ആലപ്പുഴ: തീവ്രഹിന്ദുത്വ പ്രചാരകനും വി എച്ച് പി ദേശീയ അദ്ധ്യക്ഷനുമായ പ്രവീൺ തൊഗാഡിയ കേരളത്തിൽ എത്തിയത് പൊലീസിനെയും വെട്ടിച്ച്. പല സംസ്ഥാനങ്ങളിലും പ്രസംഗത്തിനും സഞ്ചാരത്തിനും കോടതിയും ബിജെപി ഇതര സർക്കാരുകളും വിലക്കേർപ്പെടുത്തിയിട്ടുള്ള നേതാക്കളിൽ ഒരാളാണ് തൊഗാഡിയ. തീവ്രഹിന്ദു പ്രഭാഷണം നടത്തിയതിന്റെ പേരിലാണ് പലപ്പോഴും വി എച്ച്് പി നേതാവിന് വിലക്കുവന്നിട്ടുള്ളത്. കേരളത്തിൽ എത്തിയതെല്ലാം വിവിധ പരിപാടികളിൽ പങ്കെടുക്കാനാണെന്ന് പറഞ്ഞിരുന്നെങ്കിലും പങ്കെടുത്ത പരിപാടികളിലെല്ലാം തീവ്രഹിന്ദു പ്രഭാഷണമാണ് നടത്തിയത്.

ഇവിടെയെല്ലാം തൊഗാഡിയ സഞ്ചരിച്ചിരുന്നത് വി എച്ച് പി സുരക്ഷാ സേനക്കൊപ്പമായിരുന്നു. സംസ്ഥാന പൊലീസിന് തൊഗാഡിയയുടെ സന്ദർശനത്തെ കുറിച്ച് കാര്യമായ അറിവോ റോളോ വിവരമോ ലഭിച്ചില്ല. കേരളത്തിൽ അഞ്ചു തവണ നടത്തിയ സന്ദർശനത്തിൽ മൂന്നു തവണയും കണ്ടത് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ.

സംസ്ഥാനത്ത് ബിജെപി അനുകൂലസാഹചര്യം ഒരുക്കാൻ നിയോഗിക്കപ്പെട്ട തൊഗാഡിയ ചേർത്തലയിൽ എത്തിയത് പച്ചക്കറി സെമിനാറിൽ സംസാരിക്കാനെന്നാണ് പ്രചരണം നൽകിയത്. കാർഷിക കാര്യങ്ങൾക്കു പകരം സംസാരിച്ചതാകട്ടെ തീവ്രഹിന്ദു വികാരം ഇളക്കുന്ന രീതിയിലും. ഈഴവനെ തൊട്ടാൽ എതിർക്കണമെന്നും എന്നിട്ടും പോരെങ്കിൽ തട്ടണമെന്നുമുള്ള തരത്തിലാണ്് പ്രസംഗം നീട്ടിക്കൊണ്ടുപോയത്. മറ്റൊരു വേദിയിൽ പറഞ്ഞത്, തന്റെ നാട്ടിൽ ധാരാളം സിംഹങ്ങളുണ്ടെന്നും കാട്ടുരാജാവിനെ കണ്ടു വളർന്ന തനിക്കു സിംഹത്തിന്റെ സ്വാഭവമുണ്ടെന്നുമാണ്. ഹിന്ദുരാഷ്ട്രത്തിൽ വിശ്വാസികൾ സിംഹമായി മാറണമെന്ന ആഹ്വാനമാണ് തൊഗാഡിയ നടത്തിയത്്്.

ആരെയും എന്തും പറയാനും വേണ്ടിവന്നാൽ ആക്രമിക്കാനും പ്രേരണ നൽകുന്നതായിരുന്നു തൊഗാഡിയയുടെ പ്രസംഗം. ഇതെല്ലാം കേട്ട പൊലീസ് ഒരു പെറ്റിക്കേസുപോലും എടുത്തില്ല. ചേർത്തലയിൽ തൊഗാഡിയ എത്തുന്ന വിവരം പൊലീസ് അറിഞ്ഞതേയില്ല, കേട്ടറിഞ്ഞ് എത്തുകയായിരുന്നു. രണ്ടാഴ്ച മുമ്പ് തൊഗാഡിയ വെള്ളാപ്പള്ളി നടേശന്റെ വീട് സന്ദർശിച്ചിരുന്നു. അന്നും പൊലീസിന് നാട്ടുകാർ പറഞ്ഞ അറിവു മാത്രേെമ ഉണ്ടായിരുന്നുള്ളു.

ആലപ്പുഴയിലെ പ്രസംഗത്തിൽ ഹിന്ദു സ്വയം രക്ഷിക്കാൻ കരുത്താർജിക്കണമെന്നാണ് പറഞ്ഞത്. അതിനായി ആയുധവും ശൂലവും ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും അനുയായികളെ പറഞ്ഞു പഠിപ്പിച്ചു. അതേസമയം പ്രസംഗം അതിരുവിട്ടപ്പോൾ വെള്ളാപ്പള്ളിക്ക് തന്നെ തൊഗാഡിയയെ തള്ളിപ്പറയേണ്ടിവന്നു. തൊഗാഡിയയെ ക്ഷണിച്ചത് അദ്ദേഹത്തിന്റെ പാർട്ടിയുടെ ആശയം വളർത്താനല്ലെന്നും മറിച്ച് കൃഷികാര്യങ്ങളെക്കുറിച്ചറിയാനാണെന്നും അതേ വേദിയിൽ വെള്ളാപ്പള്ളിക്കു പ്രതികരിക്കേണ്ടി വന്നു.

അതേസമയം തൊഗാഡിയയുടെ തുടർച്ചയായുള്ള കേരള സന്ദർശനം അത്ര പന്തിയല്ലെന്ന അഭിപ്രായങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്നു പൊന്തിവരുന്നുണ്ട്. തൊഗാഡിയയ്‌ക്കെതിരെ കഴിഞ്ഞദിവസം രംഗത്തെത്തിയത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു. ശ്രീനാരയണ ധർമ്മവേദി അദ്ധ്യക്ഷൻ ഗോകുലം ഗോപാലനും വെള്ളാപ്പള്ളി- തൊഗാഡിയ കച്ചവട കൂട്ടുകെട്ടിനെതിരെ പ്രതികരിച്ചിരുന്നു. ഗുരുദേവ ദർശനങ്ങളിൽ തീവ്രഹിന്ദുവാദമില്ലെന്നും സ്വയം കച്ചവടം നടത്തുന്നതിന് ഈഴവരെ മറ്റ് തൊഴുത്തുകളിൽ കെട്ടേണ്ടതില്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. ഏതായാലും തൊഗാഡിയയുടെ അടിക്കടിയുള്ള കേരള സന്ദർശനം അത്ര ശുഭസൂചകമല്ലെന്നുള്ളതാണ് പൊതുവേയുള്ള വിലയിരുത്തൽ.