കൊച്ചി: ഏതൊരു സർക്കാരിന്റെയും വികസന പ്രവർത്തനങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തണമെങ്കിൽ അതിന് മികച്ച പിആർ പ്രവർത്തനം തന്നെ വേണം. സംസ്ഥാന സർക്കാറിന് ഇതിനായി പ്രത്യേകം വകുപ്പുമുണ്ട്. എന്നാൽ, പലപ്പോഴും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളുടെ പരസ്യങ്ങൾക്ക് പകരം രാഷ്ട്രീയ നേട്ടങ്ങൾക്കായാണ് സർക്കാർ പരസ്യങ്ങളെ ഉപയോഗപ്പെടുത്താറ്.

ഇങ്ങനെ പരസ്യങ്ങൾ നൽകുമ്പോൾ ഇഷ്ടക്കാരായ മാദ്ധ്യമങ്ങളോട് അൽപ്പം മമത കൂടുകയും ചെയ്യും. സർക്കാറിലെ പല നെറികേടുകളും പുറത്തു കൊണ്ടുവരുന്നതിൽ ഒതുക്കാൻവേണ്ടി മാദ്ധ്യമങ്ങൾക്ക് ഇത്തരം പരസ്യം നൽകാറുണ്ടെന്നതും ഒരു വാസ്തവമാണ്. എന്തായാലും ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാറും മാദ്ധ്യമങ്ങൾക്ക് പരസ്യം നൽകുന്നതിൽ പിന്നോട്ടല്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു.

പൊതുവേ നിയമസഭയിൽ നടക്കുന്നതെല്ലാം വള്ളി പുള്ളിവിടാതെ പുറത്തു വിടുന്ന കേരളത്തിലെ പ്രമുഖ മാദ്ധ്യമങ്ങളെല്ലാം ഒരുപോലെ തമസ്‌ക്കരിച്ചതാണ് ഈ വിവരം. കാരണം സർക്കാറിന്റെ പരസ്യത്തിന്റെ ഉപഭോക്താക്കളാണ് മാദ്ധ്യമങ്ങൾ എന്നതു തന്നെയാണ്.

ഉമ്മൻ ചാണ്ടി ഭരണകാലത്ത് വിവിധ വകുപ്പുകളുടെ പരസ്യങ്ങൾക്കും മറ്റുമായി സർക്കാർ ആകെ ചെലവാക്കിയത് 96 കോടി രൂപയാണ്. നിയമസഭാ സമ്മേളനത്തിന്റെ വേളയിൽ ചോദ്യോത്തരത്തിന് മറുപടിയായി സർക്കാർ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. പതിവു പോലെ കേരളത്തിൽ ഏറ്റവും സർക്കുലേഷനുള്ള മലയാള മനോരമ പത്രത്തിനാണ് സർക്കാറിൽ നിന്നും ഏറ്റവും അധികം പണം ലഭിച്ചതും.

കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തെയും തോൽപ്പിക്കുന്ന വിധത്തിൽ ഉമ്മൻ ചാണ്ടി ഭക്തി നിറഞ്ഞ മനോരമയ്ക്ക് ഏറ്റവും അധികം പരസ്യവരുമാനം ലഭിക്കുന്നത് സ്വാഭാവിക നടപടിയാണ് താനും. 13 കോടി രൂപയാണ് മനോരമയ്ക്ക് പരസ്യത്തിനായി സർക്കാർ നൽകിയത്. രണ്ടാം സ്ഥാനത്തുള്ളത് ദ ഹിന്ദു ദിനപത്രത്തിനാണ്. 11 കോടി രൂപയാണ് ഹിന്ദുവിന് പിആർഡി പരസ്യങ്ങൾക്കായി ഉമ്മൻ ചാണ്ടി സർക്കാർ നൽകിയത്. 10 കോടി രൂപയാണ് മാതൃഭൂമി ദിനപത്രത്തിന് പരസ്യങ്ങൾക്കായി നൽകിയത്. 2011 മുതൽ 2015 ഡിസംബർ മാസം വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്.

അതേസമയം പ്രമുഖ പത്രങ്ങൾക്ക് പുറമേ സർക്കാർ പരസ്യം കിട്ടിയാൽ മാത്രം പുറത്തിറങ്ങുന്നവർക്ക് പോലും പരസ്യം നൽകിയിട്ടുണ്ട്. കേരളത്തിൽ ദിവസേന പുറത്തിറങ്ങുന്ന മലയാളം, ഇംഗ്ലീഷ് തമിഴ് പത്രങ്ങൾ അടക്കം ചെറുതും വലുതുമായ 101 പത്ര മാദ്ധ്യമങ്ങൾക്ക് സർക്കാർ വിവിധ വകുപ്പുകൾക്കുവേണ്ടി പരസ്യങ്ങൾ നൽകി. അതേസമയം മനോരമയും മനോരമയും, മാതൃഭൂമിയും ഹിന്ദുവും 10 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. മറ്റ് മലയാളത്തിലെ ബാക്കി പത്രങ്ങൾക്കും ആവശ്യത്തിന് പരസ്യവരുമാനം സക്കാറിൽ നിന്നും ലഭിച്ചു. ഇക്കാര്യത്തിൽ കാര്യമായ രാഷ്ട്രീയ ചായ്വില്ല താനും. മറ്റു പ്രമുഖ പത്രങ്ങൾക്കു ഉമ്മൻ ചാണ്ടി സർക്കാർ പരസ്യ ഇനത്തിൽ കൊടുത്ത തുക ഇപ്രകാരമാണ്:

  • ചന്ദ്രിക ദിനപത്രം- 3,11,45,208 രൂപ
  • ദീപിക -3,09,70,812 രൂപ
  • ദേശാഭിമാനി-4,66,41,983 രൂപ
  • ജനയുഗം-2,54,85,321 രൂപ
  • ജന്മഭൂമി -1,75,65,780 രൂപ
  • മാദ്ധ്യമം -3,09,79,752 രൂപ
  • വീക്ഷണം-2,14,01,990 രൂപ
  • മംഗളം 3,01,23,164 രൂപ

അതേസമയം പരസ്യങ്ങൾ നൽകിയ ഇനത്തിൽ സർക്കാർ കുടിശ്ശികയും വരുത്തിയിട്ടുണ്ട്. ബില്ലുകൾ കൃത്യമായി കിട്ടാത്തത് മുലം 28 കോടിയോളം രൂപ കുടിശ്ശിക ഇനത്തിലുമുണ്ട്. സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് വേണ്ടിയുള്ള പരസ്യത്തിനായി ഏകദേശം ടെണ്ടർ വിഭാഗത്തിൽ പെട്ട 30910 പരസ്യങ്ങളും, ഡിസ്‌പ്ലേ വിഭാഗത്തിൽ 3430 പരസ്യങ്ങളും, ഇലക്ട്രോണിക് മാദ്ധ്യമങ്ങൾക്ക് വേണ്ടി 48 പരസ്യങ്ങളും നൽകിയിട്ടുളതായാണ് സർക്കാർ വ്യക്തമാക്കിയത്. ഇതിൽ ടെണ്ടർ ഇനത്തിൻ 384999887 രൂപ ചെലവായി. ഇലക്ട്രോണിക് മാദ്ധ്യമങ്ങൾക്ക് 226063044 രൂപയും സർക്കാർ ചെലവാക്കി.

സർക്കാറിൽ നിന്നും പരസ്യം ലഭിക്കുമ്പോൾ മാത്രം പുറത്തിറങ്ങുന്നവയാണ് ഇവയിൽ ചില മാദ്ധ്യമങ്ങൾ. ചെറുകിട പത്രങ്ങളുടെ ശമ്പള പ്രതിസന്ധിയയും സർക്കാർ കുടിശ്ശിക വരുത്തിയത് ബാധിക്കുന്നുണ്ട്. അതേസമയം ജീവനക്കാരുടെ ശമ്പളകാര്യത്തിൽ വീഴ്‌ച്ച വരുത്തിയവയിൽ വൻതോതിൽ സർക്കാർ പരസ്യം ലഭിച്ചയും പെടും. അതേസമയം 2015 വരെയുള്ള പരസ്യങ്ങൾക്ക് ചെലവാക്കിയ തുകയുടെ വിവരമാണ് ഇപ്പോൾ പുറത്തുവന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുമ്പുള്ള രണ്ട് മാസത്തെ കാലയളവിൽ വൻതോതിൽ സർക്കാർ പരസ്യങ്ങൾ നൽകിയിട്ടുണ്ട്. ഈ കാലയളവിലെ വിവരങ്ങൾ ലഭ്യമായിട്ടില്ല.