- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടമറ്റത്തു കത്തനാർ മാറ്റിമറിച്ചത് സ്വന്തം ജീവിതംതന്നെ; ഫോൺ വിളികൾ വരുന്നതുപോലും കത്തനാരച്ചനെ അന്വേഷിച്ച്: ജീവിതത്തെയും അഭിനയത്തെയും കുറിച്ച് പ്രകാശ് പോൾ മനസുതുറക്കുന്നു
ഒറ്റ അവസരം കൊണ്ട് ജീവിതം മാറുക. സ്വന്തം പേരു പോലും ആളുകൾ വിളിക്കാതെ വരിക. പ്രകാശ് പോളിന്റെ ജീവിതാവസ്ഥയാണ് ഇത്. എന്നാൽ പ്രകാശ് പോളെന്ന് പറഞ്ഞാൽ ആരും തിരിച്ചറിയില്ല. ഈ നടൻ പ്രേക്ഷകർക്ക് കടമറ്റത്ത് കത്തനാരാണ്. ആ ബഹുമാനവും വിശ്വാസവും മലയാളി കത്തനാർക്ക് നൽകുന്നു. ഇതു തന്നെയാണ് പ്രകാശ് പോൾ എന്ന നടന്റെ ബാക്കിയുള്ള സമ്പാദ്യം. 'കത്തനാർ ഹിറ
ഒറ്റ അവസരം കൊണ്ട് ജീവിതം മാറുക. സ്വന്തം പേരു പോലും ആളുകൾ വിളിക്കാതെ വരിക. പ്രകാശ് പോളിന്റെ ജീവിതാവസ്ഥയാണ് ഇത്. എന്നാൽ പ്രകാശ് പോളെന്ന് പറഞ്ഞാൽ ആരും തിരിച്ചറിയില്ല. ഈ നടൻ പ്രേക്ഷകർക്ക് കടമറ്റത്ത് കത്തനാരാണ്. ആ ബഹുമാനവും വിശ്വാസവും മലയാളി കത്തനാർക്ക് നൽകുന്നു. ഇതു തന്നെയാണ് പ്രകാശ് പോൾ എന്ന നടന്റെ ബാക്കിയുള്ള സമ്പാദ്യം.
'കത്തനാർ ഹിറ്റായതോടെ ഞാനും ശ്രദ്ധിക്കപ്പെട്ടു. പക്ഷേ പ്രകാശ് പോൾ എന്ന പേര് അധികമാർക്കും അറിയില്ല. എനിക്കു വരുന്ന ഫോൺകോളുകളെല്ലാം 'അച്ചനല്ലേ' അല്ലെങ്കിൽ 'കത്തനാരല്ലേ' എന്നു പറഞ്ഞിട്ടാണ്. ആദ്യമെല്ലാം ഞാൻ തിരുത്തുമായിരുന്നു. ഞാൻ കത്തനാരല്ല കത്തനാരായി അഭിനയിക്കുന്ന പ്രകാശ് പോളാണ്. ഉടൻ മറുപടി വരും 'ശരി അച്ചോ' പിന്നീട് എനിക്കു മനസ്സിലായി പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എത്ര തിരുത്തിയാലും പ്രേക്ഷകരുടെ മനസ്സിൽ കത്തനാരാണു ഞാൻ. പ്രകാശ് പോൾ എന്ന പേര് ആളുകളുടെ മനസ്സിൽ പതിയുന്നതേയില്ല. വനിതയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പ്രകാശ് പോൾ തന്നെ സ്വന്തം അവസ്ഥ വിശദീകരിക്കുന്നു.
ആലപ്പുഴയിലെ നൂറനാടാണ് പ്രകാശ് പോളെന്ന കത്തനാരുടെ നാട്. പ്രീഡിഗ്രി മുതൽ പഠനം പല നാടുകളിലായിരുന്നു. 1993 ലാണ് ആദ്യമായി ഒരു സീരിയലിൽ അഭിനയിച്ചത്. യാദൃശ്ചികമായി ഒരു സുഹൃത്ത് വഴി വന്ന അവസരമായിരുന്നു അത്. ആ കഥാപാത്രം അത്ര നന്നായില്ലെന്നായിരുന്നു എന്റെ വിലയിരുത്തൽ. എന്നിട്ടും പിറ്റേ വർഷം മുതൽ ഈസ്റ്ററിനും ക്രിസ്തുമസിനുമെല്ലാം യേശുക്രിസ്തുവിന്റെ വേഷത്തിൽ അഭിനയിക്കാനുള്ള അവസരം കിട്ടിത്തുടങ്ങി. എന്റെ രൂപം കാരണമാകണം അത്തരം വേഷങ്ങൾ തേടിയെത്തിയത്. പിന്നീട് ഷാജിയെമ്മിന്റെ നക്ഷത്രങ്ങൾ എന്ന സീരിയലിൽ അഭിനയിച്ചു. അഭിനേതാവ് എന്ന നിലയിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട വേഷമാണത്. പിന്നീട് കുറച്ചുകാലം അഭിനയരംഗത്ത് കാര്യമായി ഒന്നും ചെയ്തില്ലമിനി സ്‌ക്രീനിലെ കത്തനാർ ഓർക്കുന്നു.
അപ്രതീക്ഷിതമായ സമയത്താണ് കടമറ്റത്തു കത്തനാർ എന്ന കഥാപാത്രം തേടിയെത്തിയത്. അറിയപ്പെടുന്ന പല നടന്മാരേയും ആ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു. രൂപമാവാം എനിക്ക് തുണയായത്. കത്തനാരായി അഭിനയിക്കാൻ തുടങ്ങിയപ്പോൾ സീരിയൽ ഇത്രയും ശ്രദ്ധിക്കപ്പെടുമെന്നു കരുതിയിരുന്നില്ല. സീരിയലിന്റെ ടൈറ്റിൽ സോങ്ങിനുവേണ്ടി ദൂരെ നിന്നു നടന്നു വരുന്ന സീനുകളാണ് ആദ്യം ഷൂട്ട് ചെയ്തത്. ഇടത്തേക്കാൽ മുന്നോട്ട് വച്ചിട്ടാണ് ഞാൻ നടക്കുക. കാലിനു ചെറിയ നീളവ്യത്യാസമുള്ളതുകൊണ്ട് കുതിച്ചു നടക്കുന്നത് പോലെയാണ് തോന്നുക. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ നടപ്പിന്റെ പ്രശ്‌നം പരിഹരിക്കണമെന്നു ഞാൻ തീരുമാനിച്ചു.
കാടിനു നടുവിലായിരുന്നു ഷൂട്ടിങ്. കുറച്ചു പറങ്കിമാവിലകൾ പെറുക്കിയെടുത്തു ഷൂസിനകത്തു വച്ച് നടന്നു നോക്കിയപ്പോൾ എന്റെ നടത്തം ശരിയായതായി തോന്നി. പ്രശ്‌നം പരിഹരിച്ച സമാധാനത്തോടെ ക്യാമറയ്ക്ക് മുന്നിലെത്തി. പിന്നീട് ഷൂട്ടിങ് ആരംഭിച്ചപ്പോൾ സംവിധായകൻ ടി എസ് സുരേഷ് ബാബു പറഞ്ഞു പ്രകാശിന്റെ നടത്തം ശരിയാകുന്നില്ലല്ലോ. ഇപ്പോഴാണ് നടത്തം ശരിയായത് ഞാൻ ഗമയിൽ പറഞ്ഞു. കഥയെല്ലാം കേട്ട സുരേഷ് പറഞ്ഞത് ആ ഇലകളെടുത്തു കളയാനാണ്. നീരസത്തോടെ ഞാനത് അനുസരിച്ചു കുതിച്ചുള്ള എന്റെ നടത്തമാണ് സുരേഷിനു നന്നായി തോന്നിയത്. എനിക്കു നേരെ തിരിച്ചും.
അതുപോലെ തന്നെയായിരുന്നു ഡബ്ബിങ്ങിന്റെ കാര്യവും. എന്റെ ശബ്ദം ഡബ്ബ് ചെയ്യാൻ കൊള്ളില്ലെന്നാണു ഞാൻ കരുതിയിരുന്നത്. മുമ്പ് അഭിനയിച്ച സീരിയലുകളിലെല്ലാം എനിക്ക് ശബ്ദം നൽകിയത് ഡബ്ബിങ് ആർട്ടിസ്റ്റുകളാണ്. കത്തനാരിൽ അഭിനയിക്കാനെത്തിയപ്പോൾ സുരേഷ് പറഞ്ഞു അഭിനേതാക്കൾ സ്വന്തം ശബ്ദം നൽകുന്നതാണ് നല്ലതെന്ന്. ആദ്യം ഞാൻ ഒഴിവാകാൻ നോക്കി. അവർ ക്ഷമയോടെ വീണ്ടും എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു. സീരിയൽ തുടങ്ങിക്കഴിഞ്ഞ് ആളുകളെല്ലാം വിളിച്ചു പറഞ്ഞത് ഞങ്ങൾക്ക് അച്ചന്റെ നടപ്പും സംസാരവുമാ ഇഷ്ടം എന്നാണ്. അത് കേട്ടപ്പോൾ ഞാൻ സംവിധായകൻ സുരേഷിനെ മനസ്സിൽ സ്തുതിച്ചു.
കത്തനാരിനുശേഷം അഭിനയരംഗത്ത് ഇടം കിട്ടാത്തതിൽ നിരാശയൊന്നുമില്ല. നല്ല കഥാപാത്രം വന്നാൽ ഞാൻ ഇനിയും അഭിനയിക്കും. ഈ ഇടവേള എനിക്കു പുതുമയേയല്ല. പണ്ടേ ഞാൻ സ്ഥിരമായി ഒരേ ജോലിയിൽ നിന്നിട്ടില്ല. പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്ത് പ്രൂഫ് റീഡറായി ജോലി നോക്കിയിരുന്നു. പിന്നീട് കോട്ടയത്ത് ഒരു പാരലൽ കോളേജ് നടത്തി. അത് അധികകാലം നീണ്ടുനിന്നില്ല. പുസ്തകങ്ങളോടും വായനയോടും ഇഷ്ടമുള്ള ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് പുസ്തക പ്രസാധകരെ ഒരുമിച്ചു ചേർത്ത് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിരുന്നു. ആദ്യം നല്ല രീതിയിൽ പ്രവർത്തിച്ചെങ്കിലും കുറച്ചു കാലത്തിനുശേഷം ആ സംഘം പിരിഞ്ഞു. കുറെക്കാലം ജോലിയില്ലാതെ വെറുതെയിരുന്നിട്ടുമുണ്ടെന്ന് പ്രകാശ് പോൾ പറയുന്നു.
അതിൽ നിന്ന് കരകയറാൻ ഒന്നര വർഷം മുമ്പാണ് വീഡിയോ പ്രൊഡക്ഷൻ സ്ഥാപനം തുടങ്ങിയത്. മക്കളായ ജീൻ പ്രകാശും ജിജിൻ പ്രകാശും സ്ഥാപനത്തിന്റെ കാര്യങ്ങൾ നോക്കാൻ കൂടെയുണ്ട്. ജീൻ മലയാള സിനിമാ രംഗത്ത് സഹസംവിധായകനായി പ്രവർത്തിക്കുന്നുമുണ്ട്. ജിജിൻ ആർട്ടിസ്റ്റാണ്. ഭാര്യ ഐവി കോട്ടയം ദേവലോകത്ത് ബ്യൂട്ടിപാർലർ നടത്തുന്നു. ഒരു സിനിമയുടെ പിന്നണിയിലാണിപ്പോൾ ഞങ്ങളുടെ സ്ഥാപനം. ആ സിനിമ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടണമെന്നാണ് ആഗ്രഹമെന്ന് പ്രകാശ് പോൾ പറയുന്നു.