ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തിൽ ഗൂഢാലോചന നടന്നെന്ന് പൊലീസ്. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പ്രത്യേക പരിശീലനം ലഭിച്ചെന്നും മതവികാരം ആളിക്കത്തിക്കാൻ പ്രതികൾ ലക്ഷ്യമിട്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റിലായ അൻസാറാണ് കുട്ടിയെ തോളിലിരുത്തി മുദ്രാവാക്യം വിളിപ്പിച്ചത്. ഇയാളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്.

കുട്ടി വിളിച്ച മുദ്രാവാക്യത്തിൽ പ്രകോപനപരമായ രീതിയിലുള്ള വാക്കുകൾ ഉൾപ്പെട്ടിട്ടുണ്ട്. മുസ്ലിം മതവികാരം ഇളക്കിവിട്ട് കലാപാഹ്വാനമാണ് ഇതെന്നാണ് പൊലീസ് നിഗമനം. ഇതരമത വിഭാഗങ്ങൾക്കിടയിൽ ആശങ്കയും ഭയവും ജനിപ്പിക്കുന്നതാണ് മുദ്രാവാക്യം. കുട്ടിക്ക് ഇതിന് പരിശീലനം നൽകിയ മുഴുവൻ ആളുകളേയും കണ്ടെത്തേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ കേസിൽ മൂന്നു പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്.

മുദ്രാവാക്യം വിളിച്ച കുട്ടി കൊച്ചി പള്ളുരുത്തി സ്വദേശിയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിയുടെ തറവാട്ടു വീട്ടിൽ പൊലീസ് പരിശോധന നടത്തി. ആലപ്പുഴയിലെ പൊലീസ് സംഘമാണ് വ്യാഴാഴ്ച ഉച്ചയോടെ പരിശോധനക്കെത്തിയത്. തറവാട്ടു വീടീനോട് ചേർന്നുള്ള വാടക വീട്ടിലാണ് കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. എന്നാൽ ഈ വീട് അടച്ചിട്ട നിലയിലാണ്. കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും രണ്ടാഴ്ചയായി മകനേയും പേരക്കുട്ടിയേയും കണ്ടിട്ടില്ലെന്നും കുട്ടിയുടെ കുടുംബം പൊലീസിനോട് പറഞ്ഞു.

ഈ കുട്ടിയും കുടുംബവും കേരളം വിട്ടുവെന്നും സൂചനയുണ്ട്. കുട്ടിയെ പിടിച്ചാൽ മുദ്രാവാക്യത്തിന്റെ ഉറവിടം പൊലീസ് തിരിച്ചറിയും. അതുകൊണ്ടാണ് ഇവർ മാറിയതെന്നാണ് സൂചന. അച്ഛനും അമ്മയും കേസിൽ പ്രതികളാകാനും സാധ്യത ഏറെയാണ്. കുട്ടിയെ അറസ്റ്റ് ചെയ്യാതെ കൗൺസിലിങ് നടത്തി വിടും. ബാലനീതി നിയമ പ്രകാരം മാത്രമേ കേസെടുക്കൂ. പള്ളുരുത്തി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ തോപ്പുംപടിയിൽ കുട്ടിയെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കും. ഇതിനിടെയാണ് ഇവർ കേരളം വിടാനുള്ള സാധ്യതയും പൊലീസിന് മുമ്പിലേക്ക് എത്തുന്നത്.

നാല് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. കുട്ടിയെ തിരിച്ചറിഞ്ഞിട്ടും വിവരങ്ങൾ പൊലീസ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് കുട്ടിയുടെ സ്ഥലം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടാൻ പൊലീസ് തയ്യാറായത്. കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കൾക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചു. ഇതേ തുടർന്ന് കുടുംബം വീട്ടിൽ നിന്നും മാറിയതാണോയെന്ന് സംശയമുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം തുടരുകയാണെന്നാണ് സൂചന.

എറണാകുളം പള്ളുരുത്തി സ്വദേശിയാണ് ബാലൻ. പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രാദേശിക നേതാവ് കൂടിയാണ്. രക്ഷകർത്താക്കളുടെ വിവരങ്ങളും പശ്ചാത്തലവും അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ബാലനെ കൗൺസിലിംഗിന് വിധേയനാക്കാനാണ് പൊലീസ് നീക്കം. ഇതിനായി ബാലാവകാശ കമ്മീഷനെ സമീപിക്കും. പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് പ്രത്യേക പരിശീലനം നൽകിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ശനിയാഴ്ച നടന്ന റാലിയിൽ ആണ് കുട്ടി വിദ്വേഷം വളർത്തുന്ന രീതിയിൽ മുദ്രാവാക്യം മുഴക്കിയത്. മരണാനന്തര ക്രിയകൾക്കായി ഹിന്ദുക്കളോട് അവിലും മലരും, ക്രിസ്ത്യാനികളോട് കുന്തിരിക്കവും വാങ്ങിവയ്ക്കാനായിരുന്നു ഭീഷണി. ഇത് റാലിയിൽ പങ്കെടുത്ത മറ്റുള്ളവർ ഏറ്റുചൊല്ലി. ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ് ആയിരുന്നു കുട്ടിയെ ചുമലിൽ ഏറ്റിയിരുന്നത്. ഇയാളെയും സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അൻസാറാണ് കുട്ടിയെ തോളിലേറ്റി നടന്നത്. എന്നാൽ അൻസാറിനും കുട്ടിയെ അറിയില്ലെന്ന് ആണ് മൊഴി. പ്രകടനത്തിനിടെ കൗതുകം തോന്നിയതുകൊണ്ടാണ് താൻ കുട്ടിയെ തോളിലേറ്റിയതെന്നാണ് ഈരാറ്റുപേട്ട സ്വദേശിയായ അൻസാർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെ അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴയിലെ വീട്ടിലെത്തിയായിരുന്നു പിഎ നവാസിനെ കസ്റ്റഡിയിലെടുത്തത്.