വാർസോ: പോളണ്ട് സന്ദർശനത്തിനെത്തിയ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കാൻ എത്തിയപ്പോൾ വേദിയിൽ അടിതെറ്റി വീണു. ദക്ഷിണ പോളണ്ടിലെ ബ്ലാക്ക് മഡോണ ദേവായത്തിലാണു സംഭവം.

കുർബാന അർപ്പിക്കാനായി വേദിയിലേക്കുവരവെ ഫ്രാൻസിസ് മാർപാപ്പ കാൽ തെറ്റിവീഴുകയായിരുന്നു. സഹകാർമികർക്കൊപ്പമാണ് എഴുപത്തിയൊൻപതുകാരനായ മാർപാപ്പ വേദിയിലേക്കു വന്നത്.

എന്നാൽ, കാൽവഴുതി വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വൈദികർ ചേർന്ന് ഉടൻ തന്നെ അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു. തുടർന്നു ബലിവേദിയിലെത്തി ദിവ്യബലിയർപ്പിച്ച മാർപാപ്പ, അവിടെ തടിച്ചുകൂടിയിരുന്ന ആയിരക്കണക്കിന് വിശ്വാസികൾക്കു വചനസന്ദേശവും നൽകിയാണു മടങ്ങിയത്. വീഴ്ചയിൽ അദ്ദേഹത്തിന് പരിക്കുകളൊന്നും പറ്റിയില്ലെന്ന് അധികൃതർ അറിയിച്ചു.

പോളണ്ട് സന്ദർശനത്തിനായി ബുധനാഴ്ചയാണ് മാർപാപ്പയെത്തിയത്. വിവിധ ആത്മീയ, സാംസ്‌കാരിക കേന്ദ്രങ്ങൾ സന്ദർശിക്കുന്ന മാർപാപ്പ, ഞായറാഴ്ച വത്തിക്കാനിലേക്കു മടങ്ങും.