ലണ്ടൻ: മേഗന്റെ മോഹവലയത്തിൽ അകപ്പെട്ട ഹാരി സ്വന്തം കുടുംബത്തെ നാണംകെടുത്താൻ ഉറച്ചു തന്നെ ഇറങ്ങിയിരിക്കുകയാണ്. തന്റെ രണ്ടാനമ്മ കൂടിയായ കാമിലയ്ക്കെതിരെ എല്ലാം തുറന്നെഴുതുന്ന ഒരു പുസ്തകവുമായി ഹാരി എത്തുന്നു എന്നാണ് ഹാരിയുടേ സുഹൃത്തുക്കൾ പറയുന്നത്. ഹാരിക്ക് ഏകദേശം 20 മില്യൺ ഡോളർ പ്രതിഫലം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്ന ഈ ഓർമ്മക്കുറിപ്പുകൾ ഈ വർഷം അവസാനത്തോടെ പ്രസിദ്ധീകരിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇത് പ്രസിദ്ധീകരിക്കുന്നതോടെ കുടുംബവുമായി വീണ്ടും ഒത്തുചേരാനുള്ള ശ്രമത്തിന്റെ ശവപ്പെട്ടിയിൽ ഹാരി അവസാനത്തെ ആണീയുംഅടിക്കുമെന്നാണ് രാജകുടുംബവുമായി അടുത്തവർ പറയുന്നത്.

പുലിറ്റ്സർ പുരസ്‌കാര ജേതാവ് ജെ ആർ മോറിംഗറുമൊത്തുള്ള ഹാരിയുടെ പുസ്തകമെഴുത്തിനെ കുറിച്ച് രാജകുടുംബത്തിന് അതിയായ ആശങ്കയുണ്ട്. ഹാരിയുടെ അനുഭവങ്ങൾ, സാഹസികതകൾ, നഷ്ടങ്ങൾ ജീവിതത്തിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ എന്നിവയൊക്കെ ഈ പുസ്തകത്തിൽ ഉണ്ടാകുമെന്നാണ് പ്രസാധകർ പറയുന്നത്. കഴിഞ്ഞ ഒരു വർഷമായി തന്റെ ഓർമ്മക്കുറിപ്പുകൾ കോർത്തിണക്കുന്ന പണിയിലായിരുന്നു എന്ന ഹാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെ കുറിച്ച് പക്ഷെ എലിസബത്ത് രാജ്ഞിയും ചാൾസ് രാജകുമാരനും വില്യം രാജകുമാരനും മൗനം പാലിക്കുകയാണ്.

സ്ഫോടനാത്മകമായ ഏറെ വിവാദ വിഷയങ്ങൾ ഉണ്ടാകാൻ ഇടയുള്ള ഈ പുസ്തകം ഹാരിയെ രാജകുടുംബത്തിൽ നിന്നും വീണ്ടും അകറ്റുമെന്ന് രാജകുടുംബത്തിന്റെ ചരിത്രത്തിൽ വിദഗ്ദരായവർ പറയുന്നു. അതേസമയം, ഹാരിയുടെ പുസ്തകം തീർച്ചയായും രാജകുടുംബത്തെ മരവിപ്പിക്കും എന്ന ഹാരിയുടെ സുഹൃത്തുക്കളൂം മുന്നറിയിപ്പ് നൽകുന്നു. ഹാരി അല്പം മൃദുവായിട്ടാണ് പെരുമാറുന്നത് എന്ന മറ്റു രാജകുടുംബാംഗങ്ങൾ തെറ്റിദ്ധരിച്ചെങ്കിൽ അത് തെറ്റായിപ്പോയി എന്ന് അവർക്ക് ഉടനെ ബോദ്ധ്യമാകും എന്നാണ് ഹാരിയുടെ സുഹൃത്തുക്കൾ പറഞ്ഞത്. രാജകുടുംബത്തെ അടപടലം പിടിച്ചുലക്കാൻ കെല്പുള്ള വെളിപ്പെടുത്തലുകളായിരിക്കും അതിലെന്നും അവർ പറയുന്നു.

കഴിഞ്ഞയാഴ്‌ച്ച കാമിലയ്ക്ക് രാജ്ഞിപട്ടം പ്രഖ്യാപിച്ചതിനെ കുറിച്ച് ഹാരിയുടെ മൗനം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ അതിനുള്ള മറുപടി എന്നോണം എയ്ഡ്സിനും എച്ച് ഐ വിക്കും എതിരെ ഡയാന നടത്തിയ നിസ്തുല പോരാട്ടങ്ങളെ സ്മരിച്ചുകൊണ്ട് ഹാരി രംഗത്തെത്തി. ഹാരിയുടെ മൗനത്തിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ടെന്നാണ് ഹാരിയുമായി അടുത്ത വൃത്തങ്ങ്ൾ പറയുന്നത്. തന്റെ രണ്ടാനമ്മക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായേക്കാം.

ഹാരിക്കും വില്യമിനും അത്ര സുഖകരമായ ബന്ധമായിരുന്നില്ല കാമിലയുമായി ഉണ്ടായിരുന്നത്. എന്നാൽ, അവർ വളർന്ന് വന്നതോടെ പക്വതയാർജ്ജിക്കുകയും കാമിലയുടെയും ചാൾസിന്റെയും ജീവിത യാഥാർത്ഥ്യം അംഗീകരിക്കുകയുമായിരുന്നു. എന്നാൽ അവർ ഒരിക്കലുംകാമിലയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നില്ല.