റോം: വിവാഹിതരായവർക്കും പുരോഹിതരാകുന്നതിനോട് തനിക്ക് വിയോജിപ്പില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. ജർമൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കത്തോലിക്കാ സഭയിൽ ആവശ്യത്തിന് പുരോഹിതരില്ലാത്തതാണ് ഇങ്ങനെയൊരു ആലോചനയിലേക്ക് മാർപാപ്പയെ നയിച്ചത്.

''സഭയിൽ പുരോഹിതരില്ലാത്തത് ഗുരുതരമായ പ്രശ്നമാണ്, അതിനാൽ വിവാഹിതരെയും പുരോഹിതരാക്കാമോയെന്ന സാധ്യത പരിശോധിക്കും'' -മാർപാപ്പ പറഞ്ഞു. അത് നടപ്പായാൽ അവർക്ക് നിർവഹിക്കാൻ കഴിയുന്ന പ്രവൃത്തികൾ ഏതാണെന്നത് നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇപ്പോൾ പുരോഹിതരായിരിക്കുന്നവർക്ക് വിവാഹം കഴിക്കുന്നതിന് അനുമതിയുണ്ടാവില്ല. നിലവിൽ കത്തോലിക്കാ സഭയിൽ വിവാഹിതർക്ക് പ്രത്യേക അനുമതിയോടെ മതപരമായ ചടങ്ങുകൾ നടത്താം.

ക്രിസ്തുവിനെപ്പോലെ പുരോഹിതരും ബ്രഹ്മചാരികളാകണമെന്ന ബൈബിൾ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് വിവാഹം വിലക്കിയിരുന്നതെന്നാണ് കത്തോലിക്കാ സഭയുടെ നിലപാട്. എന്നാൽ, ഇക്കാര്യത്തിൽ മുൻഗാമികളായ ജോൺപോൾ രണ്ടാമനും ബെനഡിക്ട് പതിനാറാമനും വിരുദ്ധമായ നിലപാടാണ് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചിരിക്കുന്നത്.