കണ്ണൂർ: തീപ്പെട്ടി കമ്പനികളുടെ പേരിലെത്തുന്ന പൊട്ടാസ്യം ക്ലോറൈറ്റാണ് കേരളത്തിലെ വെടിക്കെട്ട ് അപകടങ്ങളിലെ മുഖ്യവില്ലൻ. വിരലിലെണ്ണാൻപോലും തീപ്പെട്ടി കമ്പനികളില്ലാത്ത കേരളത്തിൽ പൊട്ടാസ്യം ക്ലോറൈറ്റ് എത്തുന്നത് ലോഡു കണക്കിനാണ്. ഓരോ അപകടങ്ങളിലും ഇത് വ്യക്തമായിട്ടും പൊട്ടാസ്യം ക്ലോറൈറ്റിന്റെ വ്യാപനം തടയാൻ അധികൃതർ തയ്യാറാവുന്നില്ല.

ശിവകാശിയിൽ നിന്നും അപകടരഹിതമായ പടക്കങ്ങൾ നിർമ്മിച്ചു വിതരണം ആരംഭിച്ചിട്ട് ഒന്നര ദശവർഷത്തിലേറെയായി. എന്നിട്ടും പൊട്ടാസ്യം ക്ലോറൈറ്റ് ചേർത്ത് ഉഗ്ര സ്‌ഫോടനം ഉണ്ടാക്കുന്ന പടക്കങ്ങളോട് തന്നെയാണ് നമുക്ക് കമ്പം. സ്‌ഫോടനതീവ്രത കുറച്ച,് വർണ്ണഭംഗിയുള്ള നിരവധി പടക്കങ്ങളാണ് ആഘോഷങ്ങൾക്കു വേണ്ടി കേരളത്തിലെത്തുന്നത്. എന്നാൽ ഉത്സവ ചടങ്ങുകളിൽ ആദ്യം ചൈനീസ് പടക്കങ്ങൾക്ക് തിരി കൊളുത്തുകയും പിന്നീട് അത്യഗ്രസ്‌ഫോടനമുള്ള നാടൻ നിർമ്മിത ഗുണ്ട് എന്നു പറഞ്ഞ് പൊട്ടിക്കുന്നത് യഥാർത്ഥത്തിൽ ഡയനാമിറ്റുകളാണ്.

പടക്കങ്ങളിൽ നിയമാനുസൃതം ഉപയോഗിക്കാൻ അനുവദിക്കപ്പെട്ടത് പൊട്ടാസ്യം നൈട്രേറ്റ്, കാർബൺ, സൾഫർ, ബേരിയം നൈട്രേറ്റ് എന്നീ രാസവസ്തുകളാണ്. എന്നാൽ കേരളത്തിൽ ആഘോഷങ്ങൾക്കായി ഉപയോഗിക്കുന്ന പടക്കങ്ങളിൽ പൊട്ടാസ്യം ക്ലോറൈറ്റ് ചേർത്താണ് നിർമ്മിക്കപ്പെടുന്നത്. കാതടപ്പിക്കുന്ന ശബ്ദവും വൻ സ്‌ഫോടനവുമാണ് ഇതിനു പ്രേരകമാവുന്നത്. സാധാരണ പടക്കക്കടകളിൽ ഇവ ശേഖരിക്കാറില്ല. രഹസ്യ കേന്ദ്രങ്ങളിൽ നിർമ്മിച്ച് ആഘോഷ ദിവസം പെട്ടെന്ന് എത്തിച്ച് വെടിക്കെട്ട് നടത്തുക എന്ന രീതിയാണ് ഇവർ കൈക്കൊള്ളുക.

അതുകൊണ്ടു തന്നെ സുരക്ഷിതത്വം കടലാസിൽ മാത്രമാണ്. സ്‌ഫോടനത്തിന്റെ തീവ്രതക്കനുസരിച്ച് വൻ സാമ്പത്തികനേട്ടം ഈ അനധികൃത നിർമ്മാതാക്കൾക്ക് ലഭ്യമാവുന്നു. ഒരു ഡസനിലേറെപ്പേർ യാതൊരു ലൈസൻസുമില്ലാതെ ക്ഷേത്രോത്സവങ്ങളിൽ ഇത്തരം വെടിക്കെട്ട് നടത്തുന്നുണ്ടെന്നാണ് വിവരം. പൊട്ടാസ്യം ക്ലോറൈറ്റ് ചേർത്ത് നിർമ്മിക്കുന്ന പടക്കങ്ങളിൽ അമിത ചൂടോ നേരിയ ഘർഷണമോ ഉണ്ടായാൽ തന്നെ എല്ലാം പൊട്ടിത്തകരും.

വടക്കൻ കേരളത്തിലെ കാവുകളിലും ക്ഷേത്രങ്ങളിലുമാണ് ഉഗ്രസ്‌ഫോടനശേഷിയുള്ള വെടിമരുന്ന് പ്രയോഗം നടക്കുന്നത്. മാരകശേഷിയുള്ള പടക്കങ്ങൾ പൊട്ടിക്കും മുമ്പ് ആളുകളെ സമീപത്തു നിന്നും മാറ്റും. ഇങ്ങനെ മാറ്റിയെങ്കിലും രണ്ടു വർഷം മുമ്പ് കണ്ണൂരിലെ ഒരു കാവിൽ ഗുണ്ടിന് തീകൊളുത്തിയ ആൾ തന്നെ മരണപ്പെടുകയുണ്ടായി. സർവ്വനിയമങ്ങളും കാറ്റിൽ പറത്തി പൊട്ടാസ്യം ക്ലോറൈറ്റ് അമിതമായതാണ് അപകടത്തിന് കാരണമായതായി ചൂണ്ടിക്കാട്ടിയത്. രണ്ടു പേർ ചേർന്ന് എടുത്തുകൊണ്ടുപോകുന്ന വലിപ്പത്തിലുള്ള ഗുണ്ടുകളും ഇപ്പോൾ നിർമ്മിച്ചു വരുന്നുണ്ട്.. അതിന്റെ സ്‌ഫോടനശേഷി എത്രയെന്ന് കണക്കാക്കാൻ പറ്റില്ല. ഇതെല്ലാം കാലങ്ങളായി നടക്കുന്നതുമാണ്. ഗുണ്ട്്്് എന്ന് പറയുന്നുണ്ടെങ്കിലും പൊട്ടുന്നത് ഡയനാമിറ്റുകളാണെന്ന് അധികൃതർക്ക് അറിയുന്നില്ല.

വിഷുക്കാലമായതിനാൽ ഉത്തരകേരളത്തിൽ നിരവധി ക്ഷേത്രങ്ങളിൽ വെടിക്കെട്ട് നടക്കുന്നുണ്ട്. എല്ലായിടത്തും ഉഗ്രശേഷിയോടെ ഗുണ്ടുകൾ പൊട്ടുന്നുമുണ്ട്. നിരീക്ഷണത്തിനെത്തുന്ന പൊലീസും ഇത് ഒപ്പം നിന്ന് ആസ്വദിക്കുന്നതാണ് പതിവ്. വെടിക്കെട്ടിനുള്ള സുരക്ഷാ സംവിധാനം എന്താണെന്ന് പൊലീസിനും അറിവില്ല. കടകളിൽ പ്രദർശിപ്പിച്ച് കച്ചവടം നടത്തുന്നവരെയാണ് ഇവർ പിടികൂടുക. രഹസ്യകേന്ദ്രത്തിൽ പൊട്ടാസ്യം ക്ലോറൈറ്റ് കടന്നുവരുന്ന വഴി കണ്ടെത്തിയാൽ വെടിക്കെട്ട് ദുരന്തം ഒഴിവാക്കാൻ പറ്റും.

രണ്ടാഴ്ച മുമ്പ്് കണ്ണൂർ പൊടിക്കുണ്ടിൽ ഗുണ്ടുകളും ഡയനാമിറ്റുകളും പൊട്ടി 60 ഓളം വീടുകളാണു തകർന്നത്. ലൈസൻസില്ലാതെ പടക്കം നിർമ്മിക്കുന്ന ആളിൽ നിന്നാണ് ഈ ദുരന്തം ഉണ്ടായത്. സമീപത്തെ ക്ഷേത്രോത്സവത്തിന് ആളുകൾ പോയതിനാൽ ജീവഹാനി ഉണ്ടായില്ല. ഇവിടെ ഉഗ്രസ്‌ഫോടനം ഉണ്ടാക്കിയത് പൊട്ടാസ്യം ക്ലോറൈറ്റാണെന്ന് അറിവായിട്ടുണ്ട്. എന്നിട്ടും ഇല്ലാത്ത തീപ്പെട്ടി കമ്പനികളുടെ പേരിൽ ഇവ യഥേഷ്ടം എത്തുന്നു. കടിഞ്ഞാണിടേണ്ടത് തീപ്പെട്ടി കമ്പനികളുടെ പേരിൽ ലൈസൻസ് നേടിയവർക്കെതിരെയാണ്.

പ്രഹരശേഷി കുറഞ്ഞ ദൃശ്യഭംഗിയുള്ള വൈവിധ്യമായ ഒട്ടനവധി പടക്കങ്ങൾ ചൈനീസ് സാങ്കേതിക വിദ്യയിൽ ഇറങ്ങുന്നുണ്ട്. ശിവകാശിയിൽ നിന്ന് ഉത്പ്പാദിപ്പിക്കുന്ന ഈ പടക്കങ്ങൾ കണ്ണിനും കാതിനും ഇമ്പമേകുന്നവയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഇത് ഉപയോഗിക്കാനാവും. മാത്രമല്ല അവർ ഉത്പ്പാദിപ്പിച്ച പടക്ക പായ്ക്കറ്റിൽ ഉപയോഗിക്കേണ്ട നിർദ്ദേശവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും അനധികൃത രാസവസ്തുക്കൾ ചേർത്ത പടക്കങ്ങളോടുള്ള നമ്മുടെ കമ്പമാണ് ദുരന്തങ്ങളെ മാടി വിളിക്കുന്നത്.