മുംബൈ:  സെൻസർ ബോർഡ് അധ്യക്ഷൻ പഹ്‌ലാജ് നിഹലാനിയെ കേന്ദ്ര സർക്കാർ പുറത്താക്കി. ഗാനരചയിതാവും കവിയുമായ പ്രസൂൺ ജോഷിയാണ് ബോർഡിന്റെ പുതിയ അധ്യക്ഷൻ

എൻഡിഎ സർക്കാർ അധികാരത്തിലെത്തി 2015ൽ ആണ് നിഹലാനിയെ തൽസ്ഥാനത്ത് നിയമിച്ചത്. തുടർച്ചയായി ഉണ്ടാകുന്ന വിവാദങ്ങളാണ് നടപടിക്കു കാരണമെന്നാണ് സൂചന. 2015 ജനുവരിയിലാണ് നിഹലാനി 23 അംഗ സെൻസർ ബോർഡിന്റെ അധ്യക്ഷപദവി ഏറ്റെടുത്തത്. മൂന്ന് വർഷത്തേയ്ക്കാണ് അധ്യക്ഷന്റെ നിയമനം. ഇതനുസരിച്ച് നിഹലാനിയുടെ കാലാവധി തീരാൻ ഒരു വർഷം കൂടിയുണ്ടായിരുന്നു.

അടുത്തകാലത്ത് ഒട്ടേറെ വിവാദങ്ങളാണ് സിനിമയിലെ കത്രികപ്രയോഗത്തിനെതിരേ ഉണ്ടായത്. ഇന്ദുസർക്കാർ, ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ, വെൻ ഹാരി മെറ്റ് സെജാൽ, തരമണി തുടങ്ങിയ ചിത്രങ്ങളിലെ സെൻസറിങ് ദേശീയ ശ്രദ്ധനേടിയ വിവാദങ്ങളായി. കൂടാതെ നോബൽ ജേതാവ് അമർത്യാ സെന്നിനെ കുറിച്ചുള്ള ഡോക്യുമന്ററിയിൽ പശു, ഹിന്ദു തുടങ്ങിയ വാക്കുകൾ മ്യൂട്ടു ചെയ്യാനുള്ള നിർദ്ദേശവും പുലിവാലായി. പഞ്ചാബിലെ രാഷ്ട്രീയം പറയുന്ന ഉഡ്താ പഞ്ചാബ് എന്ന് സിനിമയിൽ 89 കട്ടുകളാണ് ബോർഡ് നിർദ്ദേശിച്ചത്. ഇതെല്ലാം കേന്ദ്രസർക്കാരിന്റെ കണ്ണിലെ കരടായി

ചെയർമാൻ സ്ഥാനമേറ്റെടുത്തതു മുതൽ വിവാദ നായകനായിരുന്നു നിഹലാനി. അദ്ദേഹത്തിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ കേന്ദ്രസർക്കാരിനെപ്പോലും പ്രതിക്കൂട്ടിലാക്കിയിരുന്നു. അകാരണമായ കത്രിക പ്രയോഗത്തിന് കടുത്ത എതിർപ്പായിരുന്നു സിനിമാലോകത്ത് നിന്നുയർന്നത്. ഇതിനെ തുടർന്നാണ് അദ്ദേഹത്തെ നീക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. നടപടിയെകുറിച്ച് കഴിഞ്ഞ മാസം തന്നെ കേന്ദ്ര സർക്കാർ നിഹലാനിക്ക് സൂചന നൽകിയിരുന്നതായി റിപ്പോർട്ടുണ്ട്.

സംവിധായകരായ പ്രകാശ് ഝാ, മധുർ ഭണ്ഡാർക്കർ എന്നിവരെയും അധ്യക്ഷ സ്ഥാനത്തേയ്ക്ക് സർക്കാർ പരിഗണിച്ചിരുന്നു. പരസ്യ ചിത്രങ്ങളിലൂടെയാണ് പ്രസൂൻ ജോഷി ശ്രദ്ധേയനാകുന്നത്. എൻ ഡി ടിവി, പെപ്‌സി, എൽ ജി തുടങ്ങിയവയുടെ പരസ്യങ്ങൾ പ്രശസ്തങ്ങളാണ്. രണ്ടുവട്ടം ഗാനരചനയ്ക്കുള്ള ദേശീയ പുരസ്്ക്കാരം നേടിയ ഈ നാല്പത്തഞ്ചുകാരനെ രാജ്യം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. ഒട്ടേറെ ജിംഗിളുകളുടേയും നീരജ, ഭാഗ് മിൽഖ ഭാഗ്, ഗജിനി, രംഗ് ദേ ബസന്തി, താരെ സമീൻ പർ തുടങ്ങിയ ചിത്രങ്ങളുടെയും ഗാനരചയിതാവാണ് പ്രസൂൺ ജോഷി. കൂടാതെ അന്താരാഷ്ട്ര പ്രശസ്തമായ ഒരു പരസ്യകമ്പനിയുടെ സി ഇ ഒ കൂടിയാണ്.