തിരുവനന്തപുരം : സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്ത കേരളത്തിലെ പ്രസ് ക്ലബുകൾക്കും പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്ത ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ കേരളയുടെ ഓഡിറ്റ് റിപ്പോർട്ട്. പണം തിരിച്ചു പിടിക്കാനാണ് എജിയുടെ നിർദ്ദേശം.

എജി ഓഡിറ്റ് സംഘം കഴിഞ്ഞ ജനുവരിയിൽ സെക്രട്ടേറിയറ്റിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ നടത്തിയ ഓഡിറ്റ് പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേടുകൾ പുറത്തു വന്നത്. കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിനും കേരളത്തിലെ വിവിധ പ്രസ് ക്ലബുകൾക്കും വിവിധ പദ്ധതികൾക്കായി അനുവദിച്ച 2.55 കോടി രൂപ ദുർവിനിയോഗം ചെയ്തതായി ഓഡിറ്റ് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

പ്രസ് ക്ലബുകളുടെ സർക്കാർ ഫണ്ട് ദുർവിനിയോഗത്തെ കുറിച്ചു വ്യാപകമായി പരാതികൾ ലഭിച്ചതിനെ തുടർന്നു ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ 2018 നവംബർ 19നു രൂപീകരിച്ച ഇൻസ്‌പെക്ഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി പ്രസ് ക്ലബുകളുടെ അഴിമതികൾ മൂടിവയ്ക്കാൻ ശ്രമിച്ചുവെന്ന നിശിതമായ വിമർശനവും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ലഭിച്ച പരാതികളിൽ ഇൻസ്‌പെക്ഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി നടപടികളെടുക്കാതിരിക്കുകയോ മന്ദഗതികൾ പരിശോധിക്കുകയോ ചെയ്തുവെന്നാണ് പരാമർശം.

തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റ്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം, കോട്ടയം, ന്യൂഡൽഹി പ്രസ് ക്ലബുകൾ, തിരുവനന്തപുരത്തെ സ്വദേശാഭിമാനി മീഡിയ ഹബ് എന്നിവിടങ്ങളിൽ വിവിധ പദ്ധതികൾക്കായി അനുവദിച്ച തുകയ്ക്ക് വിനിയോഗ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കപ്പെട്ടിട്ടില്ല.

ന്യൂഡൽഹി കെയുഡബ്ല്യൂജെക്ക് അനുവദിച്ച 25 ലക്ഷം രൂപ ഫിക്‌സഡ് ഡെപ്പോസിറ്റാക്കി വരുമാനമുണ്ടാക്കിയതായും നിർദ്ദിഷ്ട പദ്ധതികൾക്കല്ലാത്ത ആവശ്യങ്ങൾക്കും യാത്രയയപ്പു മദ്യ സൽക്കാരങ്ങൾക്ക് ഉൾപ്പെടെ ചെലവിട്ടതായും ഇൻസ്‌പെക്ഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ 2020 സെപ്റ്റംബർ ഒൻപതിനു ചേർന്ന യോഗത്തിലെ മിനിട്‌സിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യവും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ദുരുപയോഗം ചെയ്ത തുക പലിശ സഹിതം തിരിച്ചു പിടിക്കാനും പ്രസ് ക്ലബ് ഭാരവാഹികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഓഡിറ്റ് റിപ്പോർട്ടിൽ പബ്ലിക് റിലേഷൻസ് വകുപ്പിനു നിർദ്ദേശം നൽകിയിട്ടുണ്ട്.