- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിന്റെ ജീവൻ കാക്കാൻ 150 രാഷ്ട്രത്തലവന്മാർ പാരീസിൽ എത്തി; മോദിയും പാരീസിൽ; കാലാവസ്ഥയെ കാക്കേണ്ട ബാധ്യതയെച്ചൊല്ലി വികസിതവികസ്വര രാജ്യങ്ങൾ തമ്മിൽ തർക്കം; ഇന്ത്യൻ ഫോർമുല ശ്രദ്ധ നേടും; അന്തിമ കരാർ ഡിസംബർ 11ന്
പാരീസ്: ലോകത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായ ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ച് ചർച്ച ചെയ്യാൻ 150 രാഷ്ട്രത്തലവന്മാർ പാരീസിലെത്തി. ആഗോള ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാരീസിലുണ്ട്. മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാന്ദും ചേർന്ന് 122 രാജ്യങ്ങൾ ഉൾപ്പെടുന്ന സൗരസഖ്യ സമ്മേളനവ
പാരീസ്: ലോകത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായ ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ച് ചർച്ച ചെയ്യാൻ 150 രാഷ്ട്രത്തലവന്മാർ പാരീസിലെത്തി. ആഗോള ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാരീസിലുണ്ട്. മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാന്ദും ചേർന്ന് 122 രാജ്യങ്ങൾ ഉൾപ്പെടുന്ന സൗരസഖ്യ സമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്. സമ്മേളനത്തിനോട് ചേർന്ന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുമായി മോദി കൂടിക്കാഴ്ച നടത്തും.
129 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽനിന്ന് മുക്തമായിട്ടില്ലാത്ത ഫ്രാൻസിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതാകും ഈ അന്താരാഷ്ട്ര ഉച്ചകോടി. തിങ്കളാഴ്ച ആരംഭിക്കുന്ന ഉച്ചകോടി ഡിസംബർ 11-നാണ് അവസാനിക്കുക. ആഗോള താപനം നിയന്ത്രിക്കുന്നതിന്റെ ബാധ്യതയെച്ചൊല്ലിയുള്ള വികസിത-വികസ്വര രാജ്യങ്ങളുടെ തർക്കത്തിന് ഉച്ചകോടിയിൽ പരിഹാരം കാണാനാകുമെന്നാണ് വിലയിരുത്തൽ. ഇരുവിഭാഗത്തിലുമുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാകും ഉച്ചകോടിയിൽനിന്ന് ഉയർന്നുവരുന്ന ധാരണ.
ഉച്ചകോടിക്ക് തുടക്കം കുറിച്ചശേഷം മോദിയടക്കം ഭൂരിപക്ഷം രാഷ്ട്രത്തലവന്മാരും ചൊവ്വാഴ്ച തന്നെ സ്വദേശത്തേയ്ക്ക് മടങ്ങുമെങ്കിലും 196 രാജ്യങ്ങളുടെ പ്രതിനിധികൾ തുടർന്നുള്ള ചർച്ചകളിൽ പങ്കെടുക്കും. ഇവരുടെ ചർച്ചകളിലൂടെ ആഗോള കാലാവസ്ഥാ കരാറിന് ഡിസംബർ 11-ന് ഒപ്പുവെക്കാനാകുമെന്നാണ് കരുതുന്നത്. വികസിത രാജ്യങ്ങൾ ചെറിയ രാജ്യങ്ങൾക്ക് ഫണ്ട് നൽകുന്നതിനെ സംബന്ധിച്ചും ആഗോള താപനം തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഈ ചർച്ചകളിൽ പരിഹാരമാകുമെന്നാണ് കരുതുന്നത്.
വികസ്വര രാജ്യങ്ങളുടെ വികസന പദ്ധതികൾ വെട്ടിച്ചുരുക്കാതെ ആഗോള താപനം കുറയ്ക്കുകയെന്നതാണ് ഇന്ത്യ മു്‌നനോട്ടുവെക്കുന്ന ആശയം. 122 രാജ്യങ്ങൾ ഉൾക്കൊള്ളുന്ന സൗരസഖ്യമാണ് ഇന്ത്യ ഇതിനായി മുന്നോട്ടുവെക്കുന്ന ആശയം. പുനരുപയോഗിക്കാവുന്ന ഊർജസ്രോതസ്സുകളുടെ ആശ്രയിക്കുകയെന്ന ആശയമാണ് ഇന്ത്യയുടേത്. മോദിയുടെ ഈ ആശയത്തിന് സൗരോർജം ധാരാളമായി ലഭിക്കുന്ന രാജ്യങ്ങളുടെ പൂർണ പിന്തുണയുണ്ട്. 2009 ൽ കോപ്പൻഹേഗനിലെ കാലാവസ്ഥാ സമ്മേളനത്തിൽ 115 രാഷ്ട്രത്തലവന്മാരാണ് പങ്കെടുത്തത്. ആഗോളതാപനം ചെറുക്കാനുള്ള ദേശീയ പദ്ധതികൾ 180 ലേറെ രാജ്യങ്ങൾ ആവിഷ്‌ക്കരിച്ചു കഴിഞ്ഞു. നിലവിൽ ഭൂമി ചൂടുപിടിക്കുന്നതിന് കാരണം മനുഷ്യപ്രവർത്തങ്ങളാണെന്ന ശാസ്ത്രീയ തെളിവുകളുടെ പശ്ചാത്തലത്തിലാണ് സമ്മേളനം നടക്കുന്നത്. രേഖപ്പെടുത്താൻ ആരംഭിച്ച ശേഷം ഭൂമിയിലെ ഏറ്റവും ചൂടേറിയ വർഷമാണ് 2015 എന്ന റിപ്പോർട്ടുകളും പുറത്തുവന്നത് അടുത്തയിടെയാണ്.
നവംബർ 30 മുതൽ ഡിസംബർ 11 വരെ പാരീസിൽ നടക്കുന്ന കാലാവസ്ഥാ സമ്മേളനത്തിൽ വിവിധ ഫോറങ്ങളിലായി 40,000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതാപനം ലഘൂകരിച്ച് കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ഒരു ഉറച്ച ഉടമ്പടിക്ക് ലോകനേതാക്കൾ രൂപംനൽകുമെന്ന് പ്രതീക്ഷയിലാണ് എല്ലാവരും. മുമ്പ് നടന്ന കാലാവസ്ഥാചർച്ചകളുടെ കാര്യത്തിലേതുപോലെ പാരിസിലും അമേരിക്കൻ നിലപാടാണ് ആശങ്കയുണ്ടാക്കുന്നത്. നിയമപരമായി ബാധ്യതയുള്ള ഒരു കാലാവസ്ഥാ ഉടമ്പടി അമേരിക്ക അംഗീകരിക്കാൻ സാധ്യത കുറവാണ്. സമ്മേളനത്തിൽ അംഗീകരിച്ചാലും അത്തരമൊരു ഉടമ്പടി റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ പാസാക്കാൻ ഒബാമ ഭരണകൂടത്തിന് കഴിയാതെ വരും. ഇത് പ്രതിസന്ധിയായി തുടരും.
പല വികസ്വര രാഷ്ട്രങ്ങളും പക്ഷേ, ഈ അമേരിക്കൻ നിലാപാടിനെ അനുകൂലിക്കുന്നില്ല. നിയമപരമായി ബാധ്യതപ്പെടുത്തുന്ന ഉടമ്പടി തന്നെ വേണമെന്ന വാദത്തിലാണ് യൂറോപ്യൻ യൂണിയനും. അത്തരമൊരു ഉടമ്പടിയാണ് പ്രതീക്ഷിക്കുന്നതെന്ന്, യൂറോപ്യൻ യൂണിയൻ കമ്മീഷണർ മിഗുവേൽ ആരിയസ് കാനെറ്റി പ്രസ്താവനയിൽ പറഞ്ഞു. വ്യവസായിക വിപ്ലവം ആരംഭിച്ച കാലത്തെ അന്തരീക്ഷ താപനിലയെ അപേക്ഷിച്ച് 2 ഡിഗ്രി മാത്രം താപനില ഉയരുന്ന തരത്തിൽ, കാലാവസ്ഥാ വ്യതിയാനം പിടിച്ചുനിർത്താൻ പര്യാപ്തമായ ഉടമ്പടി വേണമെന്നതാണ് പൊതുവായുള്ള വാദം. എന്നാൽ, അത് കൂടുതലാണെന്നും താപനില 1.5 ഡിഗ്രിയിൽ പരിമിതപ്പെടുത്തണമെന്നും മറ്റൊരു കൂട്ടർ വാദിക്കുന്നു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രത്തലവന്മാർക്ക് കനത്ത സുരക്ഷയാണ് ഫ്രാൻസ് ഏർപ്പെടുത്തിയിട്ടുള്ളത്. മുൻകൂട്ടി അക്രഡിറ്റേഷൻ സ്വന്തമാക്കിയവർക്കുമാത്രമായിരിക്കും ഉച്ചകോടി നടക്കുന്ന സ്ഥലത്തേയ്ക്ക് പ്രവേശനാനുമതി ഉണ്ടാവുക. ഫ്രഞ്ച് സേനയുടെ കനത്ത കാവലിലാണ് ദിവസങ്ങളായി ഉച്ചകോടി നടക്കുന്ന വേദിയും പരിസരപ്രദേശങ്ങളും. കഴിഞ്ഞ നവംബർ 13നാണ് ലോകത്തെ നടുക്കിയ ഭീകരാക്രമണം പാരീസിൽ അരങ്ങേറിയത്. 129 പേർ കൊല്ലപ്പെടുകയും 350 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആ സംഭവം നടന്ന് ഒരുമാസം തികയും മുമ്പാണ് സുപ്രധാനമായ സമ്മേളനം അവിടെ ആരംഭിക്കുന്നത്.
പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലടക്കം ഫ്രഞ്ച് അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. അതിർത്തിയിലെ നിയന്ത്രണം ഞായറാഴ്ച പ്രാബല്യത്തിൽ വന്നു. 8000 സുരക്ഷാഭടന്മാരെയാണ് അതിർത്തി കാക്കാൻ നിയോഗിച്ചിട്ടുള്ളത്.
കാലാവസ്ഥാ സമ്മേളനത്തിന്റെ മുഖ്യവേദിയായ പാരിസിലെ ലെ ബോർഗറ്റ് മേഖലയിൽ മാത്രം 28,00 സുരക്ഷാ സൈനികരുടെ സാന്നിധ്യമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ 13ലെ ഭീകരാക്രമണത്തിന് ശേഷം രാജ്യത്താകമാനം 1.2 ലക്ഷം സുരക്ഷാഭടന്മാരെയാണ് ഫ്രാൻസ് വിന്യസിച്ചത്.
പടക്കങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ, എളുപ്പം തീപ്പിടിക്കുന്ന മറ്റ് രാസവസ്തുക്കൾ തുടങ്ങിയവ വിൽക്കുന്നതും കൊണ്ടുവരുന്നതും ഡിസംബർ 13 വരെ വിലക്കിയിട്ടുണ്ട്.