പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ കുടപ്പനക്കുളം സ്വദേശി പി.പി.മത്തായി കൊല്ലപ്പെട്ട കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടു മത്തായിയുടെ ഭാര്യ ഷീബ സിബിഐ ഡയറക്ടർക്ക് കത്തു നൽകി.

കടുത്ത അതൃപ്തി അറിയിച്ചു ഷീബ നൽകിയ കത്തിൽ കുറ്റപത്രത്തിലെ പഴുതുകൾ അക്കമിട്ട് പറയുന്നു. മത്തായി കേസിൽ ഷീബയുടെ ആവശ്യപ്രകാരമാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിന് വനം വകുപ്പ് അംഗീകാരം നൽകിയതോടെ വനപാലകരെ സർവീസിൽ നിന്ന് പിരിച്ചു വിടാനുള്ള നടപടിയിലേക്ക് വകുപ്പിന് കടക്കാം.

മത്തായിയുടെ മരണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. സിബിഐയുടെ റിപ്പോർട്ട് ലഭിച്ചതോടെ തുടർ നടപടികൾക്ക് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ നിർദ്ദേശം നൽകിയിരുന്നു. വിശദമായി റിപ്പോർട്ട് പഠിച്ച ശേഷം ശിക്ഷണ നടപടികളിലേക്ക് കടക്കുമെന്നാണ് വനം വകുപ്പിലെ ഉന്നതർ നൽകുന്ന സൂചന.

റേഞ്ച് ഓഫിസർ ആർ.രാജേഷ്‌കുമാർ, സെക്ഷൻ ഓഫിസർ എ.കെ.പ്രദീപ്കുമാർ, ജോസ് ഡിക്രൂസ്, ടി.അനിൽകുമാർ, എൻ.സന്തോഷ്‌കുമാർ, വി എം.ലക്ഷ്മി, ട്രൈബൽ വാച്ചർ ഇ.ബി.പ്രദീപ്കുമാർ എന്നിവർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കുറ്റക്കാർക്ക് തക്കതായ ശിക്ഷ സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് ഓർത്തഡോക്‌സ് സഭാ വക്താവ് ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് പറഞ്ഞു.

ആദ്യം ചിറ്റാർ പൊലീസ് എടുത്ത കേസിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ഷീബ മോൾ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്. വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ കുടപ്പനയിൽ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് രണ്ടു വർഷം മുമ്പാണ്. എന്നാൽ സംസ്ഥാന പൊലീസും വനം വകുപ്പും നടത്തിയ അന്വേഷണങ്ങളിൽ മരണം കിണറ്റിൽ വീണെന്നായിരുന്നു നിഗമനം.

2020 ജൂലായ് 28 ന് മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തതു മുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് ഇപ്പോൾ സിബിഐയുടെ കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. ഇതോടെയാണ് കേസിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസറടക്കം ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന നിർദ്ദേശം ഉണ്ടായത്.

അടിമുടി ദുരൂഹത

മരണപ്പെട്ട പി പി മത്തായി എന്ന പൊന്നുവിനെ കസ്റ്റഡിയിൽ എടുക്കുന്നതിനു മുൻപായി യാതൊരു വിധ കേസുകളും കുറ്റകൃത്യം സംബന്ധിച്ച് രജിസ്റ്റർ ചെയ്തിരുന്നില്ല, ക്യാമറ നശിപ്പിച്ചു എന്ന ആരോപണത്തിന് പൊലീസിൽ ഫോറസ്റ്റ് അധികൃതർ പരാതി നൽകിയിട്ടില്ല, ക്യാമറ നശിപ്പിച്ച സ്ഥലത്തു വെച്ചു പ്രത്യേകം മഹസർ തയാറാക്കിയിട്ടില്ല, അറസ്റ്റ് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ പൂർണമായും അവഗണിച്ചു, കസ്റ്റഡിയിൽ എടുക്കുന്നതിനു വീട്ടിൽ പ്രവേശിക്കുന്നതിനു രേഖകൾ തയാറാക്കിയില്ല, കസ്റ്റഡിയിൽ എടുത്ത ആളെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിക്കുകയോ രേഖകൾ തയാറാക്കുകയോ ചെയ്തിരുന്നില്ല, ഇതിനു പുറമെ പൊലീസിൽ ഫോറസ്റ്റ് ആക്ട് സെക്ഷൻ 63 പ്രകാരം അറിയിപ്പ് നൽകിയില്ല.

മരണപ്പെട്ട ആൾ നൽകിയതായി അവകാശപ്പെടുന്ന കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയില്ല, ഫോൺ സിം കാർഡ് കണ്ടെത്താൻ വീടിനുള്ളിൽ കയറുന്നതിനു യാതൊരു രേഖകളും തയാറാക്കിയില്ല, സ്വതന്ത്ര സാക്ഷികളെ അറിയിച്ചില്ല, പരിശോധന മെമോ നൽകിയില്ല, അധികാരപ്പെട്ട മേലുദ്യോഗസ്ഥരോട് അനുമതി വാങ്ങിയില്ല, കസ്റ്റഡിയിൽ എടുത്ത ശേഷം മെഡിക്കൽ പരിശോധന നടത്തിയില്ല, സുരക്ഷിതത്വം ഉറപ്പാക്കിയില്ല, കോടതിയിൽ കൃത്യത്തിനു ശേഷം ഹാജരാക്കിയ മഹസർ വിവരങ്ങളിൽ നിന്നും ക്യാമറ നശിപ്പിച്ച സംഭവത്തിൽ പങ്കാളിയായിരുന്നതും പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നതിനു വിവരം നൽകി എന്ന് പറയുന്നതുമായ ആളുടെ മേൽവിലാസം രേഖപ്പെടുത്തിയിട്ടില്ല.

സംഭവം സംബന്ധിച്ച് ചിറ്റാർ പൊലീസിൽ ആദ്യം ഫോറസ്റ്റ് സ്റ്റാഫ് രേഖാമൂലം വിവരം നൽകിയില്ല, മെമ്മറി കാർഡ് പ്രതി കത്തിച്ചു കളഞ്ഞു എന്നു പറയുമ്പോൾ തന്നെ അവശിഷ്ടങ്ങൾ തെരഞ്ഞു കിണറിനടുത്തു പോയി എന്ന് പറയുന്നത് വിശ്വസനീയം അല്ല, ആൾമറയുള്ള കിണറ്റിൽ ചാടിയതായി പറയുമ്പോൾ തടയാൻ ശ്രമിച്ചതായി പറയുന്നില്ല, തുടങ്ങി നിരവധി കണ്ടെത്തലുകൾ വനപാലകർക്കെതിരെയുള്ള റിപ്പോർട്ടിൽ ഉണ്ടെന്ന് പറയുന്നു. ഇതേ തുടർന്നാണ് വനം വകുപ്പിനു മാനക്കേട് ഉണ്ടാക്കിയ സംഭവത്തിൽ നടപടി സ്വീകരിക്കാൻ നിർദ്ദേശം ഉണ്ടായിരിക്കുന്നത്. സംഘടനാ തലത്തിൽ ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളും വിജയിച്ചിട്ടില്ല.