എക്സൈസിനെയും പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. ബംഗളുരുവിൽനിന്നാണു ലഹരിപ്പാർട്ടിയെക്കുറിച്ചു എക്സൈസിന് വിവരം ലഭിച്ചത്. പൂവാർ ഐലൻഡിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പിടിയിലായ ആര്യനാട് സ്വദേശി അക്ഷയ് മോഹനും കണ്ണാന്തുറ സ്വദേശി പീറ്റർ ഷാനും സ്ഥിരമായി ഡി.ജെ പാർട്ടിയുടെ സംഘടകരാണെന്നാണു വിവരം. ഇരുവർക്കും അന്തർസംസ്ഥാന മയക്കുമരുന്നു സംഘങ്ങളുമായി ബന്ധമുണ്ടെന്നും സംശയം. തലസ്ഥാനത്തെ ലഹരിമരുന്ന് മാഫിയയെ നിയന്ത്രിച്ചിരുന്നത് ഇവരാണെന്നും സൂചനയുണ്ട്. അക്ഷയ്മോഹന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസമായി വാട്സാപ്പിലൂടെയാണ് ലഹരിപാർട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചിരുന്നത്. ചൂതാട്ടവും പെൺവാണിഭവും ഉണ്ടായിരുന്നെന്നും പൊലീസിനു സൂചന ലഭിച്ചു.
ശനിയാഴ്ച രാത്രി ഏഴു മണിക്ക് തുടങ്ങിയ പാർട്ടിയിൽ വിവിധ ജില്ലകളിൽനിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും സ്ത്രീകളടക്കം നൂറോളംപേർ പങ്കെടുത്തിരുന്നുവെന്നാണ് വിവരമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
റിസോർട്ടിൽനിന്ന് പാർട്ടിക്ക് ഉപയോഗിച്ച് ബാക്കി വന്നതെന്ന് കരുതുന്ന മാരക ലഹരി വസ്തുക്കളായ എം.ഡി.എം, ഗുളികകൾ, ഹഷീഷ്, എൽ.എസ്. ഡി സ്റ്റാമ്പ് , കഞ്ചാവ് എന്നിവ കണ്ടെടുത്തു. പൂവാറിൽ റേവ് പാർട്ടി നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സിഐ: അനിലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ ലഹരി പാർട്ടി അവസാനിച്ച് ആളുകൾ മിക്കവരും സ്ഥലം വിട്ടിരുന്നു. ഒരു സ്ത്രീ അടക്കം 20 പേരാണ് സ്ഥലത്തുണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ