തലശ്ശേരി: ചലച്ചിത്രതാരം പ്രണതി(26)യെയും അമ്മയെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്ത മാതൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. തോക്ക് പൊലീസ് കണ്ടെടുത്തു. തലശ്ശേരി 'ഗോവർധ'നിൽ അരവിന്ദ് രത്‌നാകറിനെ (ഉണ്ണി-38) യാണ് എസ്‌ഐ എം.അനിലും പാർട്ടിയും അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രണതിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30നാണ് സംഭവം. അസുഖത്തെ തുടർന്നു വീട്ടിൽ ചികിത്സയിൽ കഴിയുന്ന മുത്തച്ഛൻ കെ.പി.രത്‌നാകരനെ ശുശ്രൂഷിക്കാൻ ഹോളോവേ റോഡിലെ വീട്ടിൽ എത്തിയതായിരുന്നു പ്രണതിയും അമ്മയും. എല്ലാ ദിവസവും മുത്തച്ഛനെ ശുശ്രൂഷിച്ച് രാത്രി തിരിച്ചുപോവുകയാണ് പതിവ്. ഇതിനിടയിൽ വീട്ടിൽ കയറി അരവിന്ദ് രത്‌നാകർ തിര നിറച്ച പിസ്റ്റൾ ചൂണ്ടി വെടിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. കുടുംബ പ്രശ്‌നമാണ് സംഭവത്തിനു പിറകിലെന്നു പൊലീസ് പറഞ്ഞു.

തനിക്കു പ്രിയപ്പെട്ട മുത്തച്ഛനെ ശുശ്രൂഷിക്കുന്നതിനായാണ് അമ്മയ്‌ക്കൊപ്പം ചെന്നൈയിൽ നിന്ന് ആഴ്ചകൾക്കു മുൻപ് തലശ്ശേരിയിൽ വന്നതെന്നു പ്രണതി പറഞ്ഞു. തങ്ങളോട് അമ്മാവനായ അരവിന്ദ് അസഹിഷ്ണുതയോടെയാണ് പെരുമാറിയിരുന്നത്. ഗത്യന്തരമില്ലാതെയാണ് പൊലീസിൽ പരാതിപ്പെട്ടതെന്നും നടി പറയുന്നു. മലയാളത്തിലെ 'ഫോർദപീപ്പിൾ' ഉൾപ്പടെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ അഭിനയിച്ച നടിയാണ് പ്രണതി. മുൻകാല നടൻ ജോസിന്റെ മകളാണ്.