കണ്ണൂർ: ഇരു ചക്ര വാഹനങ്ങളിലെത്തി എതിരാളികളെ അക്രമിക്കാൻ പോപ്പുലർ ഫ്രണ്ടിന് പ്രത്യേക സ്‌ക്വാഡുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.ശസ്ത്രക്രിയക്ക് ഉപയോഗിച്ചു വരുന്ന കത്തിയുമായി എട്ടംഗ അക്രമി സംഘം കണ്ണൂരിലെ നിരവധി അക്രമങ്ങൾക്ക് പിറകിലെന്ന് വിവരം. എടക്കാട്ടെ മുസ്ലിംലീഗ് പ്രവർത്തകനേയും തൃശ്ശൂരിൽ നിന്നും കണ്ണൂരിലെത്തിയ ലോറിജീവനക്കാരേയും അക്രമിച്ചത് ഇതേ സംഘമാണെന്നാണ് പൊലീസ് നിഗമനം.

തളാപ്പിലെ ബിജെപി പ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ പിടികൂടിയ പോപ്പുലർഫ്രണ്ടുകാരിൽ നിന്നും പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കഴിഞ്ഞ ഫെബ്രുവരി 20 ന് കണ്ണൂരിലെ ഒരു പാരലൽ കോളേജിൽ എ.ബി.വി.പി.-ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ബിജെപി പ്രവർത്തകരെ അക്രമിച്ചത് പോപ്പുലർ ഫ്രണ്ട്കാരാണെന്ന് പൊലീസിന് മൊഴി ലഭിച്ചത്.

തളാപ്പിലെ ഭജന മുക്കിൽ ഇരിക്കുകയായിരുന്ന ബിജെപി. കണ്ണൂർ മണ്ഡലം വൈസ് പ്രസിഡണ്ട് സുനിൽ കുമാറിനേയും പ്രവർത്തകരായ പി.വി. ശിവദാസ്,എൻ.മിഥുൻ എന്നിവരേയും അക്രമിച്ച സംഭവത്തിൽ നാളിതുവരെ സിപിഐ.എം. പ്രവർത്തകരായിരുന്നു പ്രതിക്കൂട്ടിൽ. അത് കണ്ണൂരിൽ ഏറെ രാഷ്ട്രീയവിവാദങ്ങളും ഉയർത്തിയിരുന്നു. അക്രമിക്കപ്പെട്ട സുശിൽ കുമാർ നൽകിയ മൊഴിയിൽ സിപിഐ.എം. കാരാണ് പ്രതികളെന്നും രേഖപ്പെടുത്തിയിരുന്നു. ഈ സംഭവത്തോടനുബന്ധിച്ച് സിപിഐ.എമ്മിനനെതിരെ ബിജെപി. നേതൃത്വം പ്രതിഷേധ പ്രകടനവും യോഗവും നടത്തിയിരുന്നു.

സിപിഐ.എം. കാരായ പ്രതികളെ പിടികൂടാൻ ഡി.വൈ.എസ്‌പി. ഓഫീസ് മാർച്ച് ഉൾപ്പെടെയുള്ള സമരവും ബിജെപി. നടത്തിയിരുന്നു.എന്നാൽ പാരലൽ കോളേജ് അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ക്യാമ്പസ് ഫ്രണ്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ബിജെപി. ക്കാരെ അക്രമിച്ച സംഭവത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താനായത്. എ.ബി.വി.പി. ക്കാരെ സഹായിക്കാൻ ബിജെപി പ്രവർത്തകർ കോളേജിന് സമീപം എത്താറുണ്ടെന്നും ഈ വിരോധം മൂലമാണ് തളാപ്പിലെ ബിജെപി. പ്രവർത്തകരെ അക്രമിച്ചതെന്നും ക്യാമ്പസ് ഫ്രണ്ടുകാർ മൊഴി നൽകി.

അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി പോപ്പുലർ ഫ്രണ്ടുകാരായ എൽ.വി. മുഹമ്മദ് ജന്ഫർ, കെ.പി. സിറാസ്, വി സി. മഹറൂഫ് എന്നിവരെ അറസ്റ്റ് ചെയ്തത്. തളാപ്പ് സംഭവത്തിൽ ബിജെപി. പ്രവർത്തകരെ അക്രമിച്ചത് സിപിഐ.എം. കാരാണെന്ന ധാരണയാണ് ഈ സംഭവത്തിലൂടെ പൊളിഞ്ഞത്. മാത്രമല്ല രാഷ്ട്രീയ അക്രമങ്ങളുടെ മറവിൽ മറ്റു ചില ശക്തികൾ മുതലെടുക്കുന്നുണ്ടെന്ന സൂചനയാണ് ഇതിലൂടെ പുറത്ത് വന്നത്.

സിപിഐ.എം. അനാവശ്യമായി അക്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ ബിജെപി. നേതൃത്വം ജനങ്ങളോട് മാപ്പു പറയണമെന്ന് സിപിഐ.എം. ജില്ലാസെക്രട്ടറി പി.ജയരാജൻ ആവശ്യപ്പെട്ടു. തളാപ്പ് അക്രമം സിപിഐ.എം. ന്റെ തലയിൽ കെട്ടിവെക്കാനുള്ള ബിജെപി.യുടെ ശ്രമം പൊളിഞ്ഞിരിക്കയാണ്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സുശിൽ കുമാർ നൽകിയ മൊഴി തന്നെ സിപിഐ.എം. അക്രമമെന്ന് വരുത്തി തീർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. അക്രമത്തിനു പിന്നിൽ താനാണെന്ന ബിജെപി. നേതാവ് കെ.സുരേന്ദ്രൻ പ്രസംഗിച്ച് നടന്നിരുന്നു. അതിനാൽ ബിജെപി. നേതൃത്വം പരസ്യമായി ജനങ്ങളോട് മാപ്പ് പറയണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു.

ബിജെപി. പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ടുകാരാണ് പ്രതികളെന്ന് കണ്ടെത്തിയ പൊലീസ് നടപടി സിപിഐ.എം. ന് വേണ്ടി ദാസ്യ വേല ചെയ്യുന്നതിന്റെ തെളിവാണെന്നും പോപ്പുലർ ഫ്രണ്ട് ഡിവിഷൻ കമ്മിറ്റി ആരോപിച്ചു. പൊലീസ് കള്ളക്കേസിൽ കുടുക്കി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമാണ്. അക്രമിക്കപ്പെട്ട ബിജെപി നേതാവു തന്നെ അക്രമികൾ സിപിഐ.എം.കാരാണെന്ന് മൊഴി നൽകിയിട്ടും ഭരണത്തിന്റെ തണലിൽ സ്വന്തക്കാരെ രക്ഷിക്കാനാണ് സിപിഐ.എം നേതൃത്വം ശ്രമിക്കുന്നത്.