കോഴിക്കോട്: നിയമാനുസൃതം അഖില എന്ന പേര് മാറ്റിയോ എന്ന ചോദ്യത്തിന് താൻ മുസ്ലീമാണെന്നും ഞാൻ ഇഷ്ടപ്പെട്ട് സ്വീകരിച്ച പേര് 'ഹാദിയ' എന്നാണെന്നും മറുപടി. ഇനിയും എന്നെ അഖില എന്നേ വിളിക്കുമെന്നുണ്ടോയെന്നും ചോദ്യം. ആടുമെയ്‌ക്കാൻ സിറിയയിലേക്ക് പോകാൻ താൽപര്യമുണ്ടെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ആ ഓഡിയോ ക്‌ളിപ്പുകൾ ഒരിക്കൽ കൂടി കേട്ടുനോക്കൂ എന്ന് മറുപടി. പത്രലേഖകരുടെ ചോദ്യങ്ങൾക്കെല്ലാം ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി ഹാദിയയും ഭർത്താവ് ഷെഫിൻ ജഹാനും.

ഷെഫിനുമൊത്തുള്ള വിവാഹം സുപ്രീംകോടതി സാധുവാക്കിയ വിധിക്കുശേഷം തങ്ങൾ നേരിട്ട വിഷയങ്ങളിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ഇരുവരും. വിവാഹം സാധുവാക്കിയതിനു പിന്നാലെ ഭർത്താവ് ഷെഫിൻ ജഹാനുമായി കേരളത്തിലെത്തിയ ഹാദിയ മൂന്ന് ദിവസത്തെ അവധിക്കു ശേഷം നാളെ സേലത്തേക്ക് തിരിക്കും. കോളേജ് പഠനം തുടരുമെന്നും ഇനി വിവാദങ്ങളിൽ വലിച്ചിഴക്കരുതെന്നും കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ ഹാദിയ പറഞ്ഞു.

കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് ആസ്ഥാനമായ യൂണിറ്റി ഹൗസിലെത്തിയ ഹാദിയയും ഷെഫിൻ ജഹാനും പോപ്പുലർ ഫ്രണ്ടിന് നന്ദി പറയുകയും ജമാഅത്തേ ഇസ്ലാമിയും കോഴിക്കോട് തർബിയത്തുൽ ഇസ്ലാം സഭയും സഹായം നൽകിയില്ലെന്നും പറഞ്ഞിരുന്നു. ഇത് പോപ്പുലർ ഫ്രണ്ട് ഒഴികെയുള്ള സംഘടനകളെ ചൊടിപ്പിച്ചിരുന്നു. ഇതോടെ എല്ലാവരും സഹായം ചെയ്തുവെന്ന നിലപാടിലായിരുന്നു ഇരുവരും ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

ഇതിനിടയ്ക്കാണ് ഹാദിയ എന്നാണോ അഖില എന്നാണോ പേരെന്ന ചോദ്യവും ഉയർന്നത്. താൻ ഇഷ്ടപ്പെട്ട് സ്വീകരിച്ച പേരാണ് ഹാദിയ എന്നും അതുതന്നെ കേൾക്കാനാണ് ഇഷ്ടമെന്നും ഹാദിയ വ്യക്തമാക്കി. എന്നാൽ പേര് എന്നാൽ നിയമാനുസൃതം മാറ്റുന്നത് ആലോചിക്കുമെന്നും ഹാദിയ പറഞ്ഞു. ചില ദേശവിരുദ്ധ ശക്തികളാണ് തങ്ങൾക്കെതിരെ തീവ്രവാദ ആരോപണങ്ങൾ ഉന്നയിച്ചത്. ഇതിനെതിരെ നിയമപരമായി നേരിടും. എന്റെ അഛനെയും അമ്മയെയും ചിലർ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. മാതാപിതാക്കളെ ബഹുമാനിക്കണമെന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം. അഛനെയും അമ്മയെയും കാണാൻ ശ്രമിക്കും. എല്ലാം ശുഭമായി പര്യവസാനിച്ച് ഞങ്ങൾ ഹാദിയയുടെ വീട്ടുകാരുമായി ഒരുമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷെഫിൻ ജഹാൻ പറഞ്ഞു.

ഇന്ത്യ പോലുള്ള രാജ്യത്ത് ഇഷ്ട മതം സ്വീകരിച്ചുവെന്നതിന്റെ പേരിൽ വീട്ടുതടങ്കലിൽ കഴിയേണ്ട സ്ഥിതിയുണ്ടായതിൽ ലജ്ജിക്കുന്നതായും ഈ സമയത്ത് പൊലീസ് അടക്കമുള്ള അധികൃതരുടെ ഭാഗത്ത് നിന്ന് നീതി കിട്ടിയില്ലെന്നും ഹാദിയ പറഞ്ഞു. ഇസ്‌ളാം മതം ഉപേക്ഷിക്കാൻ പലരും പറഞ്ഞു. അത്തരം സാഹചര്യങ്ങൾ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായി. ഇതിന്റെ പൊളിറ്റിക്‌സൊന്നും എനിക്കറിയില്ല. ഞാൻ ഇസ്‌ളാംപഠിച്ചു. അത് ഇഷ്ടപ്പെട്ടു. അങ്ങനെ വിവാഹം കഴിച്ചു. മതംമാറ്റത്തിൽ നിന്ന് പിന്മാറ്റാൻ പലരും ശ്രമിച്ചു. കൗൺസലിങ് എന്ന പേരിൽ ഉണ്ടായതെല്ലാം ദുരനുഭവങ്ങളാണ്. എന്നെ കാണാൻ വന്നവരുടെ പേരുകളെല്ലാം എഴുതിയ ബുക്ക് ഉണ്ട്. അതിലെ പേരുകൾ കണ്ടാൽ തന്നെ മനസ്സിലാകും അവരുടെ ഉദ്ദേശ്യം. അവരെ കാണുമ്പോൾ പൊലീസാണെങ്കിലും മറ്റുള്ളവരാണെങ്കിലും തൊഴുകൈയോടെ നിൽക്കുകയാണ് - ഹാദിയ പറയുന്നു.