തിരുവനന്തപുരം: പ്രേമം സിനിമ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആന്റി പൈറസി സെൽ തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ. സെൻസർ ബോർഡിന് നൽകുന്ന സിനിമകളുടെ പകർപ്പ് പുറത്ത് പോകാറുണ്ടെന്ന സത്യമാണ് പുറത്താകുന്നത്. എല്ലാ പുതിയ സിനിമകളും സെൻസറിനായി കമ്പ്യൂട്ടറിൽ ഇടാറുണ്ട്. ഇവിടെ നിന്നും പെൻ ഡ്രൈവ് വഴി സിനിമ പുറത്ത് എത്തും. ചിത്രാഞ്ജലിയിലെ സെൻസർ ബോർഡ് ഓഫീസിലെ ജീവനക്കാരുടെ മുഴുവൻ കുടുംബവും പെൻഡ്രൈവിൽ പുറത്തെത്തുന്ന പകർപ്പിൽ വീട്ടിലിരുന്ന് പുതിയ സിനമയെല്ലാം കാണും. പ്രേമം ഉൾപ്പെടെ എല്ലാ നല്ല സിനിമകളും ഇങ്ങനെ പുറത്തേക്ക് പോയതായാണ് വിവരം.

എന്നാൽ അങ്ങനെ സെൻസർ ബോർഡ് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ ചോർത്തിയ പ്രേമമല്ല ഇന്റർ നെറ്റിൽ അപ് ലോഡ് ചെയ്തത് എന്ന നിഗമനത്തിലാണ് ആന്റി പൈറസ് സെൽ. അതുകൊണ്ട് അന്വേഷണം അണിയറക്കാരിലേക്ക് വ്യാപിപ്പിക്കുന്നു. സെൻസർ ബോർഡിന് സമർപ്പിക്കാനായി എഡിറ്റു ചെയ്ത ശേഷം പകർത്തിയ ഹാർഡ് ഡിസ്‌കിൽ നിന്നാണ് സിനിമ പുറത്തായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. എഡിറ്റ് ചെയ്ത ആളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹാർഡ് ഡിസ്‌കും പിടിച്ചെടുത്തു. എന്നാൽ. എഡിറ്ററെ ഉടൻ അറസ്റ്റു ചെയ്യില്ലെന്നാണ് സൂചന. മുഴുവൻ തെളിവും കിട്ടിയ ശേഷമേ അറസ്റ്റുണ്ടാകൂ. അതിനിടെ സെൻസർ ബോർഡ് ഓഫീസിലെ മുഴുവൻ ജീവനക്കാരേയും സൈബർ സെൽ ചോദ്യം ചെയ്യും. 

പ്രേമം ചോർന്ന വഴി കൃത്യമായി കണ്ടെത്തിയെന്നാണ് ആന്റി പൈറസി സെൽ വ്യക്തമാക്കുന്നത്. എന്നാൽ ഇവർ ആരൊക്കെയാണെന്നും പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇവർക്കെതിരെയുള്ള കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. നേരത്തേ സിനിമയുടെ സംവിധായകനടക്കം അണിയറ പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മെയ്‌ മാസം 18നാണ് സിനിമയുടെ ഡി.വി.ഡി സെൻസർ ബോർഡിന് കൈമാറിയത്. രണ്ടു ഡി.വി.ഡികളാണ് കൊണ്ടുപോയത്. എന്നാൽ, ഒരെണ്ണം മാത്രമെ കൈമാറിയുള്ളു.

മറ്റേ ഡിവിഡി നശിപ്പിച്ചുകളഞ്ഞുവെന്നാണ് ഡിവിഡി കൊണ്ടുപോയയാൾ പൊലീസിനു നൽകിയ മൊഴി. ഇയാളുടെ കൈവശം ഹാർഡ് ഡിസ്‌ക് ഉണ്ടായിരുന്നുവെന്നും ഇവിടെനിന്ന് തിരുവനന്തപുരത്തെ സ്റ്റുഡിയോയിലെ കംപ്യൂട്ടറിലേക്കു പകർത്തിയിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചു. ഈ ഹാർഡ് ഡിസ്‌കിൽ നിന്നാണ് സിനിമയുടെ പകർപ്പ് പുറത്തുപോയത്. പ്രേമം സിനിമയിൽ തിരുവനന്തപുരത്തെ സ്റ്റുഡിയോയിലാണ് ഈ മാറ്റങ്ങൾ വരുത്തിയത്. അവസാനമാറ്റങ്ങൾ വരുത്തിയ കോപ്പിയാണ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തിരുന്നു.

വാട്‌സാപ്പിലൂടെയാണ് പ്രേമം ആദ്യം പ്രചരിച്ചത്. അങ്ങനെ പ്രചരിച്ച വീഡിയോയെല്ലാം കൂട്ടിയോജിപ്പിച്ചത് ഒറ്റ ക്ലിപ്പാക്കി. കൊല്ലത്തെ ഒരു വ്യക്തിയാണ് ഇത് ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാൽ സെൻസർ ബോർഡിൽ നിന്ന് സിനിമകൾ പുറത്തു പോകുന്നുവെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് അന്വേഷണം സംഘത്തെ കുഴയ്ക്കുന്നത്. ഇവരിൽ പലരും പൊലീസിന്റെ ചോദ്യം ചെയ്യലിൽ പെൻ ഡ്രൈവിൽ സിനിമകൾ കൊണ്ട് പോകുന്നതായി സമ്മതിച്ചിട്ടുണ്ട്. എന്നാൽ കുടുംബങ്ങളുമായി കണ്ട ശേഷം അവ പുറത്തു പോകുന്നില്ലെന്ന് ഉറപ്പാക്കമെന്നാണ് മൊഴി നൽകിയതെന്നാണ് സൂചന. ഈ സാഹചര്യത്തിൽ സെൻസർ ബോർഡിൽ നിരീക്ഷണ സംവിധാനങ്ങൾ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. സിനിമ സൂക്ഷിക്കുന്ന കമ്പ്യൂട്ടറുകൾ എല്ലാവരും കൈകാര്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. വ്യക്തമായ സംവിധാനങ്ങൾ ചോർച്ച തടയാൻ ഉണ്ടാക്കണമെന്നാണ് നിർദ്ദേശം.

പ്രേമം സിനിമയുടെ ഡിവിഡികൾ സെൻസർ ബോർഡ് ഓഫിസിൽ നിന്നു പൊലീസ് പിടിച്ചെടുത്തിരുന്നു. സെൻസർ ബോർഡിന്റെ മുദ്രയുള്ള പ്രേമം സിനിമയുടെ പതിപ്പാണ് ഇന്റർനെറ്റിൽ പ്രചരിച്ചത്. ഒന്നര ലക്ഷത്തോളം പേർ ഇതിനകം ഇതു ഡൗൺലോഡ് ചെയ്തു കണ്ടുവെന്നാണു പൊലീസ് നിഗമനം. ആദ്യ ദിവസം ഇതിന്റെ ഡിവിഡി ചോദിച്ചപ്പോൾ മേലുദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ നൽകാൻ കഴിയൂവെന്നാണു ചിത്രാഞ്ജലി കോംപ്ലക്‌സിലെ സെൻസർ ബോർഡ് ഓഫിസ് ഉദ്യോഗസ്ഥർ പറഞ്ഞത്. തുടർന്നു പൊലീസ് ഉദ്യോഗസ്ഥർ ഇ മെയ്ൽ വഴി ഡിവിഡി കൈമാറാൻ മേലുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾ പറയുന്ന പോലെ കത്തെഴുതി തന്നാൽ ആ നിബന്ധനകളോടെ ഇതു നൽകാമെന്നായിരുന്നു മറുപടി. തുടർന്നാണു കേസിലെ പ്രധാന തൊണ്ടിയായ ഈ ഡിവിഡികൾ നിയമപരമായി പിടിച്ചെടുത്തത്.