' മുസ്ലീം ഭീകരവാദം' എന്ന പ്രയോഗം ഇന്ന് ലോകമാകമാനം പടരുകയാണല്ലോ. എന്നാൽ ഇത്തരത്തിൽ ഒന്നില്ലെന്നും ഒരു മതത്തിന്റെ പേരിലും ഭീകരവാദികൾ ഇല്ലെന്നും വ്യക്തമാക്കി പോപ്പ് ഫ്രാൻസിസ് രംഗത്തെത്തി. എല്ലാ സമൂഹത്തിലും തെറ്റുകാരായ വ്യക്തികളുണ്ടെന്നും അവരെ സമുദായ ലേബലിൽ കെട്ടിയാൽ അവർ കരുത്തരാവുകയേയുള്ളൂവെന്നും പോപ്പ് മുന്നറിയിപ്പേകുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുസ്ലിം വിരോധ നിലപാടിനോട് വിയോജിച്ച് കൊണ്ടാണ് തന്റെ അഭിപ്രായം പോപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ കുടിയേറ്റ നയം മാറ്റി മറിക്കാൻ കച്ച കെട്ടിയിറങ്ങിയ ട്രംപിന്റെ നിലപാടിനെതിരെ കത്തോലിക്കാ പുരോഹിതരും ആക്ടിവിസ്റ്റുകളും കാലിഫോർണിയയിൽ രൂപം കൊടുത്തിരിക്കുന്ന രാഷ്ട്രീയ നീക്കത്തിനെ സ്വാഗതം ചെയ്തുകൊണ്ടയച്ചിരിക്കുന്ന കത്തിലാണ് പോപ്പ് തന്റെ നിർണായകമായ നിലപാട് വെളിപ്പെടുത്തിയിരിക്കുന്നത്.

ക്രിസ്ത്യൻ തീവ്രവാദമോ യഹൂദ തീവ്രവാദമോ, മുസ്ലിം തീവ്രവാദമോ നിലനിൽക്കുന്നില്ലെന്നാണ് മാർപ്പാപ്പ ആവർത്തിക്കുന്നത്. മോഡെസ്റ്റോയിൽ ഈ കൂട്ടായ്മ സംഘടിപ്പിക്കുന്ന കോൺഫറൻസിനെ സ്വാഗതം ചെയ്തുകൊണ്ടാണ് പോപ്പ് ഈ കത്തയച്ചിരിക്കുന്നത്. ആക്രമണോത്സുകരായ ആളുകൾ എല്ലാ സമൂഹങ്ങളിലും മതങ്ങളിലുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇവരെ പ്രത്യേക മതത്തിനൊപ്പം കൂട്ടിക്കെട്ടിയാൽ അവർ ശക്തരാകുമെന്ന ആപത്താണ് കാത്തിരിക്കുന്നതെന്നും പോപ്പ് മുന്നറിയിപ്പേകുന്നു. പ്രത്യേകിച്ച് ആരെയും കുറ്റപ്പെടുത്താത്ത വിധത്തിലുള്ള പരാമർശമാണ് പോപ്പ് നടത്തിയിരിക്കുന്നതെങ്കിലും ഇത് പ്രസിഡന്റ് ട്രംപിനെ ഉദ്ദേശിച്ച് കൊണ്ടുള്ളതാണെന്നത് വ്യക്തമാണ്.

കാലാവസ്ഥാ മാറ്റത്തെ കണ്ടില്ലെന്ന് നടിക്കുന്നത് അപകടമാണെന്നും ഇപ്പോൾ തന്നെ അതിനെതിരെ പ്രവർത്തിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മാർപ്പാപ്പ നിർദ്ദേശിക്കുന്നു. 600 കത്തോലിക്കാ പുരോഹിതരും സോഷ്യൽ ജസ്റ്റിസ് ആക്ടിവിസ്റ്റുകളുമാണ് ഈ കൂട്ടായ്മയിൽ പങ്കെടുത്തിരിക്കുന്നത്. വംശീയതയെ പറ്റി ചർച്ച ചെയ്യാനായി ഒരു പ്രത്യേക സെഷൻ തന്നെ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. റോമൻ കത്തോലിക്ക് ചർച്ച് അടക്കമുള്ള ഓരോ മത സ്ഥാപനങ്ങളും നേതാക്കളും തങ്ങളുടേതായ വംശീയതയെ എതിർത്ത് തോൽപിക്കണമെന്നും ഇതിൽ പങ്കെടുത്ത് സംസാരിച്ചവർ ആഹ്വാനം ചെയ്തിരുന്നു.