ടൊറന്റോ: മനുഷ്യവംശത്തിന്റെ പാപഭാരം മുഴുവൻ ഏറ്റെടുത്ത് കുരിശിലേറിയ കർത്താവിന്റെ യഥാർത്ഥ അനുയായിയാണ് താനെന്ന് തെളിയിക്കുകയാണ് പോപ്പ്ഫ്രാൻസിസ്. മുൻകാലങ്ങളിൽ സഭ ചെയ്തുകൂട്ടിയ പാപങ്ങളെല്ലാം സ്വയം ഏറ്റെടുത്ത് ഇരകളുടെ പിൻ തലമുറക്കാരോട് മാപ്പപേക്ഷിച്ച് ലോകം ചുറ്റുകയാണ് മനുഷ്യസ്നേഹിയായ മാർപ്പാപ്പ. പശ്ചാത്താപത്തിന്റെ തീർത്ഥാടനം എന്ന് വിശേഷിപ്പിക്കുന്ന ഈ യാത്രയുടെ ഭാഗമായി കാനഡയിൽ എത്തിയ പോപ്പ് ഇന്നെലെ മിഷിണറിമാർ നടത്തിയിരുന്ന റെസിഡെൻഷ്യൽ സ്‌കൂളുകളിൽ നടന്ന പീഡനത്തിൽ ഖേദം പ്രകടിപ്പിച്ചു.

കഴിഞ്ഞ വർഷം ഇത്തരത്തിൽ ഒരു റെസിഡെൻഷ്യൻ സ്‌കൂൾ ആയിരുന്ന സ്ഥലത്തുനിന്നും കണ്ടെടുത്തത് 200 വിദ്യാർത്ഥികളുടെ അസ്ഥികൂടങ്ങളായിരുന്നു എന്നതോർക്കണം. ഈ പീഡനത്തിന്റെ ഇരയായിട്ടും ജീവൻ പോകാതെ രക്ഷപ്പെട്ട ഒരു വ്യക്തിയുടെ കൈയിൽ ചുംബിച്ചുകൊണ്ടായിരുന്നു പോപ്പ് മാപ്പ് അപേക്ഷിച്ചത്. എഡ്മോണ്ടോണിലെ ആൽബെർട്ട വിമാനത്താവളത്തിലെത്തിയ പോപ്പിനെ സ്വീകരിക്കാൻ തദ്ദേശ വാസികളുടെ പ്രതിനിധികളും എത്തിയിരുന്നു.

അവർക്കൊപ്പം കാനഡ പ്രധാനമന്ത്രി ജസ്റ്റിൽ ട്രുഡേവും, കാനഡയുടെ ആദ്യത്തെ തദ്ദേശീയ ഗവർണർ ആയ മേരി സൈമണും വിമാനത്താവളത്തിൽ എത്തിയിരുന്നു. ലോകമാകെ നിർബന്ധിത മതപരിവർത്തനത്തിന്റെ ഭാഗമായി കത്തോലിക്ക സഭ നടത്തിയ ക്രൂൂരതകളിൽ പശ്ചാത്തപിച്ചുകൊണ്ടുള്ള തീർത്ഥയാത്ര കാനഡയിൽ എത്തിയപ്പോൾ സമ്മിശ്ര വികാരങ്ങളുമായിട്ടായിരുന്നു ജനങ്ങൾ പ്രതികരിച്ചത്. ഇത്തരം കൂരതകൾക്ക് ഇരയായവരും, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുമൊക്കെ മാർപ്പാപ്പയുടേ മാപ്പപേക്ഷ കൈക്കൊള്ളാൻ എത്തിയിരുന്നു.

19-ാം നൂറ്റാണ്ട് മുതൽ 1970 വരെ, സർക്കാർ ധനസഹായത്തോടെ പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ സ്‌കൂളുകളിൽ ലൈംഗിക പീഡനം വ്യാപകമായിരുന്നു എന്ന് കനേഡിയൻ സർക്കാരും മുൻപ് സമ്മതിച്ചിരുന്നു. തനത് സംസ്‌കാരത്തിൽ നിന്നും മാറ്റി നിർത്താൻ ഏകദേശം ഒന്നര ലക്ഷത്തിലധികം കുട്ടികളേയായിരുന്നു അവരുടെ കുടുംബങ്ങളിൽ നിന്നും പറിച്ചെടുത്ത് മാറ്റി താമസിപ്പിച്ചിരുന്നത്. തനത് ഭാഷയും സംസ്‌കാരവും അവരിൽ അന്യമാക്കി കനേഡിയൻ ക്രിസ്ത്യൻ സമൂഹത്തിൽ ലയിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം.

എന്നാൽ, കേവലം വാക്കുകളിൽ ഒതുങ്ങുന്ന മാപ്പിനുമപ്പുറം വേറെ പലതും തദ്ദേശീയ സമൂഹം ആവശ്യപ്പെടുന്നു. റെസിഡെൻഷ്യൽ സ്‌കൂളുകളിലെത്തിയതിനു ശേഷം ഒരിക്കലും മടങ്ങി വരാത്ത തങ്ങളുടേ കുട്ടികൾക്ക് എന്തു സംഭവിച്ചു എന്നറിയുന്നായി റെസിഡെൻഷ്യൽ സ്‌കൂൾ രേഖകളും, സഭയുടെ ശേഖരത്തിലുള്ള രേഖകളും പരിശോധിക്കുവാനുള്ള അനുവാദവും അവർ ആവശ്യപ്പെടുന്നുണ്ട്. അതുപോലെ പീഡന ഇർകൾക്ക് നീതി ലഭിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

മുട്ടു വേദനയുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രശ്നമുള്ള പോപ്പ് ഒരു ആംബ്യുലിഫ്റ്റിൽ ആയിരുന്നു വിമാനത്തിൽ നിന്നും ഇറങ്ങിയത്. തുടർന്ന് ഒരു വീൽചെയറിലായിരുന്നു സ്വീകരിക്കാൻ കാത്തുനിന്നവർക്ക് അടുത്തെത്തിയത്. ലളിതമെങ്കിലും, ഊഷ്മളമായിരുന്നു സ്വീകരണ ചടങ്ങുകൾ. നിശബ്ദതയെ മുറിച്ചുകൊണ്ട് നാടൻ താളം ഉയർന്നു. അവിടെ വച്ചായിരുന്നു സ്‌കൂളിലെ ക്രൂരതകളിൽ നിന്നും രക്ഷപ്പെട്ട പ്രായമേറിയ ആൽമ ഡെസ്ജാർലൈസിന്റെ കൈയിൽ മുത്തി പോപ്പ് മാപ്പപേക്ഷിച്ചത്.

ഞായറാഴ്‌ച്ച പോപ്പിന് പ്രത്യേകിച്ച് പരിപാടികൾ ഒന്നും ഇല്ലായിരുന്നു. ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം അദ്ദേഹം ഇന്ന് പഴയ പീഡനനങ്ങളിലെ ജീവിച്ചിരിക്കുന്ന ഇരകളുമായി കൂടിക്കാഴ്‌ച്ച നടത്തും. ഇരുന്നൂറോളം വിദ്യാർത്ഥികളുടേ അസ്ഥികൂടം കണ്ടെത്തിയ പഴയ റെസിഡെൻഷ്യൽ സ്‌കൂളിനടുത്താണ് ഈ കൂടിക്കാഴ്‌ച്ച നടക്കുക. ആ അസ്ഥികൂടങ്ങൾ പിന്നീട് അടക്കിയ സെമിത്തേരിയിൽ എത്തി പോപ്പ് പ്രാർത്ഥനകൾ നടത്തുമെന്നും മാപ്പപേക്ഷ നടത്തുമെന്നും പ്രതീക്ഷിക്കുന്നു.