കൊച്ചി: ഏവർക്കും കാരുണ്യം വിതറുന്ന മാലാഖയാകാനാണ് ചിക്കു റോബർട്ട് ചെറുപ്പം മുതൽക്കെ ആഗ്രഹിച്ചിരുന്നത്. ഹൈസ്‌ക്കൂൾ കാലം മുതൽ ഈ തന്റെ ആഗ്രഹം നഴ്‌സാകുക ആണെന്ന് അവൾ മാതാപിതാക്കളോട് പറയുമായിരുന്നു. അതിന് വേണ്ടി അധ്വാനിച്ച് പഠിച്ചു. ഒടുവിൽ വിദേശത്ത് മികച്ച ശമ്പളത്തിൽ ജോലിയും ലഭിച്ചു. ആഗ്രഹിച്ചതു പോലെ മനസറിയുന്ന ഭർത്താവിനെയും സ്വന്തമാക്കി. ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലുമായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ദുരന്തം തേടിയെത്തിയപ്പോൾ അവളുടെ മോഹങ്ങൾ ബാക്കിയായി.

മസ്‌ക്കറ്റിലെ ഫ്‌ലാറ്റിൽ വച്ച് ചിക്കു റോബർട്ട് എന്ന മലയാളി നഴ്‌സ് കൊല്ലപ്പെട്ടു എന്ന വാർത്ത കറുകുറ്റിയിലെ കുടുംബത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ കുത്തേറ്റു മരിച്ചു എന്നതാണ് അങ്കമാലി കറുകുറ്റിയിലുള്ള വീട്ടുകാർക്ക് ലഭിച്ച വിവരം. കൂടുതൽ വിവരങ്ങൾ ഇവർക്ക് ലഭ്യമായിട്ടുമില്ല. മകൾ മരിച്ചതറിഞ്ഞ് അലമുറയിട്ട് നിലവിളിക്കുകയാണ് മാതാവ് സാബി. ചിക്കുവിന്റെ ഭർത്താവ് ലിൻസൻ മരണത്തിന്റെ ആഘാതത്തിൽ നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയിലാണ്. രക്തത്തിൽ കുളിച്ചു കിടക്കുന്ന ഭാര്യയെ നേരിൽ കണ്ടതിന്റെ ആഘാതത്തിലാണ് ലിൻസൺ. ചിക്കു ജോലി ചെയ്യുന്ന ആശുപത്രിയിലെ പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്നു ഭർത്താവ് ലിൻസനും. അടുത്തിടെയാണ് ഇവർ ആശുപത്രിക്ക് അടുത്തുള്ള ഫ്‌ലാറ്റിലേക്ക് താമസം മാറിയത്.

ആദ്യമായൊരു കുഞ്ഞിക്കാല് കാണാനുള്ള ആഗ്രഹവുമായി കഴിയുമ്പോഴാണ് ചിക്കുവിനെ മരണം പിടികൂടിയത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകം എന്നാണ് സലാലയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ. അതേസമയം മരണത്തിലെ ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. കൊല്ലപ്പെടുമ്പോൾ അഞ്ച് മാസം ഗർഭിണിയായിരുന്നു ചിക്കു. 2015 ഒക്ടോബർ 24 നായിരുന്നു ചിക്കുവും ലിൻസൺ തോമസും തമ്മിലുള്ള വിവാഹം. ഇരുവരും സലാലയിൽ ഒരേ ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. സലാലയിലെ ഫ്‌ലാറ്റിലായിരുന്നു ഇരുവരുടെയും താമസം. വിവാഹം കഴിഞ്ഞ് 7 മാസം മാത്രമേ ഒരുമിച്ച് ജീവിക്കാൻ ഇവർക്ക് സാധിച്ചുള്ളൂ. ഇതിനിടെയാണ് ദുരൂഹ മരണം ഉണ്ടായത്.

കൊരട്ടി ലിറ്റിൽ ഫ്‌ലവർ കോൺവെന്റ് ഗേൾസ് ഹൈസ്‌കൂളിലായിരുന്നു ചിക്കുവിന്റെ സ്‌കൂൾ വിദ്യാഭ്യാസം. നേഴ്‌സിങ് പഠനം പൂർത്തിയാക്കിയത് അങ്കമാലി ലിറ്റിൽ ഫ്‌ലവർ ഹോസ്പിറ്റലിന്റെ നേഴ്‌സിങ് കോളേജിലുമായിരുന്നു. നഴ്‌സിങ് ജോലിയോട് തികഞ്ഞ ആത്മാർത്ഥതയായിരുന്നു ചിക്കുവിന് ഉണ്ടായിരുന്നത്. യുകെയിൽ ജോലി നേടാനായിരുന്നു ചിക്കു ശ്രമിച്ചിരുന്നത്. ഇതിന് ശ്രമങ്ങൾ നടത്തിയെങ്കിലും സാധിച്ചില്ല. പിന്നീടാണ് നാല് വർഷം മുമ്പ് മസ്‌ക്കറ്റിലെ സലാലയിലെ ബാദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽൽ ജോലിക്കു കയറിയത്.

വീട്ടുകാർ തന്ന മുൻകെയുടുത്താണ് ലിൻസനുമായുള്ള വിവാഹം ചെയ്തു കൊടുത്തത്. ഇരുവരും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലായിരുന്നു എന്നാണ് വീട്ടുകാരും പറയുന്നത്. പതിവുപോലെ ഇന്നലെ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യേണ്ടതായിരുന്നു ചിക്കു. എന്നാൽ ഡ്യൂട്ടിയിൽ കയറേണ്ട സമയമെത്തിയിട്ടും ചിക്കുവിനെ കാണാതായതോടെ സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നു. മറുപടിയില്ലാതായതോടെ ലിൻസനെ വിളിച്ചു. ലിൻസൺ വിളിച്ചിട്ടും ഫോണെടുക്കാതായതോടെ ഫ്‌ലാറ്റിലെത്തിയപ്പോഴാണ് ചിക്കുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.

പ്രഥമൃഷ്ട്യാ കൊലപാതകമാണ് നടന്നതെന്നത് വ്യക്തമാണ്. ചെവി അറുത്ത് സ്വർണം കവർന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. അതുകൊണ്ട് കവർച്ചക്കിടയിലെ കൊലപാതകമാണെന്നാണ് പ്രഥമിക നിഗമനം. എന്നാൽ, ഇതേക്കുറിച്ച് വിശമായ അന്വേഷണം നടത്തേണ്ടതുണ്. ഒമാൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിക്കുവിന്റെ ദുരന്തം സഹപ്രവർത്തകരിലും ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. എന്ത് ആഘോഷങ്ങൾക്കും മുന്നിട്ടിറങ്ങുന്ന വ്യക്തിത്വമായിരുന്നു ചിക്കു റോബർട്ടിന്റേത്. അതുകൊണ്ട് തന്നെ പ്രിയ സുഹത്തിനെ നഷ്ടമായ വേദനയിലാണ് ബദർ സമ ആശുപത്രിയിലെ നഴ്‌സുമാരും.

അതേസമയം ചിക്കുവിന്റെ ദുരൂഹ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യുഎൻഎ രംഗത്തെത്തിയിട്ടുണ്ട്. മരണത്തിലെ ദുരൂഹത പുറത്തു കൊണ്ട് വരാൻ ആവശ്യമായ നടപടികൾ കേന്ദ്രസംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്നും യുഎൻഎ സംസ്ഥാന അധ്യക്ഷൻ ജാസ്മിൻ ഷാ ആവശ്യപ്പെട്ടു. കുടുംബത്തിന് സംഭവിച്ച ദുരന്തത്തിൽ സംഘടന അഗാഥ ദുഃഖം രേഖപ്പെടുത്തി.