വത്തിക്കാൻ സിറ്റി:സ്ത്രീകൾക്ക് പുരോഹിതപദവി നൽകുന്നത് കത്തോലിക്ക സഭയുടെ വിശ്വാസത്തിന് എതിരായത കൊണ്ട് വനിതകൾ ഡീക്കൻ പദവി നല്കിയാലോ എന്നാലോചനയിലാണ് ഫ്രാൻസിസ് മാർപാപ്പ. ഇതിന്റെ പഠനത്തിനായി കമ്മിഷനെ നിയോഗിക്കാൻ താൻ ഒരുക്കമാണെന്നു ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി കഴിഞ്ഞു.

നിലവിൽ പുരുഷന്മാർക്കായി നീക്കിവച്ചിരിക്കുന്ന ഈ പദവിയിൽ സ്ത്രീകളെയും നിയോഗിക്കാനാകുമോ എന്നാണു പരിശോധിക്കുന്നത്. 900 പേർ വരുന്ന കന്യാസ്ത്രീ സമൂഹവുമായി നടത്തിയ ചർച്ചയിലാണു കമ്മിഷനെ വയ്ക്കണമെന്ന നിർദ്ദേശം മാർപാപ്പ അംഗീകരിച്ചത്.

ഡീക്കന്മാർ പുരോഹിതരല്ല. കുർബാന അർപ്പിക്കുന്നത് ഒഴികെ വൈദികർ ചെയ്യുന്ന പല കർമങ്ങളും ഡീക്കന്മാർക്കും നിർവഹിക്കാം. നിലവിൽ കത്തോലിക്കാ സഭയിലെ പുരുഷന്മാരായ ഡീക്കന്മാർക്ക് വചനം പ്രഘോഷിക്കാനാകുനും മാമ്മോദീസ്സ നൽകുവാനും വിവാഹം, മരണം എന്നീ കർമ്മങ്ങൾ ചെയ്യുവാൻ അധികാരമുണ്ടെങ്കിലും കുമ്പസാരിപ്പിക്കുകയോ വി.കുർബ്ബാനയർപ്പിക്കുകയോ ചെയ്യുവാൻ അധികാരമില്ല.

കത്തോലിക്കാ സഭയിൽ വിവാഹിതരായവർക്കും ഡീക്കൻ പദവി വരെയെത്താം. വിവാഹിതർക്കു പക്ഷേ, വൈദികപട്ടം നൽകില്ല. സ്ത്രീകൾക്കും വൈദികപട്ടം സാധ്യമല്ല. എന്നാൽ സഭയുടെ ആരംഭത്തിൽ സ്ത്രീകളെ ഡീക്കന്മാരാകാൻ അനുവദിച്ചിരുന്നുവെന്നു ചരിത്രകാരന്മാർ പറയുന്നു.