കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധ പ്രകടനത്തിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇനിയും പൊലീസിന് കണ്ടെത്താനായില്ല. എറണാകുളം തോപ്പുംപടി സ്വദേശിയാണ് കുട്ടി. ഈ കുട്ടിയെ തിരിച്ചറിഞ്ഞതായി പള്ളുരുത്തി പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി തന്നെ കുട്ടിയെ കണ്ടെത്താൻ പൊലീസ് വീടിരിക്കുന്ന തങ്ങൾനഗറിലെത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുകയാണ് എന്നാണ് വിവരം. കുട്ടിയെ കണ്ടെത്താനായി കഴിഞ്ഞ ദിവസം മുതൽ പൊലീസ് പരക്കംപാച്ചിലിലാണ്. തോപ്പുംപടി, ഈരാറ്റുപേട്ട, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ കുട്ടിയെ തേടി പൊലീസ് എത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. രണ്ടു ദിവസമായി ഒരു സംഘം പൊലീസ് ഈരാറ്റുപേട്ടയിൽ തമ്പടിച്ച് അന്വേഷണം നടത്തുകയാണ്.

കുട്ടിയുടെ മുദ്രാവാക്യം വിളികളിൽ പള്ളുരുത്തി, തോപ്പുംപടി ഭാഗത്തുള്ളവരുടെ ഉച്ചാരണശൈലി തോന്നിയതിനെ തുടർന്നാണ് ഇവിടങ്ങളിലേക്കു പരിശോധന നീണ്ടത്. അതേസമയം, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയുടെ മുഴുവൻ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടായിരിക്കും കണ്ടെത്താനുള്ള ശ്രമം. കുട്ടിയെ അറസ്റ്റ് ചെയ്യില്ല. പകരം കൗൺസിലിംഗിലൂടെ മുദ്രാവാക്യം പറഞ്ഞു കൊടുത്തവരെ കണ്ടെത്തും. കുട്ടിയുടെ അച്ഛനും അമ്മയും അടക്കമുള്ളവരേയും ചോദ്യം ചെയ്യും.

കുട്ടിയെ കണ്ടെത്തിയാൽ മാത്രമേ അവിടെ വിളിച്ച മുദ്രാവാക്യം വിളിയുടെ പിന്നിലുള്ളവരെ കണ്ടെത്തനാകൂ. ആലപ്പുഴ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുകളുണ്ടായെങ്കിലും ഇവരിൽനിന്നു കുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഈ പ്രതികൾ പറഞ്ഞതൊന്നും പൊലീസ് വിശ്വസിച്ചിട്ടില്ല. ഇതിനിടെ മറ്റു പല സ്ഥലങ്ങളിലും എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും മറ്റും റാലികളിൽ കുട്ടി മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ പുറത്തു വന്നിരുന്നു.

തൃക്കാക്കര തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ പി.സി. ജോർജിന്റെ അറസ്റ്റുണ്ടായതോടെ ബിജെപി ഉൾപ്പടെയുള്ളവർ സർക്കാരിനെതിരെ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ഒരു ഭാഗത്തു മാത്രം അറസ്റ്റുണ്ടാകുമ്പോൾ മറുഭാഗത്ത് പൊലീസ് നോക്കുകുത്തിയാകുന്നു എന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചവർക്കെതിരെ നടപടി കടുപ്പിക്കാനുള്ള തീരുമാനം. ഇത് മനസ്സിലാക്കിയാണ് കുട്ടിയും കുടുംബവും ഒളിവിലേക്ക് മാറുന്നത്.

കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കൾക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് കുടുംബം വീട്ടിൽ നിന്നും മാറിയതാണോയെന്ന് സംശയമുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇതിനൊപ്പം സംഭവത്തിൽ പ്രതിചേർത്ത പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബിനായുള്ള തിരച്ചിൽ തുടരുകയാണെന്നു പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേരെ ഇതിനോടകം ചോദ്യം ചെയ്തു. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

തിങ്കളാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ നിന്നാണ് അൻസാർ നജീബിനെ കസ്റ്റഡിയിൽ എടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് വൈദ്യപരിശോധന നടത്തിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. സംഭവത്തിൽ 7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മിഷൻ കത്ത് നൽകിയിരുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷനും വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച നടന്ന റാലിയിൽ ആണ് കുട്ടി വിദ്വേഷം വളർത്തുന്ന രീതിയിൽ മുദ്രാവാക്യം മുഴക്കിയത്. രാഷ്ട്രീയ ശത്രുക്കളോട് മരണാനന്തര ക്രിയകൾക്കായി അവിലും മലരും, കുന്തിരിക്കവും വാങ്ങിവയ്ക്കാനായിരുന്നു ഭീഷണി. ഇത് റാലിയിൽ പങ്കെടുത്ത മറ്റുള്ളവർ ഏറ്റുചൊല്ലി. ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ് ആയിരുന്നു കുട്ടിയെ ചുമലിൽ ഏറ്റിയിരുന്നത്.

പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയെന്നാണ് പ്രതി മൊഴി നൽകിയത്. എന്നാൽ ഇത് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ലെന്നാണ് സൂചന. സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളും കുട്ടിയെ അറിയില്ലെന്നാണ് മൊഴി നൽകിയത്. കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ നടന്ന റാലിയിലാണ് കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അഭിഭാഷക പരിഷത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.