ന്യൂഡൽഹി: പാക്കിസ്ഥാൻ ആതിഥ്യം വഹിക്കുന്ന സാർക് ഉച്ചകോടിയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്നേക്കും. ഉറി ആക്രമണത്തിന് ചുട്ട മറുപടി നൽകനാണ് ഇത്. ആർഎസ്എസ് നിലപാട് കൂടി പരിഗണിച്ചാണ് ഇത്.

അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി പ്രധാനമന്ത്രിയെ ഫോണിൽവിളിച്ച് ഉറി സംഭവത്തെ അപലപിച്ചു. ഇസ്ലമാബാദിലെ സാർക് ഉച്ചകോടിയിൽനിന്ന് ഇന്ത്യ വിട്ടുനിന്നാൽ അഫ്ഗാനിസ്താനും വിട്ടുനിൽക്കുമെന്ന സൂചന അഫ്ഗാൻ അംബാസഡർ ഡോ.ഷൈദ മൂഹമ്മദ് അദ്ദാലി നൽകി. ഇതും പാക്കിസ്ഥാന് വലിയ തിരിച്ചടിയാകും

പാക്കിസ്ഥാൻ പ്രശ്‌നം സംയമനത്തോടെ കൈകാര്യം ചെയ്താൽമതിയെന്ന നിലപാടിലാണ് മോദി സർക്കാർ. പാക് പ്രകോപനങ്ങളോട് എടുത്തുചാടി പ്രതികരിക്കുന്നത് ലോകരാജ്യങ്ങളുടെ വികാരം പ്രതികൂലമാക്കുമെന്ന ചിന്തയാണ് ഉന്നതതല ചർച്ചകളിൽ ഉയർന്നത്. പക്ഷേ കടുത്ത നിലപാടിലാണ് ആർഎസ്എസ്. ഉറി ആക്രമണത്തിന് തിരിച്ചടി കൊടുക്കണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തിലാണ് സാർക്കിൽ നിന്ന് വിട്ടു നിന്ന് മോദി പ്രതിഷേധം അറിയിക്കാൻ ഒരുങ്ങുന്നത്.

അതിനിടെ, ഉറി ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) ഏറ്റെടുത്തു. ഉറിയിൽ തങ്ങുന്ന എൻ.ഐ.എ. സംഘം കൊല്ലപ്പെട്ട നാല് ഭീകരരുടെയും രക്തം ഡി.എൻ.എ. പരിശോധനയ്ക്കായി ശേഖരിച്ചു. ഭീകരർക്ക് പ്രാദേശികമായി സഹായം ലഭിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ഭീകരരുടെ ചിത്രങ്ങൾ വിവിധ ജയിലുകളിൽ കഴിയുന്ന ജെയ്‌ഷെ പ്രവർത്തകരെ കാണിച്ച് തിരിച്ചറിയാനാണ് ശ്രമം. െ

ഉറി സംഭവവും കശ്മീരിലെ സാഹചര്യങ്ങളും വിലയിരുത്താൻ ബുധനാഴ്ച കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി ഡൽഹിയിൽ യോഗം ചേർന്നേക്കും.