കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷയെ കൊലപ്പെടുത്തിയതു കഴുത്തുഞെരിച്ചെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പ്രധാന അവയവങ്ങൾക്കേറ്റ പരിക്കും മരണകാരണമായെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ജിഷയുടെ കൊലപാതകത്തിൽ കൂടുതൽ വ്യക്തത നൽകുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണു പുറത്തുവന്നത്. പുറത്ത് കടിയേറ്റ പാടുകളുണ്ട്.

അതേസമയം, പോസ്റ്റ്‌മോർട്ടത്തിൽ ഗുരുതര വീഴ്ച ഉണ്ടായതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗത്തിനു വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് വിശദമായ അന്വേഷണത്തിനു ജോയിന്റ് മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി. ജോയിന്റ് മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ ഡോ. ശ്രീകുമാരി, തിരുവനന്തപുരം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ.ശശികല എന്നിവരുടെ സംഘം നാളെ ആലപ്പുഴ മെഡിക്കൽ കോളജിൽ പരിശോധന നടത്തും.

ജിഷയുടെ ശരീരത്തിൽ 38 മുറിവുകൾ ഉണ്ടായിരുന്നുവെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. പത്തു മുറിവുകൾ ആയുധം വഴിയും 28 മുറിവുകൾ മൽപ്പിടിത്തത്തിലും സംഭവിച്ചതാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം നടന്നെന്ന സൂചന സ്ഥിരീകരിക്കാൻ ശരീര സാമ്പിളുകൾ ഡി.എൻ.എ. പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചതോ കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവോ ആണു മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആലപ്പുഴ മെഡിക്കൽ കോളജ് അധികൃതർ പൊലീസിനു കൈമാറി. ഓരോ മുറിവിന്റെയും ആഴവും വിശദാംശങ്ങളും അഞ്ചു പേജുള്ള റിപ്പോർട്ടിലുണ്ട്. കഴുത്തിൽ കൈകൊണ്ട് അമർത്തിയതിന്റെ രണ്ടു പാടുകളും കണ്ടെത്തിയിരുന്നു.

പോസ്റ്റ്‌മോർട്ടത്തിൽ ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ആർ.ജയലേഖയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. പോസ്റ്റ്‌മോർട്ടം നടത്തിയത് പിജി വിദ്യാർത്ഥിയാണെന്നും അസോഷ്യറ്റ് പ്രഫസർ പൂർണമായും പങ്കെടുത്തില്ലെന്നും റിപ്പോർട്ടിലുണ്ട്. പോസ്റ്റ്‌മോർട്ടത്തിൽ അസോഷ്യറ്റ് പ്രഫസർ പങ്കെടുത്തെങ്കിലും പൂർണ സമയം ചിലവഴിച്ചില്ല. മാത്രമല്ല, ഗുരുതരമായ കേസിൽ സ്ഥല പരിശോധനയ്ക്ക് അസോഷ്യറ്റ് പ്രഫസർ പോയില്ല. പകരം പിജി വിദ്യാർത്ഥിയെയാണ് സ്ഥല പരിശോധനയ്ക്ക് അയച്ചത്. ഇതു തെളിവു ശേഖരണത്തിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിയമ വിദ്യാർത്ഥിനിയുടെ മൃതദേഹം ഏറ്റു വാങ്ങിയത് പിജി വിദ്യാർത്ഥിയാണ്. നാലു പേരുള്ള ഫൊറൻസിക് വിഭാഗത്തിൽ ആ സമയം ആരും ഉണ്ടായിരുന്നില്ല. ഗൗരവമുള്ള കേസ് ആയിട്ടു കൂടി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിനു കൈമാറുന്നതിൽ കാലതാമസം വന്നു. 29ന് നടത്തിയ പരിശോധനയുടെ റിപ്പോർട്ട് നൽകിയത് ഇന്നലെ മാത്രമാണ്. കൂടാതെ പോസ്റ്റ്‌മോർട്ടം വിഡിയോ ചിത്രീകരണം നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് വിദഗ്ധ സമിതി വിശദമായ അന്വേഷണം നടത്തുന്നത്.

ജിഷയുടെ ആന്തരികാവയവങ്ങളുടേതുൾപ്പെടെയുള്ള ഡിഎൻഎ പരിശോധന തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലായിരിക്കും നടത്തുക. കുറുപ്പംപടി കനാൽ പുറമ്പോക്കു ഭൂമിയിലെ അടച്ചുറപ്പില്ലാത്ത ചെറിയ വീട്ടിൽ ഏപ്രിൽ 28 നാണ് ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി പീഡിപ്പിച്ചതായാണു ഫൊറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം വന്നിരുന്നത്.