തിരുവല്ല: ആദിയർ ശക്തി വിളിച്ചോതി പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ഘോഷയാത്ര. പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 138-ാം ജന്മദിനത്തോടനുബന്ധിച്ച് നെല്ലാട്ട് നിന്നുള്ള ഭക്തി ഘോഷയാത്ര സഭയുടെ ഒത്തുചേരലായി.

ഇരവിപേരൂരിലുള്ള സഭാ ആസ്ഥാനത്തേയ്ക്ക് ഘോഷയാത്ര ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് തുടങ്ങിയത്. നെല്ലാട്ട് പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം സഭ പ്രസിഡന്റ് വൈ. സദാശിവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. സഭാ നേതാക്കൾ ഹൈകൗൺസിൽ, ഗുരുകുല സമിതി അംഗങ്ങൾ, യുവജനസംഘം-മഹിളാ സമാജം കേന്ദ്ര ഭാരവാഹികൾ, മേഖല ഉപദേഷ്ടാക്കന്മാർ എന്നിവർക്ക് പിന്നിലായി കുമാരദാസ സംഘം അണിനിരന്നു.

വാദ്യഘോഷങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയെ ഭക്തിസാന്ദ്രമാക്കി. ശ്രീകുമാര ഗുരുദേവന്റെയും ദിവ്യമാതാവിന്റെയും ആചാര്യ ഗുരുവിന്റെയും വാഴ്ച യുഗ തിരുമേനിയുടെയും ളേച്ചി മാതാവിന്റെയും ഛായാചിത്രങ്ങൾ വഹിച്ച് കൊണ്ട് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും ഓരോ ജില്ലകളുടെ അടിസ്ഥാനത്തിൽ മേഖല ശാഖകളുടെ ബാനറിന് പിന്നിൽ ഭക്തജനങ്ങളും ആകാശ നീലിമ പതാകയേന്തി വെള്ള വസ്ത്രധാരികളായ ഭക്തജനങ്ങൾ നീങ്ങി.

വൈസ് പ്രസിഡന്റ് എം. എസ്. കുട്ടപ്പൻ, ജനറൽ സെക്രട്ടറിമാരായ കെ. ഡി. രാജൻ, സി. കെ. നാരായണൻ, ജോ. സെക്രട്ടറി കെ. ടി. വിജയൻ ഗുരുകുല ശ്രേഷ്ഠൻ ഇ. ടി. രാമൻ, വി. കെ. ചെല്ലകുമാർ എന്നിവരും ഹൈകൗൺസിൽ അംഗങ്ങളും ഗുരുകുല ഉപദേഷ്ടാക്കന്മാരും യുവജന മഹിളാ സംഘം ഭാരവാഹികളും നേതൃത്വം നൽകി. തുടർന്ന് പെതുസമ്മേളനവും നടന്നു