- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
നയാപൈസയില്ല കെഎസ്എഫ്ഇക്ക് നയാപൈസ കിട്ടിയില്ല; പ്രവാസി ചിട്ടി നടത്തിപ്പിന് കെഎസ്എഫ്ഇക്ക് ഒരുരൂപ പോലും നൽകാതെ കിഫ്ബി; ചിട്ടി നടത്തിപ്പിൽ കിഫ്ബിക്ക് ഒരുപങ്കുമില്ല..എല്ലാം കെഎസ്എഫ്ഇയുടെ ചുമതല; ചിട്ടി ഓഡിറ്റിനെ കുറിച്ചും തീരുമാനമായില്ല; വരവിനേക്കാൾ കൂടുതൽ പരസ്യത്തിന് ചെലവഴിച്ച് സർക്കാരിന് ബാധ്യതയായി മാറുന്ന തോമസ് ഐസക്കിന്റെ സ്വപ്ന പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ
തിരുവനന്തപുരം: കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി ധനമന്ത്രി തോമസ് ഐസക്ക് മുൻകൈയെടുത്ത് തുടങ്ങിയ പ്രവാസി ചിട്ടി നടത്തിപ്പുകാരായ കെഎസ്എഫ്ഇ്ക്ക് കിഫ്ബിയിൽ നിന്ന് ധനസഹായം ഒന്നും കിട്ടിയിട്ടില്ലെന്ന് വെളിപ്പെടുത്തൽ. പ്രവാസി ചിട്ടികൾ നടത്തുന്നത് കെഎസ്എഫ്ഇയാണെന്നും ഇതിനായി കിഫ്ബി കെഎസ്എഫ്ഇക്ക് തുകയൊന്നും നൽകിയിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ പറയുന്നു. കണ്ണൂർ സ്വദേശിയായ ബ്രിജിത്ത് കൃഷ്ണ നൽകിയ അപേക്ഷയ്ക്ക് സെപ്റ്റംബർ 5ന്കിട്ടിയ മറുപടി പ്രകാരം പ്രവാസി ചിട്ടികൾ ഇതുവരെ ആരംഭിക്കാത്തത് കാരണം ഓഡിറ്റിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നു. പ്രവാസി ചിട്ടികൾ നടത്തുന്നതിന് വേണ്ട സാങ്കേതിക സഹായവും പ്രാഥമിക സാമ്പത്തിക സഹായവും കെഎസ്എഫ്ഇക്ക് നൽകുന്നതല്ലാതെ കിഫ്ബി നേരിട്ട് പ്രവാസി ചിട്ടി നടത്തുന്നില്ലെന്നും വിവരാകാശ പ്രകാരമുള്ള മറുപടിയിൽ പറയുന്നുണ്ട്. പ്രവാസി ചിട്ടി സർക്കാരിന് ബാധ്യതയാകുന്നതായാണ് പുറത്തുവന്ന വരുമാനകണക്കുകൾ പ്രകാരം നേരത്തെ വ്യക്തമായത്. ജൂൺ 18-നാ
തിരുവനന്തപുരം: കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി ധനമന്ത്രി തോമസ് ഐസക്ക് മുൻകൈയെടുത്ത് തുടങ്ങിയ പ്രവാസി ചിട്ടി നടത്തിപ്പുകാരായ കെഎസ്എഫ്ഇ്ക്ക് കിഫ്ബിയിൽ നിന്ന് ധനസഹായം ഒന്നും കിട്ടിയിട്ടില്ലെന്ന് വെളിപ്പെടുത്തൽ. പ്രവാസി ചിട്ടികൾ നടത്തുന്നത് കെഎസ്എഫ്ഇയാണെന്നും ഇതിനായി കിഫ്ബി കെഎസ്എഫ്ഇക്ക് തുകയൊന്നും നൽകിയിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ പറയുന്നു. കണ്ണൂർ സ്വദേശിയായ ബ്രിജിത്ത് കൃഷ്ണ നൽകിയ അപേക്ഷയ്ക്ക് സെപ്റ്റംബർ 5ന്
കിട്ടിയ മറുപടി പ്രകാരം പ്രവാസി ചിട്ടികൾ ഇതുവരെ ആരംഭിക്കാത്തത് കാരണം ഓഡിറ്റിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നു. പ്രവാസി ചിട്ടികൾ നടത്തുന്നതിന് വേണ്ട സാങ്കേതിക സഹായവും പ്രാഥമിക സാമ്പത്തിക സഹായവും കെഎസ്എഫ്ഇക്ക് നൽകുന്നതല്ലാതെ കിഫ്ബി നേരിട്ട് പ്രവാസി ചിട്ടി നടത്തുന്നില്ലെന്നും വിവരാകാശ പ്രകാരമുള്ള മറുപടിയിൽ പറയുന്നുണ്ട്.
പ്രവാസി ചിട്ടി സർക്കാരിന് ബാധ്യതയാകുന്നതായാണ് പുറത്തുവന്ന വരുമാനകണക്കുകൾ പ്രകാരം നേരത്തെ വ്യക്തമായത്. ജൂൺ 18-നാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചത്. നിയമസഭാ സമുച്ചയത്തിൽ എംഎൽഎമാർ, എംപിമാർ, പ്രവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ചിട്ടി ഉദ്ഘാടനം ചെയ്തത്. ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിലെ പ്രവാസികളെ ചേർത്തുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്. പ്രവാസി ചിട്ടിയിലൂടെയുള്ള വരുമാനം കിഫ്ബി വഴി കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, പിരിച്ചെടുത്തതിനേക്കാൾ തുക പരസ്യ ഇനത്തിൽ സർക്കാർ ചെലവഴിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
പ്രവാസി ചിട്ടിക്കായി പരസ്യഇനത്തിൽ കിഫ്ബി/ കെഎസ്എഫ്ഇ ചെലവാക്കിയത് 5,01,06,534 കോടി രൂപയാണ്. പക്ഷേ പ്രവാസി ചിട്ടിക്കായി പിരിഞ്ഞുകിട്ടിയത് 3.30 കോടി രൂപ മാത്രമാണ്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി തോമസ് ഐസക്കാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തിൽ യുഎഇയിൽ നിന്നുള്ള പ്രവാസികൾക്കാണു ചിട്ടിയിൽ രജിസ്റ്റർ ചെയ്യാൻ അവസരം നൽകിയിരുന്നത്. പിന്നീടു മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്കും കെവൈസിയിൽ രജിസ്റ്റർ ചെയ്യാൻ അവസരം ഒരുക്കി. ചിട്ടിയിൽ ചേരുന്നവർക്ക് ഏതു വികസന പദ്ധതിക്കാണു തങ്ങളുടെ വിഹിതം ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കാം.ചിട്ടിയിൽ ചേരുന്ന ആരെങ്കിലും മരിച്ചാൽ ബാക്കി തവണകൾ എൽഐസി അടച്ചുതീർക്കുകയും ആനുകൂല്യങ്ങൾ ബന്ധുക്കൾക്കു ലഭ്യമാക്കുകയും ചെയ്യും. മരണം വിദേശത്താണെങ്കിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചുമതല കെഎസ്എഫ്ഇ വഹിക്കും.
ചിട്ടിയിലൂടെ കിഫ്ബിയിൽ എത്തുന്ന പണം നിർദ്ദിഷ്ട പദ്ധതികൾക്ക് മാത്രമേ വിനിയോഗിക്കൂ എന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. കെ.എസ്.എഫ്.ഇയുടെ സാധാരണ ചിട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം പ്രവാസി ചിട്ടിക്കും ലഭിക്കും. ഓൺലൈനായി നടത്തുന്നതിനാൽ പ്രവാസികൾക്ക് ആശങ്കകളില്ലാതെ ലേലത്തിൽ പങ്കെടുക്കാം. ചിട്ടി തവണകൾ അടയ്ക്കുന്നതും ഓൺലൈനായി തന്നെയായിരിക്കും. ഇതിനായി സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നത് അവസാന ഘട്ടത്തിലാണ്. ചിട്ടിയിലൂടെ കിഫ്ബിയിൽ എത്തുന്ന പണം മറ്റ് രീതിയിൽ വകമാറ്റില്ല. ഇത് ഉറപ്പാക്കുന്നതിനാണ് കിഫ്ബി ഉപദേശക സമിതി ചെയർമാനായി മുൻ സി.എ.ജി വിനോദ് റായിയെ നിയമിച്ചിരിക്കുന്നത്.
25, 30, 40, 50 മാസങ്ങളാണ് ചിട്ടിയുടെ കാലാവധി. 500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ അടയ്ക്കാവുന്ന ചിട്ടികളുണ്ട് പദ്ധതിയിൽ. ചിട്ടിയിൽ രജിസ്റ്റർ ചെയ്തവരിൽ ഓരോ 5,000 പേരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് കേരളത്തിൽ വന്നുപോകാനുള്ള വിമാന ടിക്കറ്റ് സമ്മാനമായി ലഭിക്കും. അടുത്ത മൂന്ന് വർഷം കൊണ്ട് കിഫ്ബിയിലൂടെ കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന വികസന പദ്ധതികൾക്കായി 10,000 കോടി രൂപയെങ്കിലും പ്രവാസി ചിട്ടി വഴി സമാഹരിക്കുകയാണ് സർക്കാർ ലക്ഷ്യം. ചിട്ടിയിൽ ചേരുന്നവർക്ക് അപകട ഇൻഷുറൻസും നിബന്ധനകൾക്ക് വിധേയമായി പെൻഷനും അനുവദിക്കും. പ്രവാസികൾ കൂടുതലായി എൻആർഐ ചിട്ടികളിൽ ചേർന്നാൽ അത് സംസ്ഥാനത്തിന്റെ വികസനത്തിന് പിന്തുണയാകുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ.
നേരത്തെ പദ്ധതി പ്രഖ്യാപിച്ചപ്പോൾ, മുൻധനമന്ത്രി കെ.എം.മാണി ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കേന്ദ്ര ചിട്ട് ഫണ്ട് ആക്ടിന്റെയും ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെയും(FEMA- ഫെമ) ലംഘനമാണ് പ്രവാസി ചിട്ടിയെന്നായിരുന്നു മാണിയുടെ ആരോപണം. കേന്ദ്രനിയമങ്ങൾ ബാധകമല്ലാത്ത സ്വതന്ത്ര സംസ്ഥാനമാണ് കേരളം എന്നാണ് ഐസക് കരുതുന്നതെന്നും മാണി പറഞ്ഞിരുന്നു. ചിട്ടിയിലൂടെ ഇടുന്ന പണം കിഫ്ബിയിലേക്ക് വകമാറ്റുന്നത് റിസർവ് ബാങ്കിന്റെ ചട്ടങ്ങൾക്ക് എതിരാണെന്നും മുൻ ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി, കേന്ദ്ര ചിട്ടി നിയമത്തിലെ എല്ലാ നിബന്ധനങ്ങളും അനുസരിച്ചാണെന്നും ഇതിൽ ഫെമാ നിയമങ്ങളുടെ ലംഘനമില്ലെന്നുമായിരുന്നു ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക് മറുപടി നൽകിയത്. 1982ലെ കേന്ദ്ര നിയമവും 2012ലെ കേരള ചിട്ടി റൂൾസും അനുസരിച്ചാണ് കെ.എസ്.എഫ്.ഇ പ്രവർത്തിക്കുന്നതെന്ന് ഫേസ്‌ബുക് പോസ്റ്റിൽ ഐസക് വ്യക്തമാക്കിയിരുന്നു. പ്രവാസി ചിട്ടിയിലെ പ്രധാന വ്യത്യാസം അത് ഓൺലൈൻ ആയി ചെയ്യുന്നു എന്നതും ചിട്ടിയിൽ ചേരുന്നവർക്ക് മറ്റു ചില ആനുകൂല്യങ്ങൾ അതിൽ ചേർത്തിട്ടുണ്ട് എന്നതും മാത്രമാണ്. ഓൺലൈൻ ആയി ചിട്ടി നടത്താനുള്ള അനുമതി കെ.എസ്.എഫ്.ഇയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ, പദ്ധതി ഇപ്പോൾ സർക്കാരിന് തന്നെ ബാധ്യതയാവുന്നതായാണ് നിയമസഭയിൽ വച്ച രേഖയിലൂടെ വ്യക്തമാകുന്നത്.
കെഎസ്എഫ്ഇയുടെ വിശദീകരണം
പ്രവാസി ചിട്ടിയുടെ ലാഭ നഷ്ടത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്ന വിശദീകരണവുമായി കെ.എസ്.എഫ്.ഇ അധികൃതർ. ധനമന്ത്രി നിയമസഭയിൽ നൽകിയ മറുപടി തെറ്റിദ്ധാരണാജനകമായി പ്രചരിപ്പിക്കുന്നുവെന്നാണ് കെ.എസ്.എഫ്.ഇ. ആരോപിക്കുന്നത്.
25 മുതൽ 40 മാസം വരെയുള്ള തവണകളുടെ ആദ്യ ഗഡു മാത്രം കണക്കിലെടുത്താണ് ചിലർ തെറ്റിദ്ധരിപ്പിക്കുന്നതെന്നാണ്കെ.എസ്.എഫ്.ഇ വാദം. നിലവിൽ ചേർന്ന ചിട്ടികളുടെ ആദ്യ ഗഡു തന്നെ 90 കോടിയിലേറെ വരും. 90 ചിട്ടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ 71 ചിട്ടികളിൽ സബ്‌സ്‌ക്രിപ്ഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കി ചിട്ടികളിൽ സബ്‌സ്‌ക്രിപ്ഷൻ പുരോഗമിക്കുന്നുണ്ട്. 17,841 പേർ ചിട്ടകൾക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 12,219 പേർ കെ.വൈ.സി. രേഖകൾ നൽകി ചിട്ടികളിൽ ചേരാൻ തയാറായിരിക്കുകയാണ്.
എങ്കിലും ഇത്തരം കണക്കുകളെ ആശ്രയിച്ചല്ല ചിട്ടിയുടെ ലാഭ നഷ്ടം കണക്കുകൂട്ടുന്നതെന്നും ബന്ധപ്പെട്ടവർ വിശദീകരിക്കുന്നു. ഇതുവരെ ആദ്യ ഗഡു ഇനത്തിൽ സമാഹരിച്ചിരിക്കുന്നത് നാല് കോടിക്ക് മുകളിൽ രൂപയാണ്. ഇതിൽ സെക്യൂരിറ്റിയായി കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിച്ച തുക 2,83,60,000 രൂപയാണ്. 64 ചിട്ടികളുടെ ഓൺലൈൻ ലേലം ഇതിനകം നടത്തിക്കഴിഞ്ഞു. അവയുടെ രണ്ടാം ഗഡുവും ചിട്ടിയിലേക്ക് അടച്ചുതുടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.യു.എ.ഇക്കു പുറമെ മറ്റു ജി.സി.സി. രാജ്യങ്ങളിൽ ചിട്ടി രജിസ്‌ട്രേഷൻ തുങ്ങിയിട്ടുണ്ടെന്നും അവിടെ നിന്ന് ഉടൻ തന്നെ വരിസഖ്യ സ്വീകരിച്ചു തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
എന്താണ് പ്രവാസി ചിട്ടി?
പ്രവാസികൾക്ക് സുരക്ഷിത സമ്പാദ്യത്തിനുള്ള അവസരം, ഒപ്പം നാടിന്റെ വികസനത്തിൽ പങ്കാളിത്തവും അതാണ് സംസ്ഥാന സർക്കാർ പ്രവാസികൾക്കായി ആവിഷ്‌കരിച്ച സമ്പാദ്യ പദ്ധതിയായ പ്രവാസി ചിട്ടി. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് എന്ന കെ.എസ്.എഫ്.ഇ വഴി നടപ്പാക്കുന്ന ഈ സമ്പാദ്യ പദ്ധതി പതിവ് ചിട്ടികളുടെ നേട്ടങ്ങൾക്ക് പുറമേ എൽ.ഐ.സി.യുടെ ഇൻഷുറൻസ് പരിരക്ഷയും പെൻഷനും സ്റ്റേറ്റ് ഇൻഷുറൻസ് നൽകുന്ന അത്യാഹിത സുരക്ഷാസഹായവുംകൂടിയാണ് നിക്ഷേപകന് ലഭ്യമാക്കുന്നത്. പൂർണമായും ഡിജിറ്റലായി ലോകത്തിന്റെ എതുഭാഗത്തുനിന്നും പങ്കാളിയാവാം എന്നതും പ്രത്യേകതയാണ്.
201718ലെ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി തോമസ് ഐസക് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിങ്ങനെ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വൻ പദ്ധതികൾ കേരള അടിസ്ഥാന വികസന നിക്ഷേപ ഫണ്ട് ബോർഡ് (കിഫ്ബി) വഴി നടപ്പാക്കാൻ പ്രവാസി ചിട്ടിയിലെ വരുമാനം പ്രയോജനപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി കിഫ്ബി ബോണ്ടുകളിൽ തുക നിക്ഷേപിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പ്രവാസി ചിട്ടിയിലൂടെ മൂന്നുവർഷം കൊണ്ട് 20,000 കോടി രൂപ കണ്ടെത്തുകയാണ് ലക്ഷ്യം.
പ്രവാസിചിട്ടി വഴി സമാഹരിക്കുന്ന പണത്തിന്റെ നീക്കിയിരിപ്പ് (ബാങ്കിങ് ഭാഷയിൽ പറഞ്ഞാൽ േഫ്ളാട്ട്) തുകയാണ് കിഫ്ബിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്കായി ഉപയോഗിക്കുക. പ്രവാസി ചിട്ടിയുടെ ദൈനംദിന നീക്കിയിരിപ്പ് കെ.എസ്.എഫ്.ഇ കിഫ്ബിയുടെ ബോണ്ടുകളിൽ കരുതലാക്കും. ഈ ബോണ്ടുകളുടെ ജാമ്യക്കാരൻ കേരള സർക്കാറാണ്. കിഫ്ബി ബോണ്ടുകളിൽനിന്ന് സ്വരൂപിക്കുന്ന തുകയാണ് വികസന പദ്ധതികൾക്ക് ചെലവിടുക. ചിട്ടിതുകയുടെ നീക്കിയിരിപ്പ് മാത്രമാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിനാൽ ചിട്ടിയുടെ നടത്തിപ്പിന് പണമില്ലാത്ത അവസ്ഥയുണ്ടാകില്ല. ചിട്ടിക്കായി കൂടുതൽ തുക വേണ്ടിവന്നാൽ നേരത്തേ സ്വരൂപിക്കപ്പെട്ട കിഫ്ബി ബോണ്ടുകളിൽ നിന്ന് തിരികെ എടുത്ത് ഉപയോഗിക്കാനുമാവും.
18നും 55നും ഇടക്ക് പ്രായമുള്ള ഇന്ത്യൻ പൗരന്മാരായ പ്രവാസി മലയാളികൾക്കാണ് ചിട്ടിയിൽ അംഗമാകാനാവുക. പത്തുലക്ഷം രൂപ വരെ ഒന്നോ അതിലധിക മോ ചിട്ടികളായി അംഗത്വമെടുക്കാം. ഇടപാടുകളെല്ലാം ഓൺലൈൻ വഴി നടത്താം. ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് സൗകര്യങ്ങളുപയോഗിച്ച് വിദേശത്തുനിന്ന് പണമടക്കാം. ഓൺലൈനിലൂടെ ചിട്ടിലേലത്തിലും പങ്കെടുക്കാം. ലേലത്തുക ഓൺലൈനിലൂടെ ലഭിക്കുകയും ചെയ്യും. ലേലത്തുകക്ക് ഈടുനൽകുന്നതു സംബന്ധിച്ച നടപടിക്രമങ്ങളും ഓൺലൈനിൽ ചെയ്യാം. മൊബൈൽ ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവയിലൂടെ എല്ലാ ചിട്ടി ഇടപാടുകളും നടത്താം.
എല്ലാ ദിവസവും 24 മണിക്കൂർ കോൾസെന്റർ സംവിധാനത്തിനുപുറമേ ലോകത്തിലെ ഏതു കോണിൽ നിന്നും ചിട്ടിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഓൺലൈനിലൂടെയും അറിയാനാവും. അവധിക്ക് നാട്ടിലെത്തുന്ന പ്രവാസിക്ക് കെ. എസ്.എഫ്.ഇയുടെ ഏതു ശാഖയിലും ബാങ്ക് ചെക്ക് മുഖാന്തരവും ചിട്ടിപണം അടയ്ക്കാനാവും. പക്ഷേ, വിദേശത്തുനിന്നോ, നാട്ടിലോ പ്രവാസിചിട്ടി ഇടപാടുകൾ കാഷായി (നോട്ടിടപാട്) നടത്താനാവില്ല. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തുന്നവർക്ക് പ്രവാസി ചിട്ടിയിൽ അംഗമായി തുടരാം. ജോലി നഷ്ടപ്പെട്ട് വരുമാനമില്ലാത്തവർക്ക് അതുവരെ നിക്ഷേപിച്ച തുക തിരികെ ലഭിക്കുകയും ചെയ്യും.
എൽ.ഐ.സിയുടെ ഇൻഷുറൻസ്, പെൻഷൻ, സ്റ്റേറ്റ് ഇൻഷുറൻസ് നൽകുന്ന അത്യാഹിത സുരക്ഷാ പരിരക്ഷ, സുരക്ഷിത സമ്പാദ്യം എന്നിങ്ങനെ നാല് വ്യത്യസ്ത സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരേ ഒരു ചിട്ടിയാണ് പ്രവാസി ചിട്ടി. അപകടമരണം, തൊഴിലെടുക്കാനാവാത്തവിധത്തിലുള്ള അംഗഭംഗം എന്നിവ സംഭവിക്കുന്ന അവസരങ്ങളിൽ എൽ.ഐ.സിയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനൊപ്പം പെൻഷനും കിട്ടും. ചിട്ടിയിൽ അടയ്ക്കാനുള്ള ബാക്കി തുക കെ.എസ്.എഫ്.ഇ തന്നെ അടക്കുകയും ചെയ്യും. പ്രവാസി ചിട്ടി നടത്താൻ വിദേശ നാണയ വിനിമയ നിയന്ത്രണ നിയമം പ്രകാരം കെ.എസ്.എഫ്.ഇക്ക് 2015 മാർച്ച് രണ്ടിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇടപാടുകൾ എൻ.ആർ.ഐ ബാങ്ക് അക്കൗണ്ടുകൾ ഒഴിച്ചുള്ള ബാങ്ക് അക്കൗണ്ടിൽക്കൂടി മാത്രമേ നടത്താനാകൂ.