കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞ ദിവസം സ്വപ്‌നാ സുരേഷ് നടത്തിയത് പ്രോട്ടോകോൾ ലംഘനത്തിന്റെ വെളിപ്പെടുത്തലാണ്. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഷാർജാ സുൽത്താൻ എത്തിയത് കേന്ദ്ര സർക്കാർ അനുമതിയില്ലാതെയാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും പുറത്തു വന്നു. സർക്കാരോ സിപിഎമ്മോ ഇതിനോട് പ്രതികരിച്ചില്ല. പ്രതിപക്ഷവും മൗനത്തിലാണ്. ഇതിനിടെ ആ കൂടിക്കാഴ്ചയുടെ ചിത്രവും പുറത്തു വന്നു. സ്വപ്‌നാ സുരേഷിന് പിന്തുണയായി നിൽക്കുന്നത് പരിവാർ നേതാവായ പ്രതീഷ് വിശ്വനാഥനാണെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കും വിധം പ്രതീഷാണ് ചിത്രം പുറത്തു വിട്ടത്. മുഖ്യമന്ത്രിയും ഭാര്യയും മകളും കൊച്ചു മകനും ഷാർജാ സുൽത്താനൊപ്പം നിൽക്കുന്നത്. ഈ ചിത്രത്തിൽ ചില സൂചനകളുണ്ട്. പല ചിത്രവും സ്വപ്‌നയുടെ കൈയിലുണ്ടാകാമെന്ന സൂചനയാണ് ഇതിലുള്ളത്.

മാധ്യമത്തിനെതിരെ നടപടി എടുക്കണമെന്ന് യുഎഇ ഭരണാധികാരികളോട് അന്ന് മന്ത്രിയായിരുന്ന കെടി ജലീൽ ആവശ്യപ്പെട്ടതിനുള്ള തെളിവ് സ്വപ്‌ന നേരത്തെ പുറത്തു വിട്ടിരുന്നു. ഇത് ഏറെ വിവാദമായി. മുഖ്യമന്ത്രിക്ക് പോലും ജലീലിനെ തള്ളിപ്പറയേണ്ടി വന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രോട്ടോകോൾ ലംഘനത്തിലെ ചിത്ര തെളിവ് പ്രതീഷ് പുറത്തു വിട്ടത്. ഇന്ത്യ രാജ്യത്തെ ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്‌റ് കുടുംബവും ,അബ്ദുൽ ജലീൽ ജലീൽ എന്ന കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം-ഇതാണ് ആ ചിത്രത്തിന് പ്രതീഷ് നൽകുന്ന അടിക്കുറിപ്പ്. പ്രോട്ടോകോൾ ലംഘനവുമായി മറ്റൊരു പോസ്റ്റും ഇട്ടു. ഇതും നിർണ്ണായക തെളിവാണ്. കേന്ദ്ര സർക്കാർ പിന്തുണ ഉറപ്പാക്കിയാണ് പ്രതീഷ് നീങ്ങുന്നതെന്നാണ് സൂചന.

ഫെഡറലിസത്തെ കുറിച്ച് വ്യാകുലപ്പെടുന്ന പിണറായി വിജയനെ കണ്ടിട്ടുണ്ടോ ?? സംസ്ഥാനത്തിന്റെ അധികാര പരിധി എന്നൊക്കെ പറഞ്ഞ് കരയുന്ന പിണറായി വിജയൻ. അതിന്റെ കാരണം ദേ ഇതൊക്കെയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ ഏതൊരു വിദേശ ഭരണാധികാരിക്കും ഇന്ത്യയിൽ സഞ്ചരിക്കാൻ സാധിക്കൂ. ട്രാവൽ പ്ലാൻ മാറണമെങ്കിൽ അതിനും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. ഈ കാണുന്നതാണ് മന്ത്രാലയം അംഗീകരിച്ച ഷാർജ ഭരണാധികാരിയുടെ ഷെഡ്യൂൾ. ഇതിൽ ക്ലിഫ് ഹൗസില്ല. പിന്നെങ്ങനെ അദ്ദേഹം ക്ലിഫ് ഹൗസിലെത്തി. അതിനുത്തരമാണ് സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രി മുൻകയ്യെടുത്ത് പ്രോട്ടോക്കോൾ ലംഘിച്ച് അദ്ദേഹത്തെ തന്റെ വസതിയിലെത്തിച്ചു. എന്തിനെത്തിച്ചു എന്നതാണ് കൂടുതൽ ഗുരുതരം. മുഖ്യന്റെ മകൾക്ക് ഷാർജയിൽ ബിസിനസ് വളർത്തുന്നതിന് വേണ്ടി ഷാർജാ ഭരണാധികാരിയെ സ്വാധീനിക്കാൻ.. ഇതാണ് കമ്മ്യൂണിസ്റ്റ്കാരനായ കേരള മുഖ്യമന്ത്രിയുടെ തനിസ്വരൂപം എന്ന് സഖാക്കളും മലയാളികളും തിരിച്ചറിയണം.-ഇതാണ് പ്രതീഷ് സർക്കാർ ഉത്തരവു സഹിതം പോസ്റ്റ് ചെയ്തു വിശദീകരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശ്വസ്തനാണ് പ്രതീഷ്.

മുഖ്യമന്ത്രിയുടെ വീട്ടിൽ പല രഹസ്യസന്ദർശനങ്ങളും നടത്തിയെന്ന് സ്വപ്‌ന ആരോപിച്ചിട്ടുണ്ട്. ഇതെല്ലാം മുഖ്യമന്ത്രി നിഷേധിക്കുകയും ചെയ്തു. ഇതിനെല്ലാം തെളിവ് ചിത്രങ്ങളുടെ രൂപത്തിൽ എത്തുമോ എന്ന ചോദ്യമാണ് പുതിയ തെളിവുകൾ പുറത്തു വരുമ്പോൾ ചർച്ചയാകുന്നത്. ഏതായാലും പ്രതീഷ് വിശ്വനാഥന് പരിവാർ മേഖലകളിൽ വലിയ പിന്തുണയുണ്ട്. കെ സുരേന്ദ്രൻ പ്രസിഡണ്ടും കേന്ദ്ര മന്ത്രി വി.മുരളീധരൻ മുഖ്യ രക്ഷാധികാരിയും തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെ യുള്ളവർ അംഗങ്ങളും ആയ പിണറായി വിജയൻ സംരക്ഷണ സമിതി കേരളത്തിൽ സജീവമായി ഉള്ളിടത്തോളം കാലം വിജയൻ സഖാവിന് ഒന്നും ഭയക്കേണ്ടതില്ല. താങ്കൾ ഈ വിഷയത്തിൽ കാണിക്കുന്ന ആത്മാർത്ഥത കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകും പ്രതീക്ഷ് വിശ്വനാഥൻ-പ്രതീഷിന്റെ പോസ്റ്റിലെത്തിയ രസകരമായ കമന്റ് ഇങ്ങനെയാണ്.

ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന് ആവർത്തിച്ചു നയതന്ത്ര പാഴ്‌സൽ സ്വർണക്കള്ളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. കോഴിക്കോട് വരാൻ മാത്രം കേന്ദ്രാനുമതി ലഭിച്ചിരുന്ന ഷാർജ ഭരണാധികാരിയെ തിരുവനന്തപുരത്തു കൊണ്ടുവന്നതു കൂടാതെ മുൻകൂട്ടി അനുമതി വാങ്ങാതെ സന്ദർശന പരിപാടിയിൽ മാറ്റം വരുത്തിയെന്നും സ്വപ്ന ആരോപിച്ചു. വീണ വിജയനു വേണ്ടി ഷാർജയിലെ ഐടി ഹബ്ബിന്റെ ബിസിനസ് സാധ്യതകളുമായി ബന്ധപ്പെട്ടു ക്ലിഫ് ഹൗസിൽ യോഗം ചേരാനായിരുന്നു ഇത്.

തിരുവനന്തപുരത്തെ പരിപാടിയെപ്പറ്റി വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടില്ല. കോൺസുലേറ്റിന് ഇപ്രകാരമുള്ള ഷെഡ്യൂൾ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നു ലഭിച്ചിട്ടുമുണ്ടായിരുന്നില്ല. സ്റ്റേറ്റ് പ്രോട്ടോക്കോൾ ജോയിന്റ് സെക്രട്ടറിയാണ് ഈ പ്രോഗ്രാം ഷെഡ്യൂൾ അറിയിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ക്ലിഫ്ഹൗസ് യാത്ര നടത്താനാകില്ലെന്ന സാങ്കേതിക പ്രശ്നം ഉയർന്നപ്പോൾ മുഖ്യമന്ത്രിയുടെയും എം.ശിവശങ്കറിന്റെയും നിർദ്ദേശപ്രകാരം അന്നത്തെ ഐജി മനോജ് ഏബ്രഹാമിനോടു പറഞ്ഞു ലീലാപാലസിൽ നിന്നു രാജ്ഭവനിലേക്കുള്ള യാത്ര പുനഃക്രമീകരിക്കുകയും ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തുകയുമായിരുന്നു - സ്വപ്ന പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരിന്റെയും നിർദ്ദേശം അനുസരിച്ചാണ് വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഷാർജാ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയത്. ഇവരുടെ നിർദ്ദേശം അനുസരിച്ചാണ് യാത്രാ ഷെഡ്യൂളിൽ മാറ്റം വരുത്തി ഷാർജ ഭരണാധികാരിയെ താൻ ക്ലിഫ് ഹൗസിൽ എത്തിച്ചത് എന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു. യഥാർത്ഥത്തിൽ കോഴിക്കോടേക്കായിരുന്നു ഷാർജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട് എന്നും തിരുവനന്തപുരത്തെ പരിപാടിയെ കുറിച്ചോ ക്ലിഫ് ഹൗസ് സന്ദർശനത്തെ കുറിച്ചോ വിദേശകാര്യ മന്ത്രാലത്തെ അറിയിച്ചിട്ടില്ല എന്നും സ്വപ്ന സുരേഷ് ആവർത്തിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റേയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെയും നിർദ്ദേശം അനുസരിച്ച് താനാണ് മനോജ് എബ്രഹാമിനെ വിവരം അറിയിച്ച് ലീലാ ഹോട്ടലിന്റെ ഡ്യൂട്ടി ചുമതലയിലുള്ള എസ് പിയോട് ഷാർജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലേക്ക് നേരിട്ടുള്ള സന്ദർശനത്തിന് എത്തിക്കാൻ ആവശ്യപ്പെട്ടത് എന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിഞ്ജാ ലംഘനം നടത്തി എന്നും പ്രോട്ടോക്കോൾ ലംഘിച്ച് രാജ്യ സുരക്ഷയെ ബാധിക്കുന്ന കുറ്റകൃതം ചെയ്തു എന്നും സ്വപ്ന സുരേഷ് ആരോപിച്ചു. ഇതെല്ലാം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐ ടി ബിസിനസിന് വേണ്ടി ആയിരുന്നു എന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ കൂടുതൽ തെളിവ് പുറത്ത് വിടും എന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.

വീണാ വിജയന് ഐ ടി ഹബ് തുടങ്ങാൻ ഷാർജ ഭരണാധികാരിയുടെ ഭാര്യയെ സ്വാധീനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല വിജയൻ ശ്രമിച്ചു എന്നും സ്വപ്ന സുരേഷ് ആരോപിച്ചു. എത്ര സ്വർണം സമ്മാനമായി കൊടുക്കാനാകും എന്ന് കമല വിജയനും നളിനി നെറ്റോയും തന്നോട് ചോദിച്ചിരുന്നു എന്നും സ്വപ്ന സുരേഷ് ആരോപിച്ചു. രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യവും മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തിട്ടുണ്ട് എന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്ത രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളുടെ തെളിവുകൾ ശേഖരിക്കുകയാണ് എന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേയും സമാന ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു.