കോട്ടയം: കേരളത്തിൽ സംഘപരിവാറിന് തീവ്ര ഹിന്ദുത്വ മുഖം ഇല്ലെന്ന ആരോപണവുമായി ചില ഗ്രൂപ്പുകൾ സജീവമാകുന്നതായി റിപ്പോർട്ട്. പല പേരുകളിൽ ഇത്തരക്കാർ കേരളത്തിലും സജീവമാവുകയാണ്. വാട്‌സ് ആപ്പ് ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ ഏറെയും മുൻ ആർ എസ് എസുകാരായിരുന്നു. ഇവർ ആർ എസ് എസിന് തീവ്രത പോരെന്ന അഭിപ്രായവുമായി സംഘടനയുമായി തെറ്റിയവരായിരുന്നു കത്വ വിഷയത്തിൽ അവസരം മുതലെടുത്ത് കലാപം നടത്തുകയും ചെയ്തു. ഇതിന് പിന്നിൽ അറസ്റ്റിലായവർക്ക് അപ്പുറത്തേക്ക് ചില ബുദ്ധികേന്ദ്രങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തൽ. ഇവരെ തേടി അന്വേഷണം പുരോഗമിക്കുന്നുമുണ്ട്.

കത്വയിലെ പെൺകുട്ടിയുടെ മരണത്തിൽ ഇസ്ലാമിക വികാരം അതിശക്തമായിരുന്നു. ഇതിനെ ബോധപൂർവ്വമായി ഹൈന്ദവ നേതാക്കൾ തന്നെ മുതലെടുത്തു. ശിവസേനയുമായി ബന്ധപ്പെട്ട ചിലരായിരുന്നു അറസ്റ്റിലായത്. ആർ എസ് എസുമായി വേറിട്ട് നിന്ന് പ്രവർത്തിക്കുന്നവരാണ് കേരളത്തിൽ ശിവസേന. ആർഎസ്എസ് നേതാവായിരുന്ന ഭുവനചന്ദ്രനാണ് അതിന്റെ തലവൻ. പൂന്തുറ കലാപസമയത്ത് ആർഎസ്എസ് ഇടപെടൽ പോരെന്ന് ചൂണ്ടിയാണ് തിരുവനന്തപുരത്തെ പരിവാറിന്റെ മുഖമായിരുന്ന ഭുവനചന്ദ്രൻ ശിവസേനയുമായി എത്തിയത്. ശിവസേനയിലേക്ക് ആളുകൾ ഒഴുകാതിരിക്കാൻ ആർഎസ്എസ് ഏറെ മുൻകരുതലെടുത്തു. അത് വിജയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പരിവാർ മുഖം നിലനിർത്തിയാണ് പല പേരുകളിൽ ഇപ്പോൾ തീവ്ര ഹൈന്ദവ ഗ്രൂപ്പുകൾ ഉണ്ടാകുന്നത്. ഇതിന് തുടക്കമിട്ടത് പ്രതീഷ് വിശ്വനാഥനായിരുന്നു.

പ്രതീഷിനെതിരെ റിപ്പോർട്ടുകൾ കൊടുത്താൽ കടന്നാക്രമിക്കാൻ സൈബർ ലോകത്ത് സംഘം തന്നെയുണ്ടായി. പ്രതീഷിന്റെ പല വിദ്വേഷ പരാമർശങ്ങളിലും പൊലീസ് കേസെടുത്തിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് മറുനാടൻ ചെയ്ത വാർത്ത പലർക്കും കൊണ്ടു. അങ്ങനെ മറുനാടൻ എഡിറ്റർക്കെതിരെ വധ ഭീഷണിയും എത്തി. ബിനിൽ സോമസുന്ദരനാണ് ഫെയ്‌സ് ബുക്കിലൂടെ ഭീഷണിയുമായി എത്തിയത്. ''പ്രതീഷ്ജി യെ തൊട്ടാൽ ഹിന്ദുവിന്റെ ശക്തി കറിയാച്ചനും മക്കളും അറിയും .....മറുനാടനിൽ മലര് നിരത്താൻ പോയിട്ട് മുട്ടിപ്പായിൽ നിന്ന് പ്രാർത്ഥിക്കാൻ പോലും നിനക്ക് കഴിയില്ല ....-എന്നാണ് ബിനിലിന്റെ പരാതി.

ഓർത്തോ ഷാജൻ സക്കറിയാ .... കളി ഞങ്ങടെ നേതാവിനോട് വേണ്ടാ .... ആശയം മാത്രമല്ലാ ആയുധവും ഞങ്ങൾക്ക് വഴങ്ങും .... ഓർത്താൽ നിനക്ക് നന്ന് .... കൊരട്ടിയിലെ വികാരിയെ ,കൊട്ടിയൂരിലെ പള്ളീലച്ചനെയൊക്കെ അറസ്റ്റ് ചെയ്യാൻ എഴുതടോ കറിയാച്ചാ താൻ .... അല്ലാതെ ഹൈന്ദവ കേരളത്തിന്റെ ധീര നേതൃത്വത്തെ അറസ്റ്റ് ചെയ്യാൻ അച്ചു നിരത്തിയ നിന്റെ മറുനാടൻ മറുതകളെ ഇന്നും നീ ജീവനോടെ കാണുന്നത് ഞങ്ങളുടെ ഔദാര്യമാണെന്ന കാര്യം മറക്കരുത് ..'''-ഇതാണ് ഭീഷണി.

ആർ എസ് എസുമായി ചേർന്നായിരുന്നു പ്രതീഷിന്റെ പ്രവർത്തന തുടക്കം. ആറന്മുള സമരവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്‌നങ്ങളിൽ ഇടപെട്ട് പുതിയ തലത്തിലേക്ക് വളർന്നു. നേരത്തെ ലൗ ജിഹാദ് എന്ന പദം കേരളത്തിൽ അവതരിപ്പിച്ചതും പ്രതീഷായിരുന്നു. ഇതിൽ കേസെടുത്തെങ്കിലും പിന്നീട് ഒന്നുമായില്ല. മംഗലാപുരത്തെ ഹൈന്ദവ സംഘടനാ നേതാക്കളുമായുള്ള അടുത്ത ബന്ധത്തിലൂടെ പ്രതീഷ് ഹിന്ദു ഹെൽപ് ലൈനിന് രൂപം നൽകി.

ഹിന്ദുക്കളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ വിഎച്ച്പി നേതാക്കളായ അശോക് സിംഗാളും പ്രവീൺ തൊഗാഡിയയുമായി അടുത്തു. ഇതിനിടെ വെള്ളാപ്പള്ളി നടേശനെ ബിജെപിയുമായി അടുപ്പിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടേയും അടുപ്പക്കാരനായി. ബിജെപി ദേശീയ അധ്യക്ഷനായി അമിത് ഷാ എത്തിയതോടെ ബിജെപിയുടെ പ്രധാന ഉപദേശകനുമായി മാറി. ഇതോടെ ആർ എസ് എസുകാർക്കും പ്രതീഷ് പ്രിയങ്കരനായി.

അങ്ങനെ തീവ്ര നിലപാടുകളുമായി ഫെയ്‌സ് ബുക്കിൽ നിറഞ്ഞ പ്രതീഷിന് പിന്നാലെ നിരവധി പേർ എത്തി. ഹിന്ദു ഹെൽപ് ലൈനിന്റെ പ്രവർത്തനത്തിന് പുതിയ തലം വരികയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അടക്കമുള്ളവർ എതിർത്തിട്ടും പ്രതീഷിന്റെ വളർച്ച തടയാനായില്ല. കേരളത്തിലെ ആർഎസ്എസ് നേതൃത്വത്തിനും പ്രതീഷിനോട് താൽപ്പര്യമില്ല.

എന്നാൽ അമിത് ഷായുമായുള്ള ബന്ധം സമൂഹത്തിൽ ചർച്ചയായതോടെ ബിജെപിയിലെ തീരുമാനങ്ങൾക്ക് പിന്നിലും പ്രതീഷാണെന്ന ധാരണ പടർന്നു. അങ്ങനെ പരിവാറുകാരെക്കാൾ അടിത്തറയുള്ള വ്യക്തിയായി പ്രതീഷ് മാറി. സ്വന്തമായി സൈബർ സംഘവും പ്രതീഷിനുണ്ടായി. ഈ സംഘമാണ് പ്രതീഷിനെതിരെ വാർത്ത കൊടുക്കുന്നവരെ കടന്നാക്രമിക്കുന്നത്.

ഹനുമാൻ സേന, ശ്രീരാമ സേന തുടങ്ങിയ പേരിലും പരിവാറുകാരെ അടർത്തിയെടുക്കാൻ തീവ്ര ഹൈന്ദവ ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ട്. സ്വാധി സരസ്വതിയുടെ നേതൃത്വത്തിലും ശ്രമങ്ങൾ നടക്കുന്നു. കാസർഗോഡ് പരിവാർ വേദിയായ വിഎച്ച്പിയുടെ സമ്മേളനത്തിലാണ് ലൗ ജിഹാദുകാർക്കെതിരെ തലയെടുക്കാൻ സ്വാധി ആഹ്വാനം ചെയ്തത്. ഇത്തരം പ്രസ്ഥാവനകളിലൂടെ തീവ്ര വികാരമുള്ള ഹൈന്ദവരെ ഏകോപിപ്പിക്കാനാണ് നീക്കം. ഇതിനായി പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളും സജീവമാണ്.