കണ്ണൂർ: അധികാരവും പണവുമുണ്ടെങ്കിൽ ഏതു വന്മലയും തുരക്കാം, തകർത്തെറിയാം. കണ്ണൂർ - മൈസൂർ റോഡിൽ നെടുമ്പൊയിലിനടുത്ത 24-ാം മൈലിലെ ക്വാറി പ്രവർത്തിക്കുന്നത് നിയമങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ്.

മലയേക്കാൾ ശക്തമായ സ്വാധീനം ഭരണതലത്തിലുണ്ടെങ്കിൽ ആരെ പേടിക്കാൻ. അനുദിനം ലക്ഷങ്ങൾ കൊയ്യുന്ന ഈ കരിങ്കൽ കച്ചവടത്തിന് പിന്നിൽ ചരടുവലിക്കാൻ യു.ഡി.എഫ്. പ്രമുഖനാണെങ്കിൽ പിന്നെ ആരും അങ്ങോട്ടടുക്കില്ലല്ലോ. എതിർക്കാൻ വരുന്നവർക്ക് കീശ നിറയെ പണം നൽകി ഒതുക്കും. അല്ലാത്തവർക്കു ഭീഷണി. പിന്നെ മതിൽ കടന്ന് ആരും അങ്ങോട്ടു കടക്കാറില്ല. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയക്കാരെ അവർ കൈപ്പിടിയിൽ ഒതുക്കി. യു.ഡി.എഫ് നേതാവ് തങ്കച്ചന്റെ ബന്ധുക്കൾക്കാണ് 125 ഏക്കറോളം വരുന്ന ഈ പാറമടയുടെ ഉടമസ്ഥാവകാശം. ന്യൂ ഭാരത് ക്വാറി എന്ന് നാമകരണം ചെയ്ത ഈ ഖനനകേന്ദ്രത്തിൽ എത്തുന്ന രാഷ്ട്രീയക്കാർക്ക് സഞ്ചി നിറയെ പണം നൽകും. അതുകൊണ്ടുതന്നെ ഇടതു വലതു ദേശീയ വാദികളും ഈ ക്വാറിക്കെതിരെ ചെറുവിരൽ അനക്കാറില്ല. ഈ രാഷ്ട്രീയ പിൻതുണയാണ് പ്രകൃതിക്ക് ചരമക്കുറിപ്പെഴുതാൻ പോകുന്ന കരിങ്കൽ ഖനനം യഥേഷ്ടം നടക്കാനുള്ള കാരണവും.

തങ്കച്ചന് മേധാവിത്വമുള്ള പാറമടക്ക് സവിശേഷതകളേറെ. സംസ്ഥാനത്തെ പാറമടകൾക്ക് സ്റ്റാർ പദവി കൊടുക്കാമെങ്കിൽ ന്യൂഭാരത് ക്വാറിക്ക് ഫൈവ് സ്റ്റാർ തന്നെ നൽകണം. അത്രക്ക് തലയെടുപ്പുണ്ട് ഈ ക്വാറിക്ക്. 125 ഏക്കർ സ്ഥലത്ത് വന്മതിൽ ഒരുക്കിയിട്ടുണ്ട്. അതിനു ചുറ്റും എല്ലാ ഭാഗത്തും സി.സി.ടി.വി. ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. ക്വാറിയുടെ ഏറ്റവും മുകളിലായി ഒരുക്കിയിട്ടുള്ള പ്രത്യേക ലൈറ്റ് സംവിധാനത്തിലൂടെ അടുത്ത മലയിൽ വരെ വെളിച്ചം കടന്നെത്തുന്നു. ചെക്കേരി ആദിവാസികോളനിയിലെ ഏതു ചലനവും രാത്രിയിൽ ദൃശ്യമാവും.

ക്വാറിക്കെതിരെ പ്രക്ഷോഭവും നിയമയുദ്ധവും നടത്തുന്നവരാണ് ആദിവാസികളായ കുറിച്യർ. പഴശ്ശിരാജയുടെ പടയാളി തലക്കൽ ചന്തുവിന്റെ പിന്മുറക്കാർ. അവർ മാത്രമായി ക്വാറിക്കെതിരെയുള്ള സമരക്കാരുടെ നിര ചുരുങ്ങിയിരിക്കുന്നു. ബ്രിട്ടീഷ് പടയെ ചെറുത്തുതോല്പിച്ച് മടക്കിയയച്ചിട്ടുള്ള ചരിത്രമുള്ള അവർ ക്വാറിയുടെ അനധികൃത പ്രവർത്തനം തടയാൻ നീതിയുടെ അവസാന അറ്റം വരെ പോകുമെന്ന് ഉറപ്പിച്ചിരിക്കയാണ്. ഇത് തിരിച്ചറിഞ്ഞ ക്വാറി ഉടമകൾ പണമെറിഞ്ഞും ഭീഷണിപ്പെടുത്തിയും അവരെ വരുതിയിൽ നിർത്താൻ ശ്രമിച്ചെങ്കിലും അടവുകളൊന്നും ഫലം കണ്ടില്ല.

ജിയോളജി വകുപ്പും മലിനീകരണനിയന്ത്രണ ബോർഡുമൊക്കെ ക്വാറി ഉടമകളുടെ കീശയിലാണ്. ജിയോളജി വകുപ്പിന്റെ 12 -ാം ഖണ്ഡികയിൽ പറഞ്ഞിട്ടുള്ളത് വീടുകൾക്കോ താമസക്കാർക്കോ ദോഷമുണ്ടാകത്തക്ക വിധം ക്വാറി പ്രവർത്തിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യാമെന്നാണ്. എന്നാൽ ഇവിടെ നടക്കുന്നത് തങ്കച്ചന്റെ ഉത്തരവ് മാത്രം. സ്റ്റേറ്റ് ഹൈവേയിൽ നിന്നും 200 മീറ്റർ ദൂരത്തിൽ മാത്രമേ ക്വാറി പ്രവർത്തിക്കാവൂ എന്ന് നിയമം അനുശാസിക്കുന്നു. 50 മീറ്റർ മാത്രമാണ് റോഡിൽ നിന്ന് ക്വാറിയിലേക്കുള്ള ദൂരമെന്ന് കോടതി നിയോഗിച്ച കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.എന്നാൽ ഇവിടെ നിയമം അറച്ചു നിൽക്കുകയാണ്.

ഈ ക്വാറിയുടെ ഉടമയായി അവരോധിക്കപ്പെട്ടിട്ടുള്ളത് മാത്യു എം. പത്രോസ് ആണ്. തൊട്ടു താഴെ എബിൻ ഐസക്ക്. എല്ലാവരും തങ്കച്ചന്റെ അടുത്ത ബന്ധുക്കൾ. പോയ വർഷം ജനുവരി 2 ന് ക്വാറിയിൽ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തിൽ അക്രമം നടന്നു. ആദിവാസികൾ ക്വാറിക്കെതിരെ സമരം നടത്തുന്ന സമയത്തായിരുന്നു അത്. മാവോയിസ്‌റ്റെന്ന് മുദ്ര കുത്തി കേളകം പൊലീസ് 5 ആദിവാസികളെ അറസ്റ്റ് ചെയ്തു. അതിന്റെ പേരിൽ കുറിച്യ മുന്നേറ്റ സമിതിയിലെ സുശാന്ത് ഉൾപ്പെടെയുള്ള നേതാക്കൾ ഇപ്പോഴും കേസുമായി നടക്കുകയാണ്. ഇവർക്കെതിരെ പരാതി നൽകിയത് എബിൻ ഐസക്ക് ആണ്.

ക്വാറിയുടെ പ്രവർത്തനം മൂലം ദുരന്തം മുഴുവൻ ഏറ്റുവാങ്ങുന്നത് തൊട്ടടുത്ത മലയിലെ 131 കുറിച്യ കോളനി നിവാസികൾക്കാണ്. 80 ഓളം വീടുകൾ കരിങ്കൽ വീണ് വിള്ളൽ വന്നിരിക്കയാണ്. കരിങ്കൽ പൊടിയിൽ ജലസ്രോതസ്സുകൾ ഉപയോഗശൂന്യമായി. പതിവായി കാണാറുള്ള വന്യജീവികൾ ഈ പ്രദേശം വിട്ടൊഴിഞ്ഞു. ആദിവാസികളുടെ ചെറുത്തുനിൽപ്പിന് തടയിടാൻ ഇപ്പോൾ അനുരഞ്ജന ശ്രമവുമായി ഇറങ്ങിയിരിക്കയാണ് ക്വാറി ഉടമകൾ. പാറമട ദിശമാറ്റാമെന്ന് ഇപ്പോൾ അറിയിച്ചിരിക്കയാണ് ഉടമകൾ. അതൊരു വൻകെണിയാണെന്ന് ആദിവാസികൾ കരുതുന്നു. അവർ ജില്ലാ ഭരണകൂടത്തിനെതിരെയും കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ്. ഹരിത ട്രിബ്യൂണലിലും പരാതി നൽകുമെന്ന് കുറിച്യ മുന്നേറ്റ സമിതി പ്രസിഡണ്ട് സുശാന്ത് പറഞ്ഞു.

പശ്ചിമഘട്ടത്തിന്നരികിൽ പത്തു മീറ്ററിൽ താഴെ മാത്രം വീതിയുള്ള കണ്ണൂർ മൈസൂർ അന്തർ സംസ്ഥാന പാത. പാതയോരത്തുനിന്നും 3000ൽപരം അടി ഉയരത്തിൽ ഉയർന്നു നിൽക്കുന്ന മല. അതിനു ചുറ്റും അതിനേക്കാൾ ഉയരത്തിൽ വനനിബിഢമായ ഹരിതമലകൾ. കോളയാട് പഞ്ചായത്തിൽപ്പെട്ട പ്രദേശമണിത്.