കൊച്ചി: പ്രധാനമന്ത്രി മോദിയേയും ബിജെപി അധ്യക്ഷൻ അമിത് ഷായേയും ഇരു വശത്തും നിർത്തിയെടുത്ത ഫോട്ടോയുമായി പരിവാറുകാർക്കിടയിൽ താരമാകാനായിരുന്നു പ്രതീഷ് വിശ്വനാഥന്റെ ശ്രമം. എന്നാൽ കേരളത്തിലെ ആർഎസ്എസ് പ്രതീഷിനെ അകറ്റി നിർത്തി. ഇതോടെ മോദിയേയും അമിത് ഷായേയും മുന്നിൽ നിർത്തിയുള്ള കളികളും അവസാനിച്ചു. ഇത് മനസ്സിലാക്കി പ്രവീൺ തൊഗാഡിയയുടെ വിശ്വസ്തനായി മാറി. കേരളത്തിലെ പരിവാറിനെതിരെ ബദൽ ആൾക്കൂട്ടം സൃഷ്ടിക്കാനായി പ്രതീഷിന്റെ ശ്രമം.

 

ഇതിനിടെയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയുടെ വിധിയെത്തിയത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ആർഎസ്എസ് നിലപാട് വിധിക്ക് അനുകൂലമാകുമെന്ന സൂചന ആദ്യം മുതലേ സജീവമായിരുന്നു. ഇത് മനസ്സിലാക്കി അന്തരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ബാനറിൽ പ്രതീഷ് എത്തി. എല്ലാ നാമജപ ഘോഷയാത്രയ്ക്കും പിന്നിൽ താനാണെന്ന് വരുത്താനാണ് നീക്കം. ഇതിനെ പൊളിച്ചടുക്കിയാണ് തോക്ക് സ്വാമിയെന്ന് അറിയപ്പെടുന്ന സ്വാമി ഭദ്രാനന്ദ് തുറന്ന് പറച്ചിൽ നടത്തിയത്. ഇതോടെ സെക്രട്ടറിയേറ്റ് മാർച്ചിന് പിന്നിൽ കലാപ ശ്രമമാണെന്ന സംശയങ്ങളും ശക്തമാവുകയാണ്. ഇത് പ്രതീഷിന് വലിയ തിരിച്ചടിയാകും.

പന്തളം കൊട്ടാരത്തിന്റെ ആഹ്വാനമാണ് നാമ ജപ ഘോഷയാത്രയുടെ വിജയത്തിന് കാരണം. എൻ എസ് എസും വിശ്വാസികളും പിന്തുണയുമായെത്തി. പ്രാദേശിക കൂട്ടായ്മകൾ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധം നടത്തി. എല്ലാം വൻ വിജയമായി. ഇത് കണ്ടതോടെയാണ് ലോംഗ് മാർച്ചെന്ന പ്രതീതി വരുത്തും വിധം സെക്രട്ടറിയേറ്റ് മാർച്ചിന് ആഹ്വാനം ചെയ്തത്. വിശ്വാസികളെല്ലാം അയ്യപ്പന്റെ കാര്യമായതു കൊണ്ട് ഒപ്പമെത്തുമെന്നും വിലയിരുത്തി. ആറന്മുള സമരകാലത്താണ് പ്രതീഷ് ഇടപെടലുകളുമായെത്തുന്നത്. കുമ്മനം രാജശേഖരന്റെ വിശ്വസ്തനായി മാറി പ്രതീഷ് സമരമുഖത്ത് നിറഞ്ഞു. പിന്നീട് കുമ്മനവുമായി അകന്നു. അതിന് ശേഷം ഹിന്ദു ഹെൽപ് ലൈനെന്ന സംഘടനയുണ്ടാക്കി. ആർ എസ് എസിനൊപ്പം നിൽക്കുന്ന തീവ്ര ഹിന്ദുത്വവാദികളെ അടർത്തിയെടുക്കുകയായിരുന്നു നീക്കം. തുടക്കത്തിൽ ആർ എസ് എസിന് ഇത് മനസ്സിലായില്ല. തിരിച്ചറിഞ്ഞതോടെ പ്രതീഷിനെ ശത്രുപക്ഷത്ത് നിർത്തി. ഇതോടെ കളം മാറ്റി ചവിട്ടി പ്രതീഷ്. ഈ നീക്കമാണ് ദേശീയ തലത്തിൽ ഉയരാൻ ഗൂണകരമായത്.

അമൃതാനന്ദമയീ മഠവുമായി പ്രതീഷ് അടുത്തത് വിദേശ വനിതയുടെ പീഡനാരോപണ കാലത്താണ്. മഠത്തിന് ഒപ്പം നിന്ന് ആ നീക്കത്തെ പ്രതീഷ് പൊളിച്ചു. ഇതോടെ അമൃതാനന്ദമയിയുടെ വിശ്വസ്തനായി. ഈ ലേബലിൽ ബിജെപി ദേശീയ നേതാക്കളുമായി അടുപ്പം കൂടി. എസ് എൻ ഡി പിയെ ബിജെപി പക്ഷത്ത് എത്തിച്ചും ശ്രദ്ധേയനായി. ഇതിന് വളരെ മുമ്പാണ് ഡൽഹിയിലെ ബീഫ് വിവാദം. കേരളാ ഹൗസിൽ പശു ഇറച്ചി വിൽക്കുന്നുണ്ടെന്ന് തീവ്ര ഹിന്ദു നേതാക്കളെ അറിയിച്ചതും കലാപത്തിന് ശ്രമിച്ചതും പ്രതീഷായിരുന്നു. കേരളത്തിൽ ലൗ ജിഹാദ് എന്ന പദം അവതരിപ്പിച്ച് പ്രണയങ്ങളെ സംശയ നിഴലിലും നിർത്തി. എന്നാൽ അമൃതാനന്ദ മയീ മഠത്തിലെ ബന്ധവും ബിജെപിയിലെ ഉന്നത ബന്ധവും മുതലെടുത്ത് ഹിന്ദു ഹെൽപ് ലൈനിനെ പ്രതീഷ് വളർത്തി. തൊഗാഡിയയുമായി തുടക്കം മുതൽ അടുപ്പം കാത്ത് സൂക്ഷിക്കുകയും ചെയ്തു. കേരളത്തിലെ ബിജെപിയിലെ തീരുമാനങ്ങൾക്ക് പിന്നിലെ ചാലക ശക്തിയുമായി.

എന്നാൽ ആർഎസ്എസ് എതിർപ്പ് ശക്തമാക്കി. ബിജെപി അധ്യക്ഷാനായെത്തിയ കുമ്മനം രാജശേഖരനും പ്രതീഷിനെ അടുപ്പിച്ചില്ല. എസ് എൻ ഡി പിക്കും ആർഎസ്എസ് മുന്നറിയിപ്പ് നൽകി. ഇതോടെ പ്രതീഷിന് വീണ്ടും പിന്നണിയിലേക്ക് മാറേണ്ടി വന്നു. ഇതിനിടെയാണ് തൊഗാഡിയയെ ആർഎസ്എസ് പുറത്താക്കുന്നത്. ഇതോടെ തൊഗാഡിയയ്‌ക്കൊപ്പം നിലയുറപ്പിച്ച് പുതിയ സംഘടനയുണ്ടാക്കി. ഇതിന് കേരളത്തിൽ വേരുകളില്ലായിരുന്നു. ആർ എസ് എസുകാരൊന്നും തൊഗാഡിയയെ അംഗീകരിക്കാൻ തയ്യാറാകാത്തതായിരുന്നു ഇതിന് കാരണം. ഇതിനിടെയാണ് ശബരിമല വിഷയം എത്തുന്നത്. ആർഎസ്എസ് അതിനെ അനുകൂലിക്കുമെന്ന് മനസ്സിലാക്കി വിശ്വാസികളായ പരിവാറുകാരെ അടുപ്പിക്കാൻ പ്രതീഷ് നീക്കം നടത്തി. ദേശീയ പാതാ ഉപരോധം ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. ഇതിനൊപ്പം പന്തളത്ത് നടന്ന വിശ്വാസ കൂട്ടായ്മയിലേക്ക് നിരവധി പേർ ഒഴുകിയെത്തി. ഇത് മനസ്സിലാക്കിയാണ് പന്തളത്ത് നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തത്. കേരളത്തിലെ പ്രമുഖ മഠത്തിന്റെ പിന്തുണയോടെ ഇത് വിജയിപ്പിക്കാനുള്ള നീക്കവും നടത്തി.

ശബരിമലയിൽ പ്രതിഷേധിക്കാനാഗ്രഹിക്കുന്നവരെല്ലം സമരത്തിനൊപ്പം ചേരുമെന്ന് പ്രതീഷിന് അറിയാം. ഇതോടെ കേരളത്തിലെ ഹിന്ദുക്കളുടെ നേതാവായി തനിക്ക് മാറാമെന്നാണ് പ്രതീഷ് കണക്ക് കൂട്ടുന്നത്. കുമ്മനം മിസോറാം ഗവർണ്ണറായതോടെ ഹിന്ദു സംഘടനകൾക്ക് യഥാർത്ഥ നേതാവിനെ നഷ്ടമായി. ബിജെപിയിലെ ഗ്രൂപ്പ് പോര് കാരണം ആരും ആരേയും ഉയർത്തിക്കാട്ടുന്നതുമില്ല. ഇതും പ്രതീഷിന് പ്രതീക്ഷയായി. ഇത് തിരിച്ചറിഞ്ഞാണ് കുമ്മനത്തെ മടക്കി കൊണ്ടു വരാൻ പരിവാറിലെ ഒരു വിഭാഗം ശ്രമിച്ചത്. എന്നാൽ ബിജെപി കേന്ദ്ര നേതൃത്വം അതിന് പിന്തുണ നൽകിയില്ല. ഇതും മുതലെടുക്കാനായിരുന്നു പ്രതീഷിന്റെ ശ്രമം. ബിജെപിക്കും ആർഎസ്എസിനും വേണ്ടത്ര ഹിന്ദുത്വം ഇല്ല എന്ന തോന്നൽ ആളിക്കത്തിച്ചാണ് പ്രതീഷ് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നത്.

അയോധ്യയിൽ രാമക്ഷേത്രം വേണമെന്നത് ബിജെപിയുടേയും ആർഎസ്എസിന്റെയും ഒക്കെ നയമാണെങ്കിലും അവർക്ക് അത് പരസ്യമായി പറയാനോ സമമ്മതിക്കാനോ കഴിയില്ല. പരസ്യമായി അതിന് വേണ്ട ശ്രമങ്ങൾ നടത്താൻ കഴിയാതെ വരുമ്പോൾ ക്ഷേത്രം വേണമെന്ന് ശഠിക്കുന്നത് വിഎച്ച്പിയിലും ശ്രീറാം സേനയിലും ഹനുമാൻ സേനയിലും ഒക്കെ പ്രവർത്തിക്കുന്നവരാണ്. ഇവരാണ് മുസ്ലിംകൾ പാക്കിസ്ഥാനിലേക്ക് പോകണമെന്നും താജ്മഹൽ പൊളിച്ച് ക്ഷേത്രം പണിയണമെന്നും ഒക്കെ പറയുന്നത്. വടക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും ബീഫിന്റെ പേരിൽ കൊലപാകതകം നടക്കുന്നതും ക്ഷേത്രങ്ങളുടെ പേരിൽ കുത്തിത്തിരിപ്പ് നടത്തുന്നതും ഒക്ക ഇത്തരക്കാരുടെ ചെറിയ പ്രവർത്തനങ്ങളാണ്. അത്തരം സംഘടനകൾ ഇപ്പോൾ കേരളത്തിലും സജീവമാണ്. നിരവധി ചെറുകിട ഹിന്ദു തീവ്രവാദ മൗലിക വാദ സംഘടനകൾ കേരളത്തിൽ വേരുറച്ച് കഴിഞ്ഞു. ഇവർ പറയുന്ന നുണകളും ആഹ്വാനങ്ങളും കേരളത്തിന്റെ മതേതരത്വ മുഖത്തിന് തിരിച്ചടിയാണ്. ഇത്തരത്തിൽ സാമുദായിക ഐക്യം തകർക്കുന്നതും ഹിന്ദു മുസ്ലിം ക്രൈസ്തവ ഐക്യം തകർക്കുന്നതുമായ ആഹ്വാനങ്ങൾ നടത്തുന്നയാളാണ് പ്രതീഷ് വിശ്വനാഥ്.

മദ്രസയിൽ കുട്ടികളെ ബലാത്സംഗം ചെയ്യുന്ന മൗലവികളെ വെടിവെച്ചു കൊല്ലണം എന്ന് ആഹ്വാനം ചെയ്തു കൊണ്ടും വിവാദങ്ങൾപ്പ് പുതിയ മാനം നൽകി. സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഒരു പോസ്റ്റ് ഇടുമ്പോൾ ലക്ഷ്യം വയ്ക്കുന്നത് സാമുദായിക സംഘർഷമാണ്. മനപ്പൂർവ്വം തന്നെ ഇതിനായി നിരവധി പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കിലും ഇന്നു വരെ കേരളാ പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടില്ല. 

പ്രതീഷ് വിശ്വനാഥിന് അതുകൊണ്ട് തന്നെ ബിജെപി തീരുമാനങ്ങളിൽ നിർണ്ണായക സ്വാധീനവുമുണ്ടായിരുന്നു. കുമ്മനം രാജശേഖരനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാക്കിയതും എസ് എൻ ഡി പിയെ എൻഡിഎയിലെത്തിച്ചതുമെല്ലാം പ്രതീഷ് വിശ്വനാഥനായിരുന്നു. അശോക് സിംഘാളിന്റെ അനുയായിയായാണ് പ്രതീഷ് വിശ്വനാഥ് ഹൈന്ദവ രാഷ്ട്രീയത്തിൽ സജീവമായത്. പ്രവീൺ തൊഗാഡിയയുമായും അടുത്ത ബന്ധം പുലർത്തി. എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനെ പ്രവീൺ തൊഗാഡിയയുമായി അടുപ്പിച്ചത് പ്രതീഷായിരുന്നു. മതാ അമൃതാനന്ദമയീ ആശ്രമവുമായി പ്രതീഷിനുള്ള സ്വാധീനവും എസ് എൻ ഡി പിയെ ബിജെപി പക്ഷത്ത് എത്തിക്കാൻ സഹായകമായി. ഇതോടെ ബിജെപി ദേശീയ നേതൃത്വവുമായി പ്രതീഷ് അടുത്തു. കുമ്മനത്തെ പ്രസിഡന്റാക്കുന്നതിന് പ്രധാന ചാലക ശക്തിയുമായി. ഇതോടെ ബിജെപി രാഷ്ട്രീയത്തിൽ കേരളത്തിലെ സ്വാധീന ശക്തിയായി പ്രതീഷ് മാറി. കേന്ദ്ര നേതൃത്വത്തിന്റെ പലതീരുമാനങ്ങളിലും പ്രതീഷിന്റെ കൈയൊപ്പമുണ്ടായിരുന്നു. എന്നാൽ പ്രവീൺ തൊഗാഡിയയും മോദിയും അകന്നതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. തൊഗാഡിക്കൊപ്പം പ്രതീഷ് നിലകൊണ്ടു. ഇതോടെ ബിജെപി കേന്ദ്ര നേതൃത്വത്തിനും പ്രതീഷ് കണ്ണിലെ കരടായി.

കർണ്ണാടകയിൽ ബിജെപിയുടെ നേട്ടം 105 സീറ്റായിരുന്നു. എന്നാൽ അപ്രതീക്ഷിതമായെത്തിയ പ്രതിപക്ഷ ഐക്യം ബിജെപിയുടെ സർക്കാർ രൂപീകരണ മോഹത്തിന് തിരിച്ചടിയായി. കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായപ്പോൾ ബംഗളൂരുവിൽ പ്രവീൺ തൊഗാഡിയ പറന്നിറങ്ങി. വിമാനത്താവളത്തിൽ സ്വീകരണവും നൽകി. ഇതിനെല്ലാം പിന്നിൽ പ്രതീഷ് വിശ്വനാഥനായിരുന്നു. മോദിയുമായുള്ള കടുത്ത ഭിന്നതയായിരുന്നു തൊഗാഡിയയെ പരിവാർ പ്രസ്ഥാനത്തിന്റെ അമരത്തു നിന്നും പുറത്താക്കിച്ചത്. ഇതോടെ ബദൽ സംഘടനയ്ക്കുള്ള നീക്കവും തൊഗാഡിയെ തുടങ്ങി. ഇതിന് എല്ലാ സഹായവുമായി നിൽക്കുന്നത് പ്രതീഷ് വിശ്വാഥാണ്. രാജ്യത്തുടനീളം തൊഗാഡിയയുടെ യാത്രകളെ ഏകോപിപ്പിക്കുന്ന ഈ മലയാളിയാണ്. ഇത് മോദിയും അമിത് ഷായും തിരിച്ചറിഞ്ഞു. ഇതോടെ കേരളത്തിലെ ബിജെപി നേതാക്കളും പ്രതീഷുമായി അകലം പാലിക്കാൻ തുടങ്ങി. ഇത് പ്രതീഷിന് വലിയ തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ശബരിമല വിഷയം ആളിക്കത്തിച്ച് സ്വാധീന ശക്തിയായി മാറാനുള്ള ശ്രമം നടത്തുന്നത്.

കേരളത്തിലെ പരിവാർ പ്രസ്ഥാനത്തിനും പ്രതീഷിനോട് താൽപ്പര്യമില്ലായിരുന്നു. ബദൽ ആർ എസ് എസു കളിയാണ് പ്രതീഷ് നടത്തുന്നതെന്നായിരുന്നു വിമർശനം. അപ്പോഴും മോദിയും അമിത് ഷായും പ്രതീഷിനെ പിന്തുണച്ചിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ആർഎസ്എസ് ആഗ്രഹം പലതും നടക്കാതെ പോയി. ഈ സാഹചര്യമാണ് പ്രവീൺ തൊഗാഡിയയ്ക്കൊപ്പം പ്രതീഷ് പോയതോടെ ഇല്ലാതായത്. പരിവാർ പ്രസ്ഥാനത്തിനെതിരെ പ്രവർത്തിക്കുന്ന തൊഗാഡിയയുമായി ചേർന്ന് നിൽക്കുന്ന പ്രതീഷിനെതിരെ അണികൾക്കിടയിലും പ്രചരണം നടത്തിയിരുന്നു. ഇതിനിടെയാണ് ശബരിമല വിഷയം എത്തിയതും. വീണ്ടും പരിവാറുകാരെ സംഘടിപ്പിച്ച് ബദൽ നീക്കത്തിന് പ്രതീഷ് ശ്രമം തുടങ്ങിയതും. പത്തനംതിട്ട കിടങ്ങന്നൂരിൽ മുരിങ്ങൂർ വലിയകാലായിൽ വിശ്വനാഥൻ നായരുടെയും രാധാമണിയുടെയും മകനായ അഡ്വക്കേറ്റ് പ്രതീഷ് വിശ്വനാഥനൻ ബിജെപി ദേശീയ നേതൃത്വത്തിന്റെ വിശ്വസ്തനായത് ആരേയും ഞെട്ടിച്ചു കൊണ്ടാണ്. ബിജെപിയുടെ ദേശീയ സെക്രട്ടറിയായി പോലും പ്രതീഷ് എത്തുമെന്ന വിലയിരുത്തലെത്തി. കേരളത്തിൽ ഘർവാപ്പസി സംഘടിപ്പിച്ചതും പ്രതീഷിന്റെ നേതൃത്വത്തിലായിരുന്നു.

ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദം സ്വന്തമാക്കിയ പ്രതീഷ് കേരളാ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയും കഴിഞ്ഞ ഏഴുവർഷമായി വിശാല ഹിന്ദു ഐക്യം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളെന്ന പേരിൽ പ്രവർത്തിക്കുകയുമായിരുന്നു. ലൗ ജിഹാദ് എന്ന പേരിൽ ഹിന്ദുപെൺകുട്ടികളെ മുസ്ലിം യുവാക്കൾ മതംമാറ്റി വിവാഹം കഴിക്കുന്നുവെന്ന പ്രചാരണത്തിന്റെ സൂത്രധാരനാണ് പ്രതീഷ്. ലൗ ജിഹാദിനെതിരെ പ്രവർത്തിക്കുന്ന ഹിന്ദു ഹെൽപ്പ് ലൈൻ എന്ന സംഘടനയുടെ ദേശീയ ജോയിന്റ് കോർഡിനേറ്റർ എന്ന പദവിയിൽ നിന്നാണ് പ്രതീഷിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോയത്. തൊഗാഡിയയുടെ സംഘടനയെത്തിയതോടെ ലേബൽ മാറ്റി. പ്രതീഷ് വിശ്വനാഥിന്റെ വളർച്ചയുടെ പ്രധാനഘടകവും തൊഗാഡിയയായിരുന്നു. പ്രതീഷ് പ്രചാരകനായ ഹിന്ദു ഹെല്പ് ലൈനിനു എല്ലാ വിധ സഹായവും ചെയ്തുകൊടുക്കുന്നത് തൊഗാഡിയയും വിശ്വഹിന്ദു പരിഷത്തുമായിരുന്നു. വ്യാജ ലൗജിഹാദ് ചർച്ച സജീവമാക്കാൻ ക്രൈസ്തവ സംഘടനകളുടെ സഹായം തേടിയതും പ്രതീഷാണ്.