- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുട്ടടിയായി ഇന്ധനവിലക്കയറ്റം; അവശ്യ സാധനങ്ങൾക്ക് വില കുതിക്കുന്നു; ഹോട്ടൽ ഭക്ഷണത്തിനും തീ പിടിച്ച വില; നിർമ്മാണ മേഖലയിലും തിരിച്ചടി; സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നട്ടംതിരിഞ്ഞ് സാധാരണക്കാർ
കൊച്ചി: ഇന്ധനവില വർദ്ധനയ്ക്ക് പിന്നാലെ സാധാരണക്കാർക്ക് ഇരുട്ടടിയായി അവശ്യ സാധനങ്ങൾക്ക് വില കുതിക്കുന്നു. നികുതിയായും വെള്ളക്കരമായും വിവിധ ഫീസ് ഇനങ്ങളായും സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ സാധാരണ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന അമിത ഭാരങ്ങൾക്കു പുറമേ, ഭക്ഷ്യ വസ്തുക്കൾക്ക് അടക്കം വില കുതിക്കുകയാണ്. എണ്ണവില ഇനിയും ഉയർന്നാൽ വിലക്കയറ്റം ഇതിലും രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
കുടുംബങ്ങളുടെ ഉള്ളുപൊള്ളിക്കുകയാണ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം. കോവിഡ് പ്രതിസന്ധിയും അനുദിനം വർധിക്കുന്ന ഇന്ധനവിലവർധനയും പാചകവാതകവിലയും അടുക്കളബജറ്റ് താളംതെറ്റിച്ചിരിക്കുന്നു. വീട്ടിൽ ഭക്ഷണം പാചകംചെയ്യാനുള്ള പാചകവാതകത്തിന് 958 രൂപയാണിപ്പോൾ. കഴിഞ്ഞയാഴ്ച മാത്രം വർധിച്ചത് 50 രൂപ.
അലക്കുസോപ്പിന് അഞ്ചുരൂപ കൂടി. ടൂത്ത് പോസ്റ്റ്, ബാത്തിങ് സോപ്പ്, സോപ്പുപൊടി, ഡിഷ്വാഷ് ബാർ തുടങ്ങി ദിവസവും ഉപയോഗിക്കേണ്ട വസ്തുക്കൾക്കെല്ലാം അഞ്ചുരൂപ മുതൽ 10 രൂപവരെ വർധിച്ചിട്ടുണ്ട്.
അരിവിലയിലും വർധനയുണ്ട്. മൂന്നുമാസത്തിനിടെ കിലോഗ്രാമിന് രണ്ടുമുതൽ എട്ടു രൂപവരെയാണ് കൂടിയത്. കുറുവ വില 31 രൂപയിൽനിന്ന് 36-38 വരെയായി. പൊന്നിക്ക് 40-ൽ നിന്ന് 42-45 ആയും വർധിച്ചു.
ഇന്ധനവിലവർധന വരുന്നതിനുമുന്നേതന്നെ മിക്ക പലചരക്കു സാധനങ്ങൾക്കും വിലയേറിയെന്ന് വ്യാപാരികൾ പറയുന്നു. ഉത്പാദനം കുറഞ്ഞതാണ് കാരണം. ഡീസൽവില 110 കടന്നതോടെ ലോറിവാടക വർധിക്കാൻ സാധ്യതയുണ്ട്. ഇത് ചെറുകിടമേഖലയെ ബാധിക്കുമെന്ന ആശങ്കയിലാണ് കച്ചവടക്കാർ.
കുതിച്ചുകയറി ചിക്കൻവിപണി
ഒന്നരമാസത്തിലേറെയായി ചിക്കൻവില ഉയർന്നുതന്നെ. 240 രൂപയാണ് ഒരു കിലോ കോഴിയിറച്ചിക്ക് നൽകേണ്ടത്. 180 രൂപയിൽനിന്നാണ് വിലയുടെ ഈ കുതിച്ചുചാട്ടം.
വേനൽക്കാലം തുടങ്ങിയതും ഉത്പാദനം കുറഞ്ഞതും വിലവർധിക്കാൻ ഇടയാക്കിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഇതിനിടയിൽ കോഴിത്തീറ്റയ്ക്ക് വില കൂടിയതും മേഖലയെ പ്രതിസന്ധിയിലാക്കി. കിലോയ്ക്ക് 26-ൽ നിന്നും 48 രൂപവരെയായി വർധിച്ചു. റംസാൻ വ്രതാരംഭവും വിഷുവും കൂടിയാകുമ്പോൾ കോഴിയിറച്ചിയുടെ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
മീൻവിലയിൽ അല്പം ആശ്വാസമുണ്ട്. എങ്കിലും ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന മീനായതുകൊണ്ട് ഇന്ധനവിലവർധന മേഖലയെ ബാധിക്കും. മത്തിക്ക് വെള്ളിയാഴ്ച 160 രൂപയും അയലയ്ക്ക് 120 രൂപയും ചെമ്മീനിന് 260 രൂപയുമാണ് വില. അയക്കൂറയും ആവോലിയും ലഭ്യതക്കുറവുള്ളതിനാൽ വില അല്പം കൂടുതലാണ്. അയക്കൂറയ്ക്ക് 650 രൂപയും ആവോലിക്ക് 440 രൂപയുമാണ് വെള്ളിയാഴ്ച സെൻട്രൽമാർക്കറ്റിലെ വില. ഇതിനൊപ്പം മുട്ടയുടെ വിലയിലും നേരിയ വർധനയുണ്ടായിട്ടുണ്ട്. 4.50 രൂപയിൽനിന്ന് അഞ്ചുരൂപയായി വർധിച്ചു.
പച്ചക്കറി വില 6.13 ശതമാനം ഉയർന്നിരുന്നു. വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വിലയും ഉയർന്നിട്ടുണ്ട്. റഷ്യൻ-യുക്രെയ്ൻ യുദ്ധം, ആഗോള ചരക്ക് വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, ചെലവ് വർദ്ധന, അന്താരാഷ്ട്ര ചരക്ക് വിലയിലെ വർദ്ധനവ് എന്നിവ മൊത്തവിലക്കയറ്റം വീണ്ടും ഉയർത്തുമെന്നാണ് സൂചന.
വാണിജ്യ സിലിണ്ടറിന് വില കൂട്ടിയതിന് പിന്നാലെ ഹോട്ടൽ ഭക്ഷണവില പൊള്ളുന്ന തരത്തിലെത്തി. പത്തു ദിവസം മുമ്പ് എട്ടര രൂപയോളം വില കുറച്ച വാണിജ്യ സിലിണ്ടറിനാണ് ഇന്നലെ 255 രൂപയിലേറെ വർദ്ധിപ്പിച്ചത്. പ്രതിദിനം മൂന്ന് മുതൽ 20 വരെ വാണിജ്യ സിലിണ്ടർ ഉപയോഗിക്കുന്ന ഹോട്ടലുകൾ സംസ്ഥാനത്തുണ്ട്. വില കൂട്ടിയതോടെ 750 മുതൽ 5,000 രൂപയുടെ വരെ അധികച്ചെലവാണ് പ്രതിദിനം ഹോട്ടലുകൾക്കുണ്ടാവുക.
അരി, ചിക്കൻ, ഭക്ഷ്യഎണ്ണ തുടങ്ങിയവയ്‌ക്കെല്ലാം വില വർദ്ധിച്ചതിന് പുറമേയാണ് ഗ്യാസ് വിലക്കയറ്റം. ഉപഭോക്താക്കൾ കൈവിടുമെന്നതിനാൽ ഭക്ഷണവില വർദ്ധിപ്പിക്കാനാവില്ല. ഹോട്ടൽമേഖലയുടെ നട്ടെല്ലൊടിക്കുന്ന ഇന്ധനവിലക്കയറ്റത്തിൽ പ്രതിഷേധം ഉയരുകയാണ്. പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നതടക്കം സമര രംഗത്താണ് ഹോട്ടൽ സംഘടനകൾ.
257.5 രൂപ ഉയർന്ന് 2,275 രൂപയാണ് തിരുവനന്തപുരത്ത് വാണിജ്യ സിലിണ്ടറിന് വില. 870 ഓളം ജീവൻരക്ഷാ മരുന്നുകൾക്കും 10 ശതമാനം വരെ വില കൂട്ടിയത് ഇതിനു പുറമേയാണ്. ദേശീയ പാതകളിൽ ടോൾ നിരക്കും 10 മുതൽ 65 രൂപവരെ കൂട്ടി.
അടിക്കടി ഉയരുന്ന ഇന്ധനവിലയിൽ നിന്ന് രക്ഷപ്പെടാൻ ഓട്ടോ റിക്ഷകളിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയ സി.എൻ.ജിക്കും വില കുത്തനെ ഉയർന്നു. സി.എൻ.ജിക്ക്80വാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്രകൃതിവാതകത്തിന് (സി.എൻ.ജി) കിലോയ്ക്ക് 9 രൂപവരെ കൂട്ടി. കൊച്ചിയിൽ 80 രൂപയായി. തിരുവനന്തപുരത്ത് വില 76.90 രൂപ; കോഴിക്കോട്ട് 84 രൂപ.
ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (എം.എം.ബി.ടി.യു) 2.90 ഡോളറിൽ നിന്ന് 6.10 ഡോളറിലേക്ക് എത്തിയ പശ്ചാത്തലത്തിലാണ് വില ഉയർന്നത്.
വിമാന ഇന്ധനവില1.13 ലക്ഷത്തിലേക്ക്വിമാന ഇന്ധനമായ (ജെറ്റ് ഫ്യുവൽ) ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (എ.ടി.എഫ്) വില രണ്ടു ശതമാനം കൂട്ടി. ന്യൂഡൽഹിയിൽ കിലോ ലിറ്ററിന് 1,12,924.83 രൂപയായി. 2,258.54 രൂപയാണ് വർദ്ധിച്ചത്.ചെലവിന്റെ 40-50 ശതമാനവും ഇന്ധനം വാങ്ങാനായതിനാൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടിയേക്കും. ഭക്ഷ്യ ഉത്പന്നങ്ങൾ മാത്രമല്ല സ്റ്റീൽ, സിമന്റ്, പാത്രങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവയുടെയും വില കൂടി.
മറുനാടന് മലയാളി ബ്യൂറോ