തിരുവനന്തപുരം: സിനിമകളുടെ വ്യാജ സിഡികളും ഇന്റർനെറ്റ് പതിപ്പുകൾക്കും പിന്നിൽ വലിയൊരു ഗൂഡസംഘമുണ്ടെന്നായിരുന്നു വിലയിരുത്തലുകൾ. അധോലാക സംഘങ്ങൾ പോലും പ്രവർത്തിക്കുന്നതായും വിലയിരുത്തലുകളുണ്ടായിരുന്നു. അതി ശക്തമായ പൈറസി മാഫിയ പ്രേമത്തിന്റെ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ തിരിക്കഥയ്ക്ക് അനുസരിച്ച് കാര്യങ്ങൾ നീങ്ങിയപ്പോൾ ചെറുമീനിലേക്ക് കാര്യങ്ങളൊതുങ്ങി. എല്ലാ സിനിമകളും ചോരുന്നത് സെൻസർ ബോർഡിന്റെ ഓഫീസിലെന്ന് കൂടി പറഞ്ഞുവച്ച് കേസ് അവസാനിപ്പിക്കാനാണ് പൊലീസിന് താൽപ്പര്യം. അതു തന്നെയാകും നടക്കാൻ പോകുന്നതും. ഇതോടെ സിനിമ മേഖലയിലെ പ്രമുഖരിൽ ചിലർ ആശ്വാസത്തിലുമായി.

കേരളാ പൊലീസിലെ കുട്ടി സിങ്കമായിരുന്ന രാജ്പാൽ മീണ. അനീതി കണ്ടാൽ പ്രതികരിക്കുന്ന ഉദ്യോഗസ്ഥൻ. തിരുവനന്തപുരം ഡിസിപിയായിരിക്കെ രാജ്പാൽ മീണ, യൂണിവേഴ്‌സിറ്റ് കോളേജിൽ കയറി. എസ് എഫ് ഐയുടെ മുൻ നിര നേതാവായ റഹിമിനെ തന്നെ കൈകാര്യം ചെയ്തു. അന്ന് മുതൽ പലരുടേയും കണ്ണിലെ കരടാണ് രാജ്പാൽ മീണ. പിന്നീട് വ്യാജ സിഡി വേട്ടയ്ക്ക് നിയോഗിച്ചു. അപ്പോഴും പലതും സംഭവിച്ചു. ആന്റി പൈറസിയുടെ തലവനെന്ന നിലയിൽ പ്രവർത്തിച്ചപ്പോൾ സിനിമാ മേഖലയിലെ ഉന്നതർക്ക് പോലും പിടിച്ചില്ല. 2012ൽ ആറുമാസത്തിനിടെ രണ്ടുലക്ഷത്തോളം സി.ഡികളാണ് രാജ്പാൽ മീണയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വ്യാജ സി.ഡി. റെയ്ഡ് ശക്തമായതോടെ ശരാശരി നിലവാരമുള്ള സിനിമകൾപോലും തിയേറ്ററുകളിൽ നിറഞ്ഞു പ്രദർശിപ്പിച്ചിരുന്നു. തിയേറ്റർ വഴി സിനിമകൾ റെക്കോർഡ് ചെയ്ത് അപ്‌ലോഡ് ചെയ്യുന്നത് തടഞ്ഞായിരുന്നു മീണയുടെ സംഘം വ്യാജ സി.ഡി. നിർമ്മാണത്തിന് തടയിട്ടത്.

അന്ന് മാറ്റിയ രാജ്പാൽ മീണ വീണ്ടും ആന്റി പൈറസിയുടെ തലപ്പത്ത് എത്തി. അപ്പോഴാണ് പ്രേമം കേസ് കൈയിൽ കിട്ടുന്നത്. മുൻ പരിചയത്തോടെ വ്യക്തതയോടെ നീക്കങ്ങൾ നടത്തി. ചെന്നൈയിലേയും തിരുവനന്തപുരത്തേയും സ്റ്റുഡിയോകൾ പ്രതിക്കൂട്ടിലെത്തി. സിനിമാക്കാർ തമ്മിൽ പിഴിചാരി. അപ്പോഴേക്കും അപ്രതീക്ഷിതമായി തീരുമാനം എത്തി. പ്രേമം കേസ് കാര്യക്ഷമമായി നടത്താൻ രാജ്പാൽ മീണയെ മാറ്റുന്നു. ആഭ്യന്തര മന്ത്രിയുടെ കാര്യക്ഷമമെന്ന വാക്കിന്റെ അർത്ഥം രാജ്പാൽ മീണയ്ക്ക് ഏന്തായാലും മനസ്സിലായില്ല. അങ്ങനെ യുവ ഐപിഎസുകാരനായ പ്രതീക്ഷ് കുമാർ ആന്റി പൈറസിയുടെ തലപ്പത്ത് എത്തി. അതോടെ സിനിമാ മേഖലയിലെ ഉന്നതരെല്ലാം തടിതപ്പി. കൊല്ലത്തെ +1കാരെ കൂടി കണ്ടെത്തിയതോടെ ആന്റി പൈറസി സെല്ലിനെ എല്ലാവരും കൈയടിച്ചു. അപ്പോഴും പ്രേമത്തിന്റെ നിർമ്മതാവ് അൻവർ റഷീദ് മാത്രം ഒന്നും പറഞ്ഞില്ല. ഇപ്പോഴും ഒന്നും പറയുന്നില്ല.

ഏതായാലും പ്രേമം കേസ് സെൻസർ ബോർഡിലെ താൽകാലിക ജീവനക്കാരിൽ മാത്രമായി ഒതുങ്ങും. അതിനുള്ള തിയറിയാണ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. സെൻസർ ബോർഡിലെ ഉന്നതരെ പോലും രക്ഷിക്കാനാണ് നീക്കം. പ്രേമം' സിനിമ ചോർത്തിയ കേസിൽ സെൻസർ ബോർഡിന് പങ്കില്ലെന്ന് ആന്റി പൈറസി സെൽ വ്യക്തമാക്കി കഴിഞ്ഞു. സെൻസർ ബോർഡ് ആസ്ഥാനത്തെ മൂന്ന് താൽക്കാലിക ജീവനക്കാരാണ് സിനിമ ചോർത്തിയത്. സെൻസർ ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥർക്കോ മറ്റുള്ളവർക്കോ ഇതിൽ പങ്കില്ല. താൽക്കാലിക ജീവനക്കാരനായ അരുൺകുമാറാണ് സിനിമ ലാപ്‌ടോപ്പിൽ പകർത്തിയത്. അയാളെ ലതീഷ്, കുമാരൻ എന്നിവരാണ് സഹായിച്ചത്. ഇന്ന് പുലർച്ചെയാണ് ഇവർ അറസ്റ്റിലായത്. കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നും ആന്റി പൈറസി സെൽ വെളിപ്പെടുത്തി. ഇതെല്ലാം ഇവരുടെ സുഹൃത്തുക്കളായിരിക്കും. 'പ്രേമം' സെൻസർ കോപ്പി ചോർച്ച വിവാദമായതോടെ ഇന്ന് അറസ്റ്റിലായ മൂന്ന് പേരും ജോലി വിട്ടിരുന്നു. ഇതാണ് കേസിന് തുമ്പായത്. നേരത്തെയും മറ്റ് പല ചിത്രങ്ങളും ചോർത്തിയതിലും ഇവർക്ക് പങ്കുണ്ട്. ഇവർ സുഹൃത്തുക്കളിലൂടെ വാട്‌സ് ആപ്പിൽ സിനിമ എത്തിച്ചു. അങ്ങനെ കൊല്ലത്തെ കുട്ടികളിൽ സിഡി എത്തി. അത് ഇന്റർനെറ്റിലെത്തി എന്നതാണ് അവരുടെ തിയറി.

ചിത്രാഞ്ജലിയിലെ സെൻസർ ബോർഡ് ഓഫീസിൽ നിന്ന് പെൻ ഡ്രൈവിൽ സിനിമ ചോരുന്നത് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അത് ശരിയുമാണ്. എന്നാൽ സാമ്പത്തിക നേട്ടങ്ങളില്ലാതെ സിനിമ കാണാൻ വേണ്ടി മാത്രം പെൻഡ്രൈവിൽ കടത്തിയവരെ പ്രതിയാക്കി വലിയ മീനുകളെ രക്ഷിക്കാനാണ് നീക്കം. അതീവ രഹസ്യമായാണ് സെൻസർ ബോർഡിൽ സിനിമകൾ സൂക്ഷിക്കേണ്ടത്. സെൻസർ കഴിഞ്ഞു കഴിഞ്ഞാലും ആ കോപ്പി പുറത്തുകൊടുക്കാൻ പാടില്ല. ലാഘവത്തോടെയാണ് ഇവിടെ സിനിമകൾ കൈകാര്യം ചെയ്തതെന്ന് കൂടിയാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇതിന് അവസരമൊരുക്കിയത് ഉന്നത ഉദ്യോഗസ്ഥരാണ്. സെൻസർ ബോർഡിലെ എല്ലാ ജീവനക്കാരും പെൻ ഡ്രൈവുകളിൽ സിഡി കൊണ്ടു പോകാറുണ്ട്. ജീവനക്കാരുടെ വീട്ടിലെ കമ്പ്യൂട്ടറുകൾ ശാസ്ത്രീയമായി പരിശോധിച്ചാൽ ഇത് വ്യക്തമാവുകയും ചെയ്യും.

പക്ഷേ ഇതുവഴിയല്ല സിനിമകൾ ഇന്റർനെറ്റിലെത്തുന്നതെന്ന ആരോപണം വ്യാപകമാണ്. അതിനപ്പുറത്തേക്കുള്ള കരങ്ങളുണ്ട്. ഈയിടെ വിജയ് ചിത്രത്തിന്റെ പ്രമോ ചോർന്നതിന് സമാനമായ സംഭവങ്ങൾ നടക്കുന്നുണ്ട. ഇതൊന്നും അന്വേഷിക്കാതെ കേസ് താൽകാലികകാരിൽ ഒതുക്കുകയാണ് പൊലീസ്. രാജ്പാൽ മീണയുടെ നേതൃത്വത്തിൽ ചില നിർണ്ണായക വിവരങ്ങൾ കണ്ടെത്തിയുരന്നു. ചെന്നൈയിലേയ്ക്കും കൊച്ചിയിലേയ്ക്കും ആദ്യ ഘട്ടത്തിൽ അന്വേഷണം നീണ്ടത് അതുകൊണ്ടാണ്. 2012ൽ തന്നെ വ്യാജ സിഡിയുടെ അണിയറക്കാരെ കൃത്യമായി തന്നെ ഈ ഐപിഎസുകാരൻ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് വ്യാജ സിഡിയുടെ കേന്ദ്രമായിരുന്ന ബീമാപള്ളിയിൽ പോലും പരിശോധന നടത്തി. വ്യാജ സിഡികൾ അമർച്ച ചെയ്ത് മുന്നേറുമ്പോൾ ഋഷിരാജ് സിങ് പോലും ഇവിടെ പോയിരുന്നില്ല. അത്തരത്തിൽ സിനിമാ മേഖലയെ രക്ഷിക്കാൻ ചങ്കുറപ്പ് കാണിച്ച ഉദ്യോഗസ്ഥനായിരുന്നു രാജ് പാൽ മീണ. എന്നിട്ടും പ്രേമത്തിന്റെ കേസ് അന്വേഷണം കാര്യക്ഷമമാക്കാൻ അദ്ദേഹത്തെ അന്വേഷണത്തിൽ നിന്ന് നീക്കി. അതിന്റെ പ്രതിഫലനമാണ് പിന്നീടുള്ള അന്വേഷണത്തിൽ കണ്ടത്.

അങ്ങനെ പ്രേമം കേസ് തീരുകയാണ്. സെൻസർ ബോർഡിൽ നിന്ന് കുറച്ചുകാലത്തേക്ക് സിനിമകൾ ചോരില്ലെന്നത് മാത്രമാണ് ആകെയുള്ള ആശ്വാസം. സിനിമകൾ ഇന്റർനെറ്റിലെത്തുന്നത് പൂർണ്ണമായും തടയുമെന്ന പൊലീസിന്റെ അവകാശ വാദം ഈ അടുത്ത കാലത്തൊന്നും നടക്കില്ലെന്നാണ് പ്രേമം അന്വേഷണവും നൽകുന്ന സൂചന.