- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരന്തമുഖങ്ങളിൽ ജനങ്ങൾക്ക് ആശ്വാസം നൽകിയ സംഘടനയാണ് പോപ്പുലർ ഫ്രണ്ട്; അഗ്നിശമന സേനക്കെതിരെ സംഘപരിവാർ നടത്തുന്നത് നുണപ്രചരണം; ബിജെപിയുടെ വിദ്വേഷ പ്രചാരണങ്ങളെ പുച്ഛിച്ച് തള്ളുന്നു: പരീശീലന വിവാദത്തിന് മറുപടിയുമായി പോപ്പുലർ ഫ്രണ്ട്
കൊച്ചി: പോപ്പുലർ ഫ്രണ്ട് റെസ്ക്യു ആൻഡ് റീലിഫ് ടീമിന് പരിശീലനം നൽകിയ അഗ്നിശമന സേന വിവാദത്തിൽ ചാടിക്കഴിഞ്ഞു. വിഷയത്തിൽ വകുപ്പുതല നടപടികൾ അടക്കം നേരിടേണ്ട ഘട്ടത്തിലാണ് ഉദ്യോഗസ്ഥർ. കോൺഗ്രസും ബിജെപിയും ഈ വിഷയത്തിൽ സർക്കാറിനെതിരെ രംഗത്തെത്തി കഴിഞ്ഞു. ഇതോടെ വിവാദങ്ങൾക്ക് മറുപടിയുമായി പോപ്പുലർ ഫ്രണ്ട് രംഗത്തുവന്നു.
ഇപ്പോഴത്തെ വിവാദം സംഘപരിവാർ നടത്തുന്ന നുണപ്രചരണം വർഗീയ ധ്രുവീകരണത്തിന്റെ ഭാഗമാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വിശദീകരിച്ചു. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിനായി റെസ്ക്യു ആൻഡ് റീലിഫ് ടീമിന് അഗ്നിശമനസേന ഉദ്യോഗസ്ഥർ പരിശീലനം നൽകിയത് എന്തോ വലിയ അപരാധമായാണ് ബിജെപി കാണുന്നത്.
ദുരന്തമുഖങ്ങളിൽ ജനങ്ങൾക്ക് ആശ്വാസം നൽകിയ സംഘടനയാണ് പോപ്പുലർ ഫ്രണ്ട് എന്ന് കേരളത്തിനറിയാം. വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ബിജെപി നാടിന്റെ പുരോഗതിക്ക് വേണ്ടി എന്ത് സംഭാവനയാണ് നൽകിയിട്ടുള്ളത്. നിരന്തരമായി പ്രകൃതിക്ഷോഭവും പ്രളയവും മണ്ണിടിച്ചിലും നേരിടുന്ന കേരളത്തിൽ രക്ഷാദൗത്യത്തിനായി മത-രാഷ്ട്രീയ-സാമൂഹിക സംഘടനകൾ മുന്നോട്ടുവന്ന് ജനങ്ങളെ സാന്ത്വനിപ്പിക്കേണ്ട സ്ഥിതിയാണുള്ളത്. സർക്കാർ പോലും പരാജയപ്പെട്ട ഇടങ്ങളിൽ ഇത്തരം ദുരന്തങ്ങളെ നേരിടാൻ പോപ്പുലർ ഫ്രണ്ട് മുന്നിട്ടിറങ്ങുന്നത് സഹജീവികളോടുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്.
കേരളത്തെ കണ്ണീരിലാഴ്ത്തിയ 2018 ആഗസ്തിലെ മഹാപ്രളയഘട്ടത്തിലും തുടർന്നുള്ള വർഷങ്ങളിൽ ആവർത്തിച്ചെത്തിയ പ്രളയങ്ങളിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും രക്ഷാദൗത്യം, ദുരിതാശ്വാസം, പുനരധിവാസം തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനമാണ് പോപ്പുലർ ഫ്രണ്ട് വളണ്ടിയർമാർ കാഴ്ചവച്ചത്. പ്രളയവും ഉരുൾപൊട്ടലും താണ്ഡവമാടിയ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പുനരധിവാസ പദ്ധതികൾ ആസൂത്രണം ചെയ്തുനടപ്പിലാക്കി വരികയാണ്. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഭവന പുനരധിവാസ പദ്ധതികൾ നടപ്പിലാക്കി.
മാരക വൈറസായ നിപ കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ ദിനങ്ങളിൽ മരണപ്പെട്ടവരുടെ മരണാനന്തര കർമം ചെയ്യുന്നതുൾപ്പടെയുള്ള സേവനത്തിന് മുന്നിട്ടിറങ്ങിയതും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. ലോകത്തെ മുഴുവൻ ദുരിതത്തിലാഴ്ത്തിയ കോവിഡ് മഹാമാരിയുടെ ദുരന്തത്തിൽപ്പെട്ടവർക്ക് സഹായഹസ്തവുമായും സംഘടനാ പ്രവർത്തകർ ഒപ്പമുണ്ടായിരുന്നു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരെ അനുമോദിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ദുരന്തനിവാരണവുമായി പരിശീലനം നൽകേണ്ട വിഭാഗമാണ് പൊലിസ് സേനയും ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥരും. ആ സേവനമാണ് പോപ്പുലർ ഫ്രണ്ടും ഉപയോഗിച്ചത്. രാജ്യത്തെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ച വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും വക്താക്കൾക്ക് ഇത്തരം സേവനം ഉപയോഗിക്കാൻ കഴിയാത്തതിലുള്ള അമർഷമാണ് ബിജെപിയും ആർ.എസ്.എസും ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അതിനെ അർഹിക്കുന്ന പുച്ഛത്തോടെ തള്ളികളയുന്നു. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് ബിജെപിയും സംഘപരിവാരവുമെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ, സെക്രട്ടറി എസ്. നിസാർ, സോണൽ പ്രസിഡന്റ് എസ്. നവാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ