വത്തിക്കാൻ സിറ്റി: പതിനായരിക്കണക്കിന് വിശ്വാസികളെ സാക്ഷി നിർത്തി വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ ലൂയി മാർട്ടിനും മേരി സെലി മാർട്ടിൻ ഗ്വെരിനും ഇനി വിശുദ്ധരായി മാർപ്പാപ്പ പ്രഖ്യാപിച്ചു. ദമ്പതികളെ ഒരേ ചടങ്ങിൽ വിശുദ്ധരായി പ്രഖ്യാപിക്കുന്നത് കത്തോലിക്കാ സഭാ ചരിത്രത്തിൽ ഇതാദ്യമാണ്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തിങ്ങിനിറഞ്ഞ 65,000 ൽ അധികം പേരെ സാക്ഷി നിർത്തിയായിരുന്നു ചടങ്ങുകൾ.

കുടുംബത്തെക്കുറിച്ചുള്ള റോമൻ സിനഡിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ കർദിനാൾമാരുടെയും മെത്രാന്മാരുടെയും സാന്നിധ്യത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ഇരുവരേയും വിശുദ്ധരാക്കിയത്. കുടുംബത്തിന്റെ മാഹാത്മ്യത്തെയും വിശുദ്ധിയെയും ഓർമിപ്പിച്ചായിരുന്നു പ്രഖ്യാപനം. ആധ്യാത്മിക മൂല്യങ്ങൾ പകർന്നു നൽകി മക്കളെ വളർത്തുന്നതിൽ മാതാപിതാക്കൾക്കു വലിയ കടമയുണ്ടെന്ന് മാർപാപ്പ പറഞ്ഞു.വടക്കൻ ഇറ്റലിയിൽ പാവങ്ങൾക്കായി ജീവിച്ചു മരിച്ച വൈദികനായ വിൻസെൻസോ ഗ്രോസി, ഇരുപതാം നൂറ്റാണ്ടിൽ സ്‌പെയിനിൽ കന്യാസ്ത്രീയായി സേവനമനുഷ്ഠിച്ച മാരാ ഇസബെൽ സാൽവത്ത് റൊമേറോ എന്നിവരെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.

കുടുംബത്തിന്റെ ആത്മീയതയ്ക്കുവേണ്ടി നിലകൊണ്ടവരാണു ലൂയി മാർട്ടിനും സെലിയും. കൊച്ചു ത്രേസ്യയുടെ അച്ഛനായ ലൂയി മാർട്ടിൻ വാച്ച് നിർമ്മാതാവായിരുന്നു. വൈദികനാകാൻ വളരെ ആഗ്രഹിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് ലത്തീൻ ഭാഷ അറിയാത്തതിനാൽ അതിനു കഴിഞ്ഞില്ല. തൂവാല (ലൈസ്) നിർമ്മാണം ആയിരുന്നു സെലിയുടെ മുഖ്യ വരുമാന മാർഗം. സെലി മാർട്ടിന് രോഗികളെ പരിചരിക്കാൻ താത്പര്യം ആയിരുന്നു. ഇവർ ഇരുവരും കൊച്ചുത്രേസ്യയുടെ ജീവിതത്തെ വളരെ സ്വാധീനിച്ചു. ഇരുവരോടും മാദ്ധ്യസ്ഥം പ്രാർത്ഥിച്ച് അദ്ഭുതകരമായി രോഗശാന്തി നേടിയ പതിമൂന്നുകാരനായ ഇറ്റാലിയൻ ആൺകുട്ടിയും സ്‌പെയനിൽനിന്നുള്ള ഒരു പെൺകുട്ടിയും നാമകരണച്ചടങ്ങിൽ പങ്കെടുക്കാൻ എത്തി.

ചെറുപുഷ്പം എന്ന പേരിലാണ് വിശുദ്ധ കൊച്ചുത്രേസ്യ അറിയപ്പെടുന്നത്. 15-ാം വയസ്സിൽ രണ്ടു സഹോദരിമാർക്കൊപ്പം ഫ്രാൻസിലെ കർമലീത്താ സന്യാസിനി സഭാംഗമായി ചേർന്നു. വളരെ കുറച്ചുകാലമേ സന്യാസിനിയായി ജീവിക്കാൻ സാധിച്ചുള്ളൂ.ഇരുപത്തിനാലാം വയസ്സിൽ ക്ഷയരോഗം ബാധിച്ച് മരിച്ചു. 'ഒരു ആത്മാവിന്റെ കഥ' എന്ന കൊച്ചുത്രേസ്യയുടെ ആത്മകഥ ആദ്ധ്യാത്മികസാഹിത്യത്തിലെ ആധുനികക്ലാസ്സിക് എന്നാണ് അറിയപ്പെടുന്നത്. ലൂയി മാർട്ടിന്റെയും മേരി സെലി മാർട്ടിന്റെയും അഞ്ചുമക്കളിൽ ഏറ്റവും ഇളയവളായിരുന്നു കൊച്ചുത്രേസ്യ.

ആ ദമ്പതികൾക്ക് ഒൻപതു മക്കൾ പിറന്നിരുന്നെങ്കിലും രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും കുട്ടിയായിരിക്കേ മരിച്ചു. ജീവിച്ചിരുന്ന അഞ്ചു പെൺകുട്ടികളും കന്യാസ്ത്രീമാരായി. കൊച്ചുത്രേസ്യയ്ക്ക് നാലു വയസ്സുള്ളപ്പോൾ അമ്മ സെലി മരിച്ചു.