ന്യൂഡൽഹി: ഓർഡിനൻസുകൾ പുറത്തിറക്കിയുള്ള ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തി സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖർജി. പാർലമെന്റ് അംഗങ്ങൾ നൽകിയ വിടനൽകൽ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അവശ്യഘട്ടങ്ങളിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കണം ഓർഡിനൻസുകൾ പുറത്തിറക്കേണ്ടതെന്നും വ്യക്തമാക്കിയ പ്രണബ് മുൻ പ്രധാനമന്ത്രിയേയും പ്രസംഗത്തിൽ അനുസ്മരിച്ചു.

വിശദമായ ചർച്ചകളിലൂടെയാണു നിയമനിർമ്മാണം നടത്തേണ്ടതെന്നാണ് രാഷ്ട്രപതി ചൂണ്ടിക്കാട്ടിയത്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ പിന്നിട്ട വഴികൾ ഓർത്തെടുത്താണ് പ്രണബ് മുഖർജി വിടവാങ്ങൽ പ്രസംഗം തുടങ്ങിയത്. കേന്ദ്രസർക്കാർ തുടർച്ചയായി ഓരോ വിഷയത്തിലും ഓർഡിനൻസ് കൊണ്ടുവരുന്നതിലുള്ള അതൃപ്തി പ്രസംഗത്തിന്റെ അവസാനത്തിൽ പ്രണബ് തുറന്നുപറയുകയായിരുന്നു.

പാർലമെന്റിൽ ചർച്ചകളിലൂടെയുള്ള നിയമനിർമ്മാണം കുറഞ്ഞുവരികയാണ്. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ പാർലമെന്റിനെ മറികടന്ന് ഓർഡിനൻസുകൾ ഇറക്കാവൂവെന്നു കേന്ദ്രസർക്കാരിനെ അദ്ദേഹം ഓർമിപ്പിച്ചു. ചരക്ക്‌സേവന നികുതി (ജിഎസ്ടി) നടപ്പാക്കാനായതു വലിയ നേട്ടമാണ്. - പ്രണബ് പറഞ്ഞു.

എന്നിലെ രാഷ്ട്രീയക്കാരനെ വളർത്തിയെടുത്തത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം ഊഷ്മളമായിരുന്നെന്നും പ്രണബ് പറഞ്ഞു. പാർലമെന്റിനെ സമ്പന്നമാക്കിയ പ്രവർത്തന കാലാവധി പിന്നിട്ടാണ് പ്രണബ് മുഖർജി രാഷ്ട്രപതി പദത്തിൽ നിന്ന് പടിയിറങ്ങുന്നതെന്ന് ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജൻ ചടങ്ങിൽ വ്യക്തമാക്കി.

എംപിമാർക്കെല്ലാം അദ്ദേഹം ഗുരുസ്ഥാനീയനാണെന്നും സുമിത്രാമഹാജൻ പറഞ്ഞു. സമാനതകളില്ലാത്ത നേതാവാണ് പ്രണബ് എന്ന് ഉപരാഷ്്ട്രപതി ഹമീദ് അൻസാരി അഭിപ്രായപ്പെട്ടു. പ്രണബ് മുഖർജിക്ക് പാർലമെന്റ് അംഗങ്ങളുടെ സ്‌നേഹോപഹാരം ലോക്‌സഭാ സ്പീക്കർ സമ്മാനിച്ചു.