- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫയൽ കാണാനില്ലെന്ന് പരാതിയിലുള്ള മോഷണ സൂചന; എന്നിട്ടും എല്ലാ വിവരവും കൈമാറിയേ കേസ് എടുക്കൂവെന്ന നിലപാടിൽ പൊലീസും; ഫയൽ മുങ്ങലിൽ പരസ്പരം തൊട്ടു കളിച്ച് പൊലീസും ആരോഗ്യ വകുപ്പും; കോവിഡ് കൊള്ളയിൽ അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഡനീക്കമെന്ന് വിലയിരുത്തൽ; കിറ്റിലെ കള്ളന്മാർ രക്ഷപ്പെട്ടേക്കും
തിരുവനന്തപുരം: ഫയലുകൾ മോഷണം പോയെന്ന പരാതി കിട്ടിയാൽ ഉടൻ തന്നെ എഫ് ഐ ആർ ഇട്ട് അന്വേഷണം നടത്താം. പക്ഷേ എതെല്ലാം ഫയലുകളാണെന്ന് അറിഞ്ഞാലേ തുടർ നടപടി എടുക്കാനാകൂവെന്നായിരുന്നു പൊലീസ് നിലപാട്. പൊലീസിൽ നിന്ന് ഈ അറിയിപ്പ് ലഭിച്ചിട്ടും പിന്നീട് ആരോഗ്യ വകുപ്പ് ഡയറക്ടർ അനങ്ങിയില്ല. അങ്ങനെ അടിമുടി ദുരൂഹതയിലേക്ക് പോവുകയാണ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ ഫയൽ മോഷണ കേസ് അന്വേഷണം. ഏതായാലും പൊലീസ് ഈ വിഷയത്തിൽ പരാതി കിട്ടിയിട്ടും കേസെടുത്തില്ലെന്നതാണ് വസ്തുത. ഭാവിയിൽ പ്രശ്‌നമുണ്ടാകുമ്പോൾ പൊലീസിനെ അറിയിച്ചെന്ന് വരുത്താനുള്ള വെറും ശ്രമമായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടേത്. അതും ദൂരൂഹത കൂട്ടുന്നു.
ആരോഗ്യ വകുപ്പിൽ നിന്നും ഫയലുകൾ കാണാതായ സംഭവത്തിൽ കൃത്യമായ വിവരങ്ങൾ നൽകണം എന്ന് പൊലീസ് പറയുന്നു. ഇതു സംബന്ധിച്ച് കന്റോൺമെന്റ് പൊലീസ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകി. 500 ലേറെ ഫയലുകൾ കാണാതായിട്ടും കൃത്യമായ വിവരങ്ങൾ ആരോഗ്യ വകുപ്പ് നൽകിയിട്ടില്ല. ഫയൽ കാണാനില്ലെന്നാണ് പരാതി. കാണാനില്ലെന്ന് പരാതി പറഞ്ഞാൽ അത് മോഷണം. അതുകൊണ്ട് തന്നെ ഉടൻ കേസെടുക്കാം. എന്നാൽ വിവരങ്ങൾ നൽകാത്തതിനാൽ കേസെടുക്കാൻ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പാണ് പർച്ചേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലുകൾ കാണാതായത്. കോവിഡ് കാല കൊള്ളയിലെ സമഗ്ര അന്വേഷണത്തിലെ ഒളിച്ചുകളിക്ക് പിന്നാലെ ആണ് ഫയൽ കടത്തിലും ആരോഗ്യ വകുപ്പിന്റെ മെല്ലെ പോക്ക്.
വൻ ക്രമക്കേടുണ്ടായ കോടികളുടെ ഇടപാടുകളിൽ വിജിലൻസ് അന്വേഷണ ആവശ്യം ചെവിക്കൊള്ളാതെ, അന്വേഷണം ധനകാര്യവകുപ്പ് ഇൻസ്‌പെക്ഷൻ വിങ്ങിനെ ഏൽപ്പിക്കാനാണ് സർക്കാർ തീരുമാനം. വിജിലൻസ് അന്വേഷണമെന്ന ആവശ്യത്തിൽ സർക്കാർ തീരുമാനമെടുക്കാത്തത് കുറ്റക്കാരെ രക്ഷിക്കാനാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫയൽ മുങ്ങൽ. കോവിഡ് മഹാമാരിയുടെ മറവിൽ നടന്ന വൻ പർച്ചേസ് തട്ടിപ്പാണ് പുറത്തുവന്നത്. 550 രൂപയ്ക്ക് കിട്ടുമായിരുന്നിട്ടും മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റുകൾ, പർച്ചേസ് മാനദണ്ഡങ്ങൾ അട്ടിമറിച്ച് കൂടിയ വിലയ്ക്ക് തെർമൽ സ്‌കാനർ, എ.സി, ഫ്രിഡ്ജ് അടക്കം ഉപകരണങ്ങളുടെ പർച്ചേസുകൾ, വാങ്ങിയതിൽ പലതും കടലാസ് കമ്പനികൾ. ക്രമക്കേട് പകൽ പോലെ വ്യക്തമായതോടെ അന്നുതന്നെ വിജിലൻസ് അന്വേഷണമെന്ന ആവശ്യമുയർന്നെങ്കിലും അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ മടിച്ചു.
ഒടുവിലാണ് ഏറെവൈകി ധനകാര്യവകുപ്പ് ഇൻസ്‌പെക്ഷൻ വിങ്ങിനെ അന്വേഷണമേൽപ്പിച്ചു. പർച്ചേസിൽ ക്രമക്കേടെന്ന് ആരോപണമുയർന്ന എല്ലാ ഇടപാടുകളും പരിശോധിക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇടപാടുകളിൽ സർക്കാരിനുണ്ടായ നഷ്ടം, നടന്ന ക്രമക്കേടുകൾ, ഉദ്യോഗസ്ഥ ഇടപെടൽ, നടപടികളിലെ വീഴ്‌ച്ച എന്നിവക്കപ്പുറം പോകാൻ ധനകാര്യവകുപ്പ് അന്വേഷണത്തിനാകുമോയെന്നതാണ് ഇപ്പോഴത്തെ അന്വേഷണത്തിലെ പ്രധാന പ്രശ്‌നം. മൂന്നിരട്ടി വിലയ്ക്ക് കെ.എം.എസ്.സി.എൽ പിപിഇ കിറ്റുകൾ വാങ്ങിയ സാൻഫാർമ കമ്പനി ആരാണ്, പുറത്തുനിന്ന് ഇടപെട്ടതാരൊക്കെ, ഫയലുകൾ മായ്ച്ചതടക്കം അട്ടിമറിക്ക് പിന്നിലെ ബാഹ്യ ഇടപെടൽ, കടലാസ് കമ്പനികൾക്ക് പിന്നിലാര് എന്നീ ഗൗരവമുള്ള ചോദ്യങ്ങൾ നിലനിൽക്കെയാണ് ഇൻസ്‌പെക്ഷൻ വിങ്ങിന്റെ അന്വേഷണം പ്രഖ്യാപിച്ചുള്ള ഒളിച്ചുകളി. ഇതിനിടെയാണ് ഫയൽ മുങ്ങൾ.
മന്ത്രിയുടെ നിർദ്ദേശം വരെ ധിക്കരിച്ച് വൻതുകയ്ക്ക് ഗ്ലൗസുകൾ ഇറക്കുമതി നടത്തിയ ഉദ്യോഗസ്ഥരുടെ ഇടപെടൽ സർക്കാരിന് തന്നെ ബോധ്യമുണ്ടായിരിക്കെയാണ് വിജിലൻസ് അന്വേഷണമെന്ന ആവശ്യത്തോട് സർക്കാർ മുഖംതിരിക്കുന്നത് എന്നതും ശ്രദ്ധേയം. ഇതിനിടെയാണ് ഫയൽ അപ്രത്യക്ഷമാകൽ. മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽനടന്ന ക്രമക്കേടുകളുമായി ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയൽ കാണാതായ സംഭവത്തിന് ബന്ധമുണ്ടോ എന്നതാണ് ഉയരുന്ന സംശയം. കേസ് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തെ ഫയർ മുങ്ങൽ അട്ടിമറിക്കും. ആരോഗ്യവകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ആസ്ഥാനത്തും മെഡിക്കൽ സർവീസസ് കോർപ്പറേഷനിലും വൻ റാക്കറ്റുതന്നെ പ്രവർത്തിക്കുന്നതായി കരുതേണ്ടിവരുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
കോവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻവഴി വാങ്ങിയത് വിവാദമായതിനു പിന്നാലെയാണ് ഫയലുകൾ അപ്രത്യക്ഷമായത്. മെഡിക്കൽ സർവീസസ് കോർപ്പറേഷനിലും മരുന്നിടപാടുകളുടെ ഡിജിറ്റൽ ഫയലുകൾ പലതും നശിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതിനെത്തുടർന്ന് കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. നഷ്ടമായ ഫയലുകൾ എത്രയെന്ന് കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം വരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പൊലീസിനെ അറിയിച്ചത്.
ഡയറക്ടറേറ്റിലെ ജീവനക്കാർ അറിയാതെ ഫയലുകൾ കൂട്ടത്തോടെ എടുത്തുമാറ്റാനാവില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗവും പ്രത്യേക അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ആസ്ഥാനത്തുനടന്ന നവീകരണവുമായി ബന്ധപ്പെട്ട് പ്രധാന ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരകളും മറ്റും നേരത്തേ ഒരുഭാഗത്തേക്കു മാറ്റിയിരുന്നു. അപ്പോഴൊന്നും ഫയലുകൾ നഷ്ടമായിരുന്നില്ലെന്നാണ് ക്ലാർക്കുമാർ പൊലീസിനെ അറിയിച്ചത്. സുപ്രധാന ഫയലുകൾ സൂക്ഷിച്ച സ്ഥലങ്ങൾ അടിയന്തരമായി സി.സി.ടി.വി. നിരീക്ഷണത്തിലാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് പൊലീസ് നിർദ്ദേശം നൽകി. എന്നാൽ ഈ സിസിടിവിയിൽ തെളിവൊന്നും കാണാനിടയില്ലെന്നാണ് വിലയിരുത്തൽ. എല്ലാം അറിയുന്നവർ സമർത്ഥമായി ഫയലും കടത്തിയെന്നാണ് സൂചന.
സർക്കാർ ആശുപത്രികൾക്ക് ഒരുവർഷം ആവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴിയാണ് വാങ്ങുന്നത്. ഇതുകൂടാതെയാണ് കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്റ്റോർ പർച്ചേസ് നിയമങ്ങൾ ഒഴിവാക്കി കോടികളുടെ മരുന്നും ഉപകരണങ്ങളും വാങ്ങിയത്. സർക്കാർ ആശുപത്രികൾക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും വാങ്ങാൻ തയ്യാറാക്കിയ ഇൻഡന്റുമുതൽ ഓഡിറ്റ് നിരീക്ഷണങ്ങൾവരെ അടങ്ങിയ അഞ്ഞൂറിലധികം ഫയലുകളാണ് കാണാതായത്. എല്ലാം വിജിലൻസ് അന്വേഷണത്തിന് തെളിവായി മാറുന്നവ. ഈ അഴിമതി ആരോപങ്ങളിൽ പ്രതിരോധം തീർത്ത് മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചറും എത്തിയിരുന്നു. മുൻ സർക്കാറിന്റെ കാലത്ത് കോവിഡിനെ നേരിടാൻ പി.പി.ഇ കിറ്റ് വാങ്ങിയതിൽ വൻ അഴിമതി നടന്നെന്ന ആരോപണം ഏറെ ചർച്ചയായിരുന്നു.
അടിയന്തര സാഹചര്യത്തിലെ നടപടിയായിരുന്നു അതെന്നാണ് മുൻ മന്ത്രിയുടെ വിശദീകരണം. വൻ വിലകൊടുത്ത് പി.പി.ഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നെന്നും ശൈലജ ടീച്ചർ പറഞ്ഞിരുന്നു. 500 രൂപക്ക് ലഭിക്കുമായിരുന്ന പി.പി.ഇ കിറ്റ് 1500 രൂപ കൊടുത്ത് വാങ്ങിയതിൽ വൻ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. നിപയെ പ്രതിരോധിച്ച കമ്പനിയുടെ പി.പി.ഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയ കെ.എം.എസ്.സി.എൽ തൊട്ടടുത്ത ദിവസം മറ്റൊരു കമ്പനിക്ക് 1500 രൂപയ്ക്ക് ഓർഡർ കൊടുത്തെന്ന വിവരമാണ് പുറത്തുവന്നത്.
എന്നാൽ, മൂന്നിരട്ടി വില കൊടുത്ത് പി.പി.ഇ കിറ്റുകൾ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം എടുത്തതാണെന്നാണ് കെ.കെ. ശൈലജയുടെ വിശദീകരണം. മാർക്കറ്റിൽ സുരക്ഷ ഉപകരണങ്ങൾക്ക് ക്ഷാമമുള്ള സമയമായിരുന്നു നടപടിയെന്നും ശൈലജ വിശദീകരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ