- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചടയമംഗലം സീറ്റ് കിട്ടിയില്ലെങ്കിൽ പ്രയാർ ബിജെപിയിലേക്ക് പോകുമെന്ന് ഇടത് ചായ് വുള്ള പത്രം; 'ഞാനൊരാളെ മാത്രമേ അച്ഛാ എന്ന് വിളിച്ചിട്ടുള്ളു, കാര്യസാധ്യത്തിന് വേണ്ടി കണ്ടവരെയെല്ലാം അച്ഛാ എന്ന് വിളിക്കാനാവില്ല': രാഷ്ട്രീയക്കാരുടെ പതിവ് മട്ടുകളോട് പിണങ്ങി നിന്ന പ്രയാർ വിടവാങ്ങുമ്പോൾ ഓർമയിൽ തങ്ങുന്ന ചങ്കുറപ്പുള്ള വാക്കുകൾ
ചടയമംഗലം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പതിവ് പോലെ ഇടത് ആഭിമുഖ്യമുള്ള പത്രങ്ങളും ചാനലുകളും സ്ഥാനാർത്ഥി മോഹികളായ കോൺഗ്രസുകാരെക്കുറിച്ച് കഥകൾ മെനയുക പതിവായിരുന്നു. അങ്ങനെ ഒരു കഥ പ്രയാർ ഗോപാലകൃഷ്ണനെക്കുറിച്ച് നട്ടാൽ കുരുക്കാത്ത ഒരു കഥ അവരുടെ അടുക്കളയിൽ മെനഞ്ഞു.
ചടയമംഗലം സീറ്റ് കിട്ടിയില്ലെങ്കിൽ പ്രയാർ ബിജെപിയിലേക്ക് പോവുമെന്നായിരുന്നു ആ കഥ. ഈ വാർത്ത കണ്ട അഭിമാനിയും അടിമുടി കോൺഗ്രസുകാരനുമായ പ്രയാർ ഒരു ഫെയിസ് ബുക്ക് എഴുതി ഇട്ടു. കള്ള വാർത്ത എഴുതിയ മാധ്യമത്തിന്റെ നെഞ്ചിൽ തുളച്ചു കയറും വിധത്തിലായിരുന്നു 2021 മാർച്ച് 4 ന് എഴുതിയ ആ കുറിപ്പ് - 'അച്ഛനെന്ന് ഞാൻ ഒരാളെ മാത്രമേ ഞാൻ അച്ഛാ എന്ന് വിളിച്ചിട്ടൊള്ളു. കണ്ണിൽ കാണുന്നവരെയൊക്കെ കാര്യസാധ്യത്തിനായി അച്ഛാ എന്നു വിളിക്കാൻ ഞാനില്ലാ' എന്ന് തന്റേടത്തോട് പറയാൻ അധികാരക്കൊതിയില്ലാത്ത പ്രയാറിന് മാത്രമേ കഴിയു.
എഫ് ബി പോസ്റ്റിന്റെ പൂർണ രൂപം ....
പ്രിയപ്പെട്ടവരെ,
ഞാൻ ആർഎസ്എസുമായി ചർച്ച നടത്തിയെന്നും ചടയമംഗലത്ത് സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ ബിജെപിയിലേക്ക് പോകുമെന്നുമുള്ള തരത്തിൽ രാവിലെ മുതൽ ഒരു പത്രത്തിലും ചാനലിലും വാർത്ത പ്രചരിക്കുന്നുണ്ട്. ആ പത്രമാധ്യമവും അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും കേരള ജനതയ്ക്ക് മുഴുവൻ അറിയാവുന്നതാണ്. അതിനെക്കുറിച്ച് കൂടുതൽ പറയുന്നില്ല, നിയമപരമായി നേരിടാനാണ് എന്റെ തീരുമാനം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരിക്കെ തന്നെ സർക്കാർ നിലപാടുകൾക്കെതിരെ നിന്ന്, ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന് പോരാടിയ എന്നെ താറടിച്ചു കാട്ടാനും മറ്റ് പലതും ആക്കാനും മേൽപ്പറഞ്ഞ മാധ്യമങ്ങളും സൈബർ സഖാക്കളും അശ്രാന്തം പരിശ്രമിച്ചിട്ടുണ്ട്.
എനിക്ക് പറയാനുള്ളത് എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവരോട് ആണ്. എന്നെ ഞാനാക്കിയത് എന്റെ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. എന്റെ ഔദ്യോഗിക ജീവിതത്തിൽ ഞാൻ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അത് ഈ പാർട്ടി നൽകിയ തണലിൽ നിന്നാണ്. സ്ഥാനമാനങ്ങൾ ലഭിച്ചാലും ഇല്ലെങ്കിലും അവസാനശ്വാസം വരെ ഞാൻ കോൺഗ്രസുകാരനായിരിക്കും.
ചടയമംഗലത്ത് നിയമസഭാ സീറ്റ് ആവശ്യപ്പെട്ടു എന്നത് വാസ്തവമാണ്. എന്നാൽ അത് ലഭിച്ചില്ലെങ്കിൽ ബിജെപിയിലേക്ക് പോകാൻ എന്നെ കിട്ടില്ല. ഞാൻ മുൻപ് പറഞ്ഞതുപോലെ 'അച്ഛനെന്ന് ഒരാളെയേ ഞാൻ വിളിച്ചിട്ടുള്ളു, കണ്ണിൽ കാണുന്നവരെയൊക്കെ കാര്യസാധ്യത്തിന് വേണ്ടി അച്ഛാ എന്ന് വിളിക്കാൻ ഞാനില്ല. സീറ്റിനും പദവിക്കും വേണ്ടി പ്രസ്ഥാനത്തെ വഞ്ചിച്ച് അങ്ങനെയൊക്കെ ചെയ്യുന്നവരുണ്ടാവാം...ഞാൻ മരണം വരെ ഉറച്ച കോൺഗ്രസ്സുകാരനായി തുടരും..
ഭക്തരെ എല്ലാം ബിജെപി ആക്കി കേരളത്തിൽ ബിജെപിക്ക് ശക്തിപകരാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന പാർട്ടി സിപിഎമ്മാണ്. നിങ്ങൾ ആ റിക്രൂട്ട്‌മെന്റ് തുടർന്നോളൂ. ഞാൻ കോൺഗ്രസുകാരനായി ഭക്തർക്കൊപ്പം എന്നുമുണ്ടാകും.
സ്‌നേഹത്തോടെ,
പ്രയാർ ഗോപാലകൃഷ്ണൻ