ഗുൽബർഗ: കർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ച ബിജെപി കൗൺസിലറുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിച്ചത് പോപുലർ ഫ്രണ്ട് പ്രവർത്തകർ. ഷഹബാദ് സിറ്റി മുനിസിപ്പൽ കൗൺസിലിലെ 18ാം വാർഡ് കൗൺസിലർ ഭീമണ്ണ കാന്ത്രേ(65)യുടെ മൃതദേഹമാണ് പോപുലർ ഫ്രണ്ട് പ്രവർത്തകർ സംസ്‌കരിച്ചത്. കോവിഡ് ചികിൽസയിലിരിക്കെ ഗുൽബർഗയിലെ വാൽസല്യ ആശുപത്രിയിൽ വച്ചാണ് ഭീമണ്ണ കാന്ത്രേ മരണപ്പെട്ടത്.

പട്ടിക വർഗ വിഭാഗത്തിൽപെട്ട ബ്യാദർ സമുദായംഗമായ ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതോടെ പ്രാദേശിക ഭാരണകൂടം പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായി ബന്ധപ്പെടുകയും കോവിഡ് പ്രോട്ടോകോൾ പാലിച്ച് അന്ത്യകർമങ്ങൾ നടത്താൻ ആവശ്യപ്പെടുകയുമായിരുന്നു. നേരത്തെയും മേഖലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സഹായം തേടിയിരുന്നു.

കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ ഇത്തരം പ്രവർത്തനങ്ങളിൽ പോപുലർ ഫ്രണ്ട് വോളന്റിയർമാർ സജീവമായിരുന്നു. ഭീമണ്ണയുടെ മൃതദേഹം സംസ്‌കരിക്കാൻ ആർഎസ്എസ്, ബിജെപി പ്രവർത്തകരോ നേതാക്കളോ മുന്നോട്ടുവന്നില്ല. ഇവരെല്ലാം സാമൂഹിക മാധ്യമങ്ങളിൽ ഭീമണ്ണയുടെ ചിത്രം സ്റ്റാറ്റസ് വയ്ക്കുക മാത്രമാണുണ്ടായിരുന്നതെന്നും വിമർശനമുണ്ട്. ബണ്ണൂർ കുടുംബാംഗമായ ഭീമണ്ണയ്ക്കു ഭാര്യയും രണ്ട് ആൺ മക്കളും രണ്ടു പെൺമക്കളുമുണ്ട്. മൃതദേഹം ഗുൽബർഗ ജില്ലയിലെ ഷഹദാബാദിലാണ് സംസ്‌കരിച്ചത്.