റക്കുന്നതിനിടെ വിമാനം തകരാൻ പോവുകയാണെന്ന് തോന്നിയാൽ യാത്രക്കാർ എന്താണ് ചെയ്യുകയെന്നറിയാമോ..? കാബിൻ ക്രൂ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ അനുവർത്തിക്കുമെന്നായിരിക്കും മിക്കവരും നൽകുന്ന മറുപടി. എന്നാൽ ഇത്തരം ഒരു അവസരത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ലണ്ടനിൽ നിന്നും പോളണ്ടിലേക്കുള്ള വിമാനത്തിലെ യാത്രക്കാർ പ്രാർത്ഥിക്കുകയാണ് ചെയ്തിരിക്കുന്നത്. ലണ്ടനിൽ നിന്നും നിറയെ യാത്രക്കാരുമായി പുറപ്പെട്ട ടൈറ്റാൻ എയർവേസ് വിമാനത്തിന്റെ കാബിൻ പ്രഷർ നഷ്ടപ്പെട്ടപ്പോൾ മാസ്‌ക് ധരിച്ച് ഒരുമിച്ച് പ്രാർത്ഥിക്കുന്ന യാത്രക്കാരുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. തുടർന്ന് വിമാനം ആംസ്ട്രർഡാമിൽ എമർജൻസി ലാൻഡിങ് നിർവഹിക്കുകയും ചെയ്തു.

ദി ബോയിങ് 767 വിമാനത്തിലാണ് പറക്കുന്നതിനിടെ കാബിൻ പ്രഷർ നഷ്ടപ്പെട്ടത്. തുടർന്ന് യാത്രക്കാരെ ഓക്‌സിജൻ മാസ്‌ക് ധരിപ്പിക്കുകയായിരുന്നു. അധികം വൈകാതെ വിമാനം ആംസ്ട്രർ ഡാമിലെ സ്‌കിപോൾ എയർപോർട്ടിൽ അടിയന്തിരമായി ഇറക്കുകയും ചെയ്തു. പോളണ്ടിലേക്ക് തീർത്ഥാടനത്തിന് പോകുന്ന യഹൂദ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലൂടെ ക്യാമറ പാൻ ചെയ്യുന്ന ദൃശ്യത്തിൽ യാത്രക്കാർ പ്രാർത്ഥനാ പുസ്തകം വായിക്കുന്നതും ആനി മാമിൻ പാടുന്നതും കാണാം. ചിലർ ഓക്‌സിജൻ മാസ്‌ക് ധരിച്ച് പരസ്പരം സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

ചിലരാകട്ടെ ഈ സന്ദർഭത്തിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതും കാണാം.സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. എന്നാൽ അടിയന്തിര സംഭവങ്ങളെ നേരിടുന്നതിനായി മുൻ കരുതലെന്നോണം എയർപോർട്ടിൽ എമർജൻസി സർവീസുകൾ കാത്ത് നിന്നിരുന്നു. ഇത്തരം സംഭവങ്ങൾ വളരെ അപൂർവമായി മാത്രമേ ഉണ്ടാകാറുള്ളൂവെന്നും ഇവയെ നേരിടുന്നതിനായി ടൈറ്റൻ എയർവേസ് ക്രൂവിന് സ്ഥിരമായി പരിശീലനം നൽകാറുണ്ടെന്നുമാണ് വിമാനക്കമ്പനിയുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. എല്ലാ വർഷവും പോളണ്ടിലെ ലെസാജ്‌സ്‌കിലേക്ക് ആയിരക്കണക്കിന് വിശ്വാസികൾ തീർത്ഥാടനത്തിന് പോകാറുണ്ട്. വിമാനത്തിലുള്ളവർ അക്കൂട്ടത്തിൽ പെട്ടവരായിരുന്നു. ഹസിഡിക് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായ റാബി എലിമെലെകിന്റെ ശവകുടീരത്തിൽ തീർത്ഥാടനം നടത്താനാണ് ഇവർ പോകുന്നത്. ലണ്ടനിൽ നിന്നും നിരവധി പേർ വർഷം തോറും ഇവിടം സന്ദർശിക്കാറുണ്ട്.