തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വിലവരുന്ന രണ്ടു വീഡിയോ കാമറകൾ. വിവരം പുറത്തറിയാതെ ഒതുക്കാൻ വിളിച്ചുചേർത്ത അടിയന്തരയോഗത്തിൽ വാക്കേറ്റവും ആരോപണപ്രത്യാരോപണവുമായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ. ഇതു സംബന്ധിച്ച് പ്രസ് ക്ലബ് അധികാരികൾ കൺറ്റോൺമെന്റ് പൊലീസിൽ പരാതി നൽകി. നാല് ലക്ഷം രൂപ വിലവരുന്ന ക്യാമറകളാണ് നൽകിയതെന്നാണ് പരാതയിലുള്ളത്.

പ്രസ് ക്ലബിന് കീഴിലെ ജേർണലിസം ഇൻസറ്റിറ്റിയൂട്ട് ഡയറക്ടറും മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായ രാധാകൃഷ്ണനാണ് പരാതി നൽകിയത്. ഇതിന് മേൽ കഴിഞ്ഞ ദിവസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒക്ടോബർ എട്ടിനും പതിനെട്ടിനും ഇടയിലെന്നോ ക്യാമറകൾ മോഷണം പോയെന്നാണ് പരാതി. ആരേയും സംശയിക്കുന്നതായി പരാതിയിൽ ഇല്ല. കഴിഞ്ഞയാഴ്ചയാണ് വീഡിയോ കാമറകൾ മോഷണംപോയ വിവരം കണ്ടെത്തിയത്. ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിലെ ടെലിവിഷൻ ജേണലിസം വിദ്യാർത്ഥികൾക്കും, ഇലക്ട്രോണിക് മീഡിയ വിദ്യാർത്ഥികൾക്കും പഠിപ്പിക്കുന്നതിനുവേണ്ടി വാങ്ങിയ കാമറകളാണ് നഷ്ടമായത്. സംഭവം ചർച്ചയാകാതെ ഒതുക്കാനായിരുന്നു നീക്കം. ഇതിന്റെ ഭാഗമായി ആദ്യം മോഷണം സംബന്ധിച്ച കുറിപ്പാണ് പൊലീസിന് നൽകിയത്. വിശദമായ പരാതി വേണമെന്ന് പൊലീസ് നിർദ്ദേശിച്ചു. ഈ സാഹചര്യത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഔദ്യോഗികമായി പരാതി നൽകിയത്.

കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ വന്ന് തെളിവെടുപ്പ് നടത്തി. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് ഭരണസമിതിയോഗം അടിയന്തരമായി വിളിച്ചുചേർക്കുകയായിരുന്നു. യോഗത്തിൽ അംഗങ്ങൾ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ച് വാക്കേറ്റം നടത്തി. കള്ളന്മാർ കപ്പലിൽത്തന്നെയാണെന്നാണ് ഭരണസമിതിയുടെ വിലയിരുത്തൽ. സെക്രട്ടറിയറ്റ്, കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ എന്നിവയുടെ സമീപത്തുള്ള പ്രസ്‌ക്ലബ്ബിനോട് ചേർന്നു തന്നെയാണ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്. ഓരോ നിമിഷവും പൊലീസ് പെട്രോളിങ് വാഹനങ്ങൾ കറങ്ങിനടക്കുന്ന ഒരു സ്ഥലത്ത് പുറത്തുനിന്നുള്ള കള്ളന്മാർ മോഷ്ടിച്ചു എന്നുപറഞ്ഞാൽ ആരും വിശ്വസിക്കില്ല. അതുകൊണ്ടുതന്നെയാണ് സംശയത്തിന്റെ നിഴൽ പല ക്ലബ്ബ് അംഗങ്ങളിലേക്കും നീളുന്നത്. ചിലരെയൊക്കെ സംശയത്തിന്റെ നിഴലിൽനിർത്തി ഭരണസമിതിയിലെ പ്രമുഖർ സംസാരിച്ചത് കമ്മിറ്റിയിലെ പലർക്കും രസിച്ചില്ലെന്നാണ് അറിവ്.

അടുത്തയിടെയാണ് പ്രസ് ക്ലബ്ബിന് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ ഏർപ്പെടുത്തിയത്. അതുവരെ പ്രസ്‌ക്ലബ്ബിന്റെ തന്നെ രണ്ടു ജീവനക്കാർക്കായിരുന്നു സുരക്ഷാ ചുമതല. ഇവർക്കു രണ്ടുപേർക്കും സങ്കേതത്തിലെ അംഗങ്ങളെ കൃത്യമായി അറിയാം. എന്നാൽ പുതിയ ആളുകൾക്ക് ആരൊക്കെയാണ് അംഗങ്ങളെന്നോ, ആരൊക്കെ അംഗങ്ങളല്ലെന്നോ അറിയില്ല. ആരുവന്നാലും സല്യൂട്ട് അടിച്ച് കടത്തിവിടുകയാണ് അവരുടെ ജോലി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആർ ആജിത് കുമാർ ശക്തമായ നടപടി വേണമെന്ന പക്ഷത്താണ്. തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ നിരപരാധികളെ കുറ്റക്കാരാക്കാനും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ പ്രസ് ക്ലബ്ബ് ആന്തരിക അന്വേഷണം നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന മറ്റൊരു വിശദീകരണം.

പ്രസ്‌ക്ലബ്ബ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രഖ്യാപനത്തിനിടയിലാണ് കാമറ മോഷണം. ഫോർത്ത് എസ്റ്റേറ്റ് ഹാൾ ഉൾപ്പെടെ രണ്ടുപ്രധാനപ്പെട്ട ഹാളുകളിലെ എസി കേടായിട്ട് മാസങ്ങൾ കഴിഞ്ഞു. ദേശീയഗെയിംസിന്റെ ഫണ്ടുപയോഗിച്ച് ശീതീകരിച്ച റൂഫ ്‌ടോപ്പിലെ ഹാളിലാണ് ഇപ്പോൾ പത്രസമ്മേളനങ്ങൾ പോലും നടത്തുന്നത്. ജേണലിസ്റ്റ് പ്രീമിയർ ലീഗ് നടത്തി ലക്ഷങ്ങൾ നേട്ടമുണ്ടാക്കിയെന്ന് കണക്ക് അവതരിപ്പിച്ചിട്ട് വർഷം ഒന്നു കഴിഞ്ഞതേയുള്ളു. എന്നിട്ടാണ് ഇപ്പോൾ പാപ്പരാണെന്നും അക്കൗണ്ട് കാലിയാണെന്നും പുതിയ ഭരണസമിതി പറയുന്നത്. എന്നാൽ അജിത് കുമാറിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം ഇത്തരം ആരോപങ്ങൾക്കെതിരെ ശക്തമായ നടപടിയും തുടങ്ങി. കണക്കുകളുടെ ഓഡിറ്റുൾപ്പെടെയുള്ളവ നടത്താനും തീരുമാനിച്ചു.

അഞ്ചു കൊല്ലത്തെ മുഴുവൻ സാമ്പത്തിക ഇടപാടും പരിശോധിക്കാനാണ് തീരുമാനം. ഇതിനൊപ്പം നിയമവാലിയും കർശനമാക്കാൻ തീരുമാനിച്ചു. ഇതിനുള്ള ഭേദഗതിക്കായും നടപടി തുടങ്ങി. ഇതിനിടെയാണ് പുതിയ മോഷണ വിവാദം എത്തുന്നത്. ഈ സാഹചര്യത്തിലാണ് തെറ്റുകാർക്കെതിരെ നടപടി വേണമെന്ന നിലപാടിൽ ആർ അജിത് കുമാർ എത്തുന്നത്. ആട് ആന്റണിയെ പോലെ കുപ്രസിദ്ധ കുറ്റവാളികളൊന്നും പ്രസ് ക്ലബ്ബിൽ കയറി മോഷ്ടിക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. രാത്രി പത്രണ്ട് മണികഴിഞ്ഞാലും പ്രസ് ക്ലബ്ബ് സജീവമാണ്. സങ്കേതത്തിൽ ഇപ്പോഴും ആളുണ്ടാകും. ഈ സാഹചര്യത്തിലാണ് പ്രസ് ക്ലബ്ബിലെ മോഷണം ചർച്ചയാകുന്നതും. അതിനുള്ളിലുള്ളവർക്ക് മാത്രമേ ഇവ കൊണ്ടു പോകാൻ കഴിയൂവെന്ന് തന്നെയാണ് ഭരണസമിതിയുടേയും വിലയിരുത്തൽ.