- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോധവൽക്കരണത്തിലൂടെ ജനസംഖ്യാ നിയന്ത്രണം പ്രായോഗികമല്ലെന്ന തിരിച്ചറിവിൽ കേന്ദ്രം; അടിയന്തരാവസ്ഥക്കാലത്തെ സഞ്ജയ് ഗാന്ധി മോഡൽ പരീക്ഷണത്തിന് മോദി സർക്കാരും? രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരും; നിർബന്ധിത വന്ധ്യം കരണ ചർച്ച വീണ്ടും സജീവമാകുമ്പോൾ
ന്യൂഡൽഹി: ജനസംഖ്യാവിസ്ഫോടനമാണ് ഇന്ന് ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന മഹാശാപങ്ങളിലൊന്ന്. നൂറ്റിമുപ്പത്തിയഞ്ചു കോടിയാണ് ജനസംഖ്യ എന്നാണ് വിലയിരുത്തൽ. രാജ്യത്തെ അണ്ണാക്കുതൊടാതെ വിഴുങ്ങാൻ കാത്തിരിക്കുന്ന ഈ ദുർഭൂതത്തെ ചൊൽപ്പടിക്കു നിർത്താൻ സ്വാതന്ത്ര്യലബ്ധിയുടെ ആരംഭത്തിൽത്തന്നെ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. അതിന്റെ പരിണതിയാണ് 1952-ൽ പഞ്ചവത്സരപദ്ധതിയിൽ ഉൾക്കൊള്ളിച്ച് പ്രാവർത്തികമാക്കപ്പെട്ട കുടുംബക്ഷേമപരിപാടി. അതൊന്നും പക്ഷേ ഫലം കണ്ടില്ല.
1952 മുതൽ 'കുടുംബാസൂത്രണം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പരിപാടി പിന്നീട് 'കുടുംബക്ഷേമപരിപാടി' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ പുത്രൻ സഞ്ജയ് ഗാന്ധി അടിയന്തരാവസ്ഥക്കാലത്ത് നിർബന്ധിതവന്ധ്യം കരണ പരിശ്രമങ്ങളും നടത്തി. ഈ മോഡൽ വീണ്ടും മടങ്ങിയെത്തുമെന്ന് സൂചന. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പ്രഖ്യാപിച്ചതാണ് ചർച്ചകൾക്ക് കാരണം.
ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണം ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഛത്തിസ്ഗഡിലെ റായ്പുരിൽ 'ഗരീബ് കല്യാൺ സമ്മേളനിൽ' പങ്കെടുക്കാനെത്തിയ മന്ത്രി പറഞ്ഞു. 'ആരും ആശങ്കപ്പെടേണ്ട. ആ നിയമം ഒട്ടും വൈകാതെ വരും. അത്തരം ശക്തമായ, വലിയ തീരുമാനങ്ങൾ നേരത്തേ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും വൈകാതെ വരും'മന്ത്രി കൂട്ടിച്ചേർത്തു. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. ചില മത വിഭാഗങ്ങളുടെ ജനസംഖ്യാ വർദ്ധനവ് തടയാനാണ് ഇതെന്ന വിമർശനം ഉയരാൻ സാധ്യതയുമുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിലിൽ, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബിൽ രാജ്യസഭയിൽ ബിജെപി എംപി രാകേഷ് സിൻഹ കൊണ്ടുവന്നിരുന്നു. എന്നാൽ അന്ന് ഇത്തരമൊരു നിയമം പരിഗണിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മറുപടി പറഞ്ഞത്. നിർബന്ധിച്ചുള്ള ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല. പകരം ബോധവൽക്കരണത്തിലൂടെയായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രി അന്നു പറഞ്ഞു. ഏപ്രിൽ 22നായിരുന്നു ഇത്. ഒരു മാസം കഴിയുമ്പോൾ കേന്ദ്രം നിലപാട് മാറ്റുന്നു. സഞ്ജയ് ഗാന്ധി മോഡൽ അവതരിപ്പിക്കുമെന്നാണ് സൂചന.
റബ്ബർ ഉറകളും ലൂപ്പുംപോലുള്ള ഗർഭനിരോധനസാമഗ്രികൾ സൗജന്യമായി ജനങ്ങളിലെത്തിക്കാനും ജനങ്ങളെ ബോധവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ ഫലം കാണുന്നില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ കർശന വ്യവസ്ഥകൾ പുതിയ നിയമത്തിലുണ്ടാകും. നാലാം പഞ്ചവത്സരപദ്ധതിയിൽ 315കോടി രൂപയാണ് ഈ പദ്ധതിക്കുവേണ്ടി അന്നത്തെ കേന്ദ്രസർക്കാർ നീക്കിവച്ചത്. തുടർന്നുവന്ന അഞ്ചാം പഞ്ചവത്സരപദ്ധതിയിലാകട്ടെ, 516 കോടിയും.
1960-കളിൽ കൊടുംദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു ചൈന. ഭക്ഷണക്ഷാമം പരിഹരിക്കാൻ നൗകകളിൽപ്പോലും മണ്ണുനിരത്തി കൃഷി ചെയ്തിരുന്ന ചൈനാച്ചിത്രങ്ങൾ അന്നത്തെ വർത്തമാനപ്പത്രങ്ങളിൽ കണ്ടത് ഇന്നും ഓർമ്മകളിൽ ഒളിമങ്ങാതെ കിടക്കുന്നുണ്ട്. ആ ചൈന ഇന്ന് ഏഷ്യയിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാണ്. ഇങ്ങനെയൊരു നേട്ടം ആ രാജ്യം കൈവരിച്ചതിന് ഒരു കാരണം ജനപ്പെരുപ്പത്തിനെതിരായിയുള്ള നിശ്ചയദാർഢ്യം ആണെന്ന തിരിച്ചറിവിലാണ് ഇന്ത്യയുടെ നീക്കങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ