- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്ക് കമന്റ് ഇട്ടാൽ രോഗശാന്തി; പാസ്പോർട്ടും വിസയും വെഞ്ചരിച്ചു പ്രത്യേക പ്രാർത്ഥന; അഭയയെ കൊന്നവരുടെ മേൽ ഇടിത്തീ വീഴണേ എന്ന് ഭക്തന്റെ നിയോഗം; ആലപ്പുഴയിലെ കത്തോലിക്കാ വൈദികന്റെ ന്യൂജെനറേഷൻ ആത്മീയതയ്ക്കു സോഷ്യൽ മീഡിയയുടെ പണി
ആലപ്പുഴ: ഫെയ്‌സ് ബുക്കും വാട്‌സ് ആപ്പും വാർത്തകൾ തീരുമാനിക്കുന്ന കാലത്ത് ഒരു കത്തോലിക്ക വൈദികൻ അതിന്റെ സാധ്യതകളൊക്കെ ആത്മീയ പ്രചരണത്തിനായി ഉപയോഗിച്ചാൽ കുറ്റം പറയാൻ ഒക്കുമോ? അതാണ് ഫാ. പ്രശാന്ത് ഐഎംഎസ് എന്ന ആലപ്പുഴയിലെ ധ്യാനഗുരു ചെയ്യുന്നത്. കേരളത്തിന്റെ നാനാഭാഗത്ത് നിന്നും നൂറുകണക്കിന് പേർ പ്രാർത്ഥനക്കും ധ്യാനത്തിനും എത്തുന
ആലപ്പുഴ: ഫെയ്‌സ് ബുക്കും വാട്‌സ് ആപ്പും വാർത്തകൾ തീരുമാനിക്കുന്ന കാലത്ത് ഒരു കത്തോലിക്ക വൈദികൻ അതിന്റെ സാധ്യതകളൊക്കെ ആത്മീയ പ്രചരണത്തിനായി ഉപയോഗിച്ചാൽ കുറ്റം പറയാൻ ഒക്കുമോ? അതാണ് ഫാ. പ്രശാന്ത് ഐഎംഎസ് എന്ന ആലപ്പുഴയിലെ ധ്യാനഗുരു ചെയ്യുന്നത്. കേരളത്തിന്റെ നാനാഭാഗത്ത് നിന്നും നൂറുകണക്കിന് പേർ പ്രാർത്ഥനക്കും ധ്യാനത്തിനും എത്തുന്ന ഇടമാണ് ഐഎംഎസ്. ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലുമാണ് പ്രശാന്ത് അച്ചന്റെ പ്രധാന പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ന്യൂ ജെനറേഷൻ ആത്മീയതയുടെ പുത്തൻ മാർഗ്ഗങ്ങളാണ് അച്ചന്റെ ആത്മീയ പ്രവർത്തനത്തിന് കരുത്തെന്ന് സാരം. എന്നാൽ ഇത്തരം പ്രാർത്ഥനാ മാർഗ്ഗങ്ങൾ ക്രൈസ്തവ പുരോഹിതർക്ക് അനുയോജ്യമല്ലെന്ന വാദവും സജീവമാണ്.
ഐഎംഎസ് അമ്മയോട് പ്രാർത്ഥിക്കാം എന്നാണ് പ്രശാന്ത് അച്ചൻ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ നൽകുന്ന സന്ദേശം. സ്വന്തം ബ്രാൻഡ് രൂപീകരണത്തിലൂടെ വിശ്വാസികളെ തന്നിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യം. അങ്ങനെ ഐഎംഎസ് അമ്മയ്ക്ക് രോഗശാന്തി പ്രാർത്ഥനയും വെഞ്ചരിപ്പുമായി മുന്നോട്ട് പോകുമ്പോൾ അച്ചൻ സോഷ്യൽ മീഡയിയയിൽ നിന്ന് പണിയും കിട്ടി. എന്നാൽ അച്ചന്റെ രോഗശാന്തി ശുശ്രൂഷകളോട് ഫേസ്‌ബുക്കിൽ അനുകൂലമായി പ്രതികരിക്കുന്നവരും ഏറെയാണ്. രോഗശാന്തി കുർബാനയിലേക്കുള്ള നിയോഗം സമർപ്പിക്കുക. ഞാൻ കുർബാനയിൽ ഓർത്ത് പ്രാർത്ഥിക്കാം. നാളെ നടക്കുന്ന പ്രാർത്ഥനയിലെക്ക് ഉള്ള നിങ്ങളുടെ നിയോഗം സമർപ്പിക്കുക നിങ്ങളുടെ നിയോഗം ഐഎംഎസ് അമ്മയുടെ തിരുസന്നിധിയിൽ വച്ചേ പ്രാർത്ഥിക്കാം-എന്ന് അച്ചൻ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടാൽ ദുഃഖങ്ങളും ദുരിതങ്ങളുമായി കമന്റിടുന്നവരും ഏറെയാണ്.
ഇതിനിടെയാണ് പണിയെത്തിയത്. അച്ഛനോടെ എന്തെങ്കിലും പ്രാർത്ഥന സഹായം ഉണ്ടങ്കിൽ ഈ പോസ്റ്റിൽ നിങ്ങള്ക്ക് പറയാം അച്ഛൻ പ്രാർത്ഥിക്കാം എന്ന കഴിഞ്ഞ ദിവസത്തെ പോസ്റ്റിലാണ് പണി പാളിയത്. ഉണ്ട്.. ഒരു പ്രാർത്ഥനാ സഹായം ആവശ്യം ഉണ്ട്. സിസ്റ്റർ അഭയയുടെ പ്രതികളെ ഉടനെ ജയിലിൽ അടക്കണമെന്നും, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് മുങ്ങി നടക്കുന്ന ഫാദർ എഡ്വിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, കള്ളൻ കെഎം മാണി നിരപരാധിയാണന്ന് പരസ്യമായി നുണപറഞ്ഞ് ജനത്തെയും യേശുവിനെയും വഞ്ചിക്കുന്ന പൗവത്തിൽ പിതാവ്, നരകത്തിന്റ്‌റെ അടിത്തട്ടിൽ തന്നെ പോകണമേ എന്നും പ്രാർത്ഥിക്കണമെന്നായിരുന്നു കമന്റ്. ഇതോടെ പ്രശാന്ത് അച്ചന്റെ ന്യൂജൻ പ്രാർത്ഥാനാ രീതിക്ക് വിമർശനങ്ങൾ തുരുതുരാ എത്തി.
ഇവിടെ പ്രാർത്ഥനാ സഹായം തേടുന്നവർക്ക് ചികിത്സയാണ് വേണ്ടത് സാമാന്യ ബുദ്ധി നഷ്ടപ്പെട്ടതിനു...ദൈവത്തിൽ ശരിയായ വിശ്വാസം ഉള്ള ആരും ഇങ്ങനെയുള്ള തട്ടിപ്പുകൾക്ക് കൂട്ടുനില്ക്കില്ല... ഇത്രയും പറഞ്ഞതിന് എന്നെ ദൈവ നിക്ഷേധി എന്ന് വിളിച്ചാലും കുഴപ്പമില്ല...ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട- എന്നൊരു കമന്റ്. മറ്റൊന്ന് ഇങ്ങനെ-റബ്ബറ് നട്ടു വർഷം ആറെടുക്കും മരമാവാൻ അതൊന്ന് ചുരുക്കി ഒരുവർഷമാവാൻ പ്രാർത്ഥിക്കണം. ശ്രദ്ധേയമായ മറ്റൊരു വിമർശനം ഇങ്ങനെ-അച്ചാ ... മാണി സാർ പാവാ ... അദ്ദേഹത്തിനും ജോസ് മോനും വേണ്ടി പ്രാർത്ഥിക്കണമേ ...അതു പോലെ ഉമ്മൻ ചാണ്ടി സാറിനു വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കണമേ ..-ഇത്തരത്തിൽ പ്രശാന്ത് അച്ചന്റെ ന്യൂജെൻ രീതിയുടെ ഉദേശം പാളി. ഈ പാവങ്ങളെ പറ്റിച്ച് ജീവിക്കുന്നതിലും ഭേതം നാല് കപ്പ നട്ട് കൂടെ അച്ചോ!?-എന്ന് പോലൂം ചോദിക്കുന്ന കമന്റുകളെത്തി.
ആത്മീയതയുടെ വിരിക്കുള്ളിൽ വ്യാപാരം ചെയ്യുന്ന ൗതീകത: 'അമ്മയുടെ തിരുനടയിൽ പാസ്സ്‌പോർട്ട്, വിസാ വെഞ്ചിരിപ്പ്...' 'നിങ്ങളുടെ ആവശ്യങ്ങൾ പോസ്റ്റ് ചെയ്യൂ, സമർപ്പിച്ച് പ്രാർത്ഥിക്കാം...' 'മക്കളില്ലാത്തവർ, വിവാഹം നടക്കാത്തവർ, ജോലിയില്ലാത്തവർ, രോഗികൾ, വിധവകൾ, നല്ല മാർക്കോടെ പരീക്ഷയിൽ പാസാകാൻ ആഗ്രഹിക്കുന്നവര്....' അങ്ങനെ പോകുന്നു പ്രാർത്ഥനക്കുള്ളവരുടെ ലിസ്റ്റ്. 'എന്തിനാണ് നിങ്ങൾ ദൈവത്തെ സമീപിക്കുന്നത്' എന്ന ഒറ്റ ചോദ്യം കൊണ്ട് ഇവക്കൊക്കെ ഉത്തരം പറയാം. ചില ഭൗതീക നേട്ടങ്ങൾക്ക് വേണ്ടി മാത്രം. ഇത്തരക്കാർക്ക് കൊടുക്കൽ വാങ്ങലുകൾക്കപ്പുറം ദൈവം ഒന്നുമല്ല. മതത്തെ ഒരു നീണ്ട തെണ്ടൽ പണിയായി മാറ്റുന്നവർ ഇത്തരക്കാരാണ്. എന്നാൽ പുറമേ നിന്ന് നോക്കിയാൽ എല്ലാം പ്രാർത്ഥനാ മയവും.
'ഐഎംഎസ് അമ്മേ, എന്റെ ആശ്രയമേ...' എന്ന തലക്കെട്ടോടെ എല്ലാ ക്ലിപ്പുകളിലും തന്റെ പേരും ചേർത്ത് പോസ്റ്റ് ചെയ്യുന്ന ആൾ ഒരു പുതിയ ആചാരം ( ഉണ്ടാക്കിയെടുക്കാനുള്ള നിഗൂഡ ശ്രമത്തിലാണെന്ന് സംശയിക്കണം. ക്രിസ്തീയ വിശ്വാസം ക്രിസ്തു കേന്ദ്രീകൃതമാണ്. ക്രിസ്തുവിന്റെ ജീവിതത്തിനുള്ളിലാണ് മറിയത്തിന്റെ സ്ഥാനം. പക്ഷേ, ക്രിസ്തുവിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഒരു 'മരിയ മതം' കെട്ടിപ്പടുക്കുകയാണ് പ്രശാന്ത് എന്ന പുരോഹിതൻ. നിങ്ങൾ നിയോഗം സമർപ്പിക്കൂ, അച്ചൻ പ്രാർത്ഥിക്കാം' അച്ചന്റെ പ്രാർത്ഥനക്ക് സാധാരണ ജനത്തിന്റെ പ്രാർത്ഥനയേക്കാൾ എന്തോ കൂടുതൽ വില ദൈവസന്നിധിയിൽ ഉണ്ട് എന്ന ധാരണ സൃഷ്ടിക്കുന്നു. അങ്ങനെ പുരോഹിതൻ ദൈവത്തിനും മനുഷ്യർക്കും ഇടയിൽ ഇടനിലക്കാരൻ ആകുന്നു.
'ദൈവസന്നിധിയിൽ നമ്മുക്ക് ഒരു മധ്യസ്ഥനേയുള്ളൂ യേശുക്രിസ്തു' എന്ന കാഴ്ചപ്പാടിനെ തന്നെ ചോദ്യം ചെയ്യുന്നു. ഓരോ മനുഷ്യനും ദൈവത്തെ നേരിട്ട് സമീപിക്കാൻ യോഗ്യനാണ്. മനുഷ്യന്റെ എല്ലാ ആവശ്യങ്ങളും ഞാൻ പ്രാർത്ഥിച്ചു സാധിച്ചു തരാം എന്ന മനോഭാവം പൗരോഹിത്യത്തിന്റെ അഹന്തയാണ്. പുരോഹിതൻ ദൈവജനത്തിന്റെ ശുശ്രൂഷകനാണ്. അത് കൂദാശകളുടെ പരികർമ്മത്തിനു ദൈവജനത്തിന്റെ പ്രതിനിധിയായി സേവനം ചെയ്യാനാണ്. അല്ലാതെ ദൈവത്തിനും മനുഷ്യർക്കും ഇടയിൽ നിന്ന് കൊടുക്കൽ വാങ്ങൽ നടത്താൻ അല്ല. സ്വർഗ്ഗം, നരകം, പിശാച് എന്നി വിശ്വാസ വിഷയങ്ങളെക്കുറിച്ച് ആധുനീക ശാസ്ത്രത്തിന്റെയും മന:ശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ വിപുലമായ ദൈവശാസ്ത്രവിചിന്തനം നടക്കുന്ന ഈ കാലത്ത് പിശാച് എന്നാൽ എന്തോ ഭീകര ജീവിയാണെന്ന സാധാരണ ജനങ്ങളുടെ മനസ്സിൽ തോന്നിക്കത്തക്കവണ്ണമുള്ള പേടിപ്പെടുത്തുന്ന ചിന്തകളും ഉച്ചാടന പ്രാർത്ഥനകളും പോസ്റ്റ് ചെയ്യുക, സ്വർഗ്ഗം, നരകം ഇവയൊക്കെ എവിടെയോ ഉള്ള സ്ഥലങ്ങളാനെന്ന ശാസ്ത്ര മനസ്സിന് നിരക്കാത്ത മഠയത്തരങ്ങൾ അവതരിപ്പിക്കുക, ബന്ധനപ്രാർത്ഥ സംരക്ഷണ പ്രാർത്ഥന തുടങ്ങിയ പേരിൽ അന്ധവിശ്വാസം ജനിപ്പിക്കുക എന്നി ഭവിഷ്യത്തുകൾ കൂടി അദ്ദേഹം സോഷ്യൽ മീഡിയയിൽ ചെയ്യുന്നുണ്ട്.-എന്ന പരാതിയും വിശ്വാസ സമൂഹത്തിൽ സജീവമാണ്.
രോഗശാന്തി കുർബാന, ഉദ്ദിഷ്ഠകാര്യസാധ്യ കുർബാന എന്ന പലതരം പേരിൽ ക്രൈസ്തവ സഭയുടെ കൂദാശകളെ അതിന്റെ ആന്തരീക അർത്ഥത്തിൽ നിന്ന് വഴിമാറ്റി വിടുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇതിനെ അപലപിക്കാൻ ദൈവശാസ്ത്രം പഠിപ്പിക്കുന്ന ക്രൈസ്തവ പണ്ഡിതർ ഉടൻ ഇടപെടേണ്ടണ്ടതുണ്ട്. പോസ്റ്റുകളിൽ എല്ലാം തന്നെ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് സെൽഫ് പ്രെമോഷൻ നടത്തുന്നതിൽ അദ്ദേഹം ബദ്ധശ്രദ്ധനാണ്. സ്വയം 'അച്ചൻ' എന്ന് അഭിസംബോധന ചെയ്യുന്നതിൽ ആത്മസംതൃപ്തി കണ്ടെത്തുന്നു. തന്റെ പ്രാർത്ഥനക്ക് കൂടുതൽ ശക്തിയുള്ളതായി അയ്യാൾ സ്വയം വിചാരിക്കുന്നു. പ്രാർത്ഥനകൾ നടത്തി ഗിന്നസ്ബുക്കിൽ ഇടം നേടി അതുകൊട്ടിഘോഷിക്കാൻ ശ്രമിക്കുന്നു. 36,000 ലൈക്കുകൾ കിട്ടിയതിന് ദൈവത്തിന് നന്ദി പറയുന്നു. അങ്ങനെ ഒരു ആൾദൈവം ജനിക്കുകയാണെന്ന വിമർശനമാണ് സജീവമാകുന്നത്.
എന്നാൽ പ്രശാന്ത് അച്ചന്റെ രോഗ ശാന്തി പോസ്റ്റുകൾക്ക് നല്ല പ്രതികരണവും എഫ് ബിയിൽ കിട്ടുന്നുണ്ട്. ഈ മാസം പത്തിന് അദ്ദേഹം ഇട്ട പോസ്റ്റിൽ 338 പേരാണ് പ്രാർത്ഥനാ സഹായം തേടിയത്. അതിൽ ബഹുഭൂരിഭാഗവും അസുഖ നിവാരണത്തിന് ആയിരുന്നു. അതിൽ ഒന്ന് ഇങ്ങനെ- ജോജി ഇപ്പോൾ ആശുപത്രിയിൽ അഡ്‌മിറ്റ് ആണ് വയറുവേദന കുറവുണ്ട് അത് പൂർണമായി മാറുവാനും 9 ദിവസമായി വിട്ടുമാറാതിരിക്കുന്നതും ഇതുവരെ കാരണം കണ്ടെത്താത്തതുമായ തലകറക്കം വരുന്നത് എന്തുകൊണ്ടാണെന്ന് കണ്ടുപിടിക്കതായ ചികിത്സ കിട്ടി അസുഖം പൂർണ്ണമായും സുഖപ്പെടുവാൻ പ്രത്യേകം പ്രാർത്ഥിക്കണേ സാമ്പത്തികമായ ബുദ്ധിമുട്ട് മാറി അനുഗ്രഹിക്കപ്പെടുവാനും മൂത്രസംബന്ധമായ എല്ലാ രോഗങ്ങളും സുഖപ്പെടുവാനും പ്രത്യേകം പ്രാർത്ഥിക്കണേ..ഇങ്ങനെ പോകുന്നു. സ്വന്തമായി വീട് വാങ്ങാനുള്ള അഗ്രഹവുമായി പ്രാർത്ഥനിക്ക് പോസ്റ്റ് ഇടുന്നവരുമുണ്ട്.
അതുകൊണ്ട് തന്നെ ഉയരുന്ന വിമർശനങ്ങൾ പ്രശാന്ത് അച്ചന്റെ ന്യൂജെൻ രോഗശാന്തി പ്രാർത്ഥനയ്ക്ക് തടസ്സമാകുന്നില്ല. വിമർശനങ്ങൾക്കിടയിലും പുതു മാദ്ധ്യമത്തിന്റെ സഹായത്താൽ ഐഎംഎസ് അമ്മയുടെ കാരുണ്യത്തിനായി വിശ്വാസികളുടെ സങ്കടങ്ങൾ സമർപ്പിക്കുകയാണ് ഫാ. പ്രശാന്ത് അച്ചൻ..