- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഷീർ സാഹിബിന്റെ വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസ് ഇത് തങ്ങളുടെ തീരുമാനമല്ലെന്നും സർക്കാരിന്റെ തീരുമാനം ആണെന്നുമാണ് വ്യക്തമാക്കുന്നത്; സിപിഎം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു; ഈ പോക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പോപ്പുലർ ഫ്രണ്ട്; പിണറായി സർക്കാരിനെ കടന്നാക്രമിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ്
കൊച്ചി: സർക്കാരിന് മുന്നറിയിപ്പുമായി പോപ്പുലർഫ്രണ്ട്. സിപിഎമ്മിന്റെ തീരുമാനപ്രകാരം ആണ് ആലപ്പുഴ മുദ്രാവാക്യ കേസിൽ സംഘടനയെ സംസ്ഥാന വ്യാപകമായി വേട്ടയാടുന്നത്. സിപിഎം തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്. ഈ പോക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പി എഫ് ഐ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീറിന്റെ വീട്ടിൽ പൊലീസ് എത്തിയതാണ് ഈ പോസ്റ്റിന് ആധാരം.
പി എഫ് ഐ ജനറൽ സെക്രട്ടറിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ സാഹിബിന്റെ വീട്ടിൽ ഇന്നലെ അർദ്ധരാത്രി ആലപ്പുഴയിൽ നിന്നും പൊലീസ് വന്നിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസ് ഇത് തങ്ങളുടെ തീരുമാനമല്ല; സർക്കാരിന്റെ തീരുമാനം ആണെന്നാണ് വ്യക്തമാക്കുന്നത്. നേതാക്കളെ മുഴുവനും ജയിലിലടക്കാനാണത്രേ തീരുമാനം. അഥവാ സിപിഎമ്മിന്റെ തീരുമാനപ്രകാരം ആണ് ആലപ്പുഴ മുദ്രാവാക്യ കേസിൽ സംഘടനയെ സംസ്ഥാന വ്യാപകമായി വേട്ടയാടുന്നത്. സിപിഎം തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്. ഈ പോക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ്. ആർഎസ്എസിന് വേണ്ടി പിണറായി സർക്കാർ എടുത്ത കൊട്ടേഷനാണോ ഈ പൊലീസ് വേട്ട എന്ന് വ്യക്തമാക്കേണ്ടത് സിപിഎം തന്നെയാണ്. അധികാരത്തിന്റെ അഹങ്കാരത്തിൽ പോപുലർ ഫ്രണ്ടിന്റെ സംഘടനാ സ്വാതന്ത്ര്യത്തെ ശല്യപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം എങ്കിൽ അതിനെ ആ നിലക്ക് തന്നെ നേരിടേണ്ടി വരും. നിയമവിരുദ്ധമായ ഈ നീക്കത്തിനെതിരെ മുഴുവൻ ജനാധിപത്യവാദികളും രംഗത്തുവരണമെന്ന് ആവശ്യപ്പെടുന്നു.
എ അബ്ദുൽ സത്താർ
സംസ്ഥാന ജനറൽ സെക്രട്ടറി
ഫലത്തിൽ ഇടതു സർക്കാരിനെ പരസ്യമായി വെല്ലുവിളിക്കുകയാണ് പോപ്പുലർ ഫ്രണ്ട്. പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച്.നാസറും അറസ്റ്റിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ എറണാകുളം ആമ്പല്ലൂർ പഞ്ചായത്തിലെ കാഞ്ഞിരമറ്റത്തെ വീട്ടിൽനിന്നാണ് മുളന്തുരുത്തി പൊലീസിന്റെ സഹായത്തോടെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഈ സമയം വീട്ടിൽ 4 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ഉണ്ടായിരുന്നു. റാലിയിൽ പങ്കെടുത്തതിന്റെ പേരിലാണ് അറസ്റ്റ് എന്നാണ് പ്രാഥമിക വിവരം. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 31 ആയെന്നു പൊലീസ് അറിയിച്ചു. ഇതിന് ശേഷമാണ് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടിൽ പൊലീസ് എത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഗൗരവമുള്ള ആരോപണമാണ് പോപ്പുലർ ഫ്രണ്ട് ഉയർത്തുന്നത്. സിപിഎമ്മാണ് അറസ്റ്റിന് പിന്നിലെന്ന് അവർ പറഞ്ഞു വയ്ക്കുന്നു.
കഴിഞ്ഞ 21ന് ആണ് പോപ്പുലർ ഫ്രണ്ട് ജനമഹാസമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ റാലി സംഘടിപ്പിച്ചത്. റാലിയിൽ പങ്കെടുത്ത ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ആദ്യം അറസ്റ്റിലായത് പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനവും മുദ്രാവാക്യം വിളിക്കുന്ന സമയത്ത് കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബുമായിരുന്നു.
ഇതിനു ശേഷം കുട്ടിയുടെ പിതാവ് ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. കുട്ടിയെ കൗൺസലിങ്ങിനു വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഈ കേസിൽ കൂടുതൽ സംസ്ഥാന നേതാക്കളെ അറസ്റ്റു ചെയ്യാൻ നീക്കമുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
മറുനാടന് മലയാളി ബ്യൂറോ