- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ഏജൻസിക്ക് എങ്ങനെ പൊലീസുകാരുടെ അക്കൗണ്ട് വിവരങ്ങളും സർവീസ് രേഖകളും കൈമാറും? വൻ പ്രതിഷേധം ഉയർന്നതോടെ എഡിജിപി മനോജ് എബ്രഹാമിന്റെ ഇടപെടൽ; ശമ്പളത്തിൽ നിന്ന് ക്ഷേമ പദ്ധതികൾക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് വഴി പണം പിടിക്കുന്നത് നിർത്തി
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ക്ഷേമ പദ്ധതികൾക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് വഴി പണം പിടിക്കുന്നത് നിർത്തി വച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സർവീസ് രേഖകളും സ്വകാര്യ ഏജൻസി ശേഖരിക്കുന്നതിൽ ആശങ്കയും, പ്രതിഷേധവും ഉയർന്നതോടെയാണ് എഡിജിപി മനോജ് എബ്രഹാം ഇടപെട്ട് പണം പിരിക്കൽ നിർത്തി ഉത്തരവിട്ടത്.
ജീവനക്കാരുടെ ശമ്പളബില്ലിൽ നിന്ന് റിക്കവറി നടത്തുന്നത് കേരള ഫിനാഷ്യൽ കോഡിലെ വ്യവസ്ഥകൾ പ്രകാരം മാത്രമേ ആകാവൂയെന്ന് സംസ്ഥാന സർക്കാർ നേരത്തേ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ക്ഷേമഫണ്ടുകൾ, ക്ഷേമപദ്ധതികൾ (വെൽഫയർ ഫണ്ട്, അമിനിറ്റി ഫണ്ട്, സ്പോർട്സ് ഫണ്ട്, റെജിമെന്റൽ ഫണ്ട്, മെസ്സ് ഫണ്ട് തുടങ്ങിയവ) എന്നിവയിലേയ്ക്ക് റിക്കവറിയോ സബ്‌സ്‌ക്രിപ്ഷനോ നടത്താൻ സാധിക്കാതെ വരുന്ന സാഹചര്യമുണ്ടായി. അതിന്റെ ഫലമായി പദ്ധതികൾ അവസാനിപ്പിക്കേണ്ടി വരുന്നത് ഒഴിവാക്കാനായി സർക്കാരുമായി കത്തിടപാട് നടത്തുകയും തുടർന്ന് ധനകാര്യവകുപ്പും പൊലീസ് വകുപ്പും യോഗം ചേരുകയുണ്ടായി. കെ.എഫ്.സി നിയമത്തിന് അനുസൃതമല്ലാത്ത യാതൊരു റിക്കവറിയും ശമ്പളബില്ലിൽ നിന്ന് നടത്താൻ പാടില്ലെന്നാണ് ധനകാര്യവകുപ്പ് നിർദ്ദേശിച്ചത്. ഇത്തരം റിക്കവറിക്ക് ബദൽ സംവിധാനം പൊലീസ് വകുപ്പ് തന്നെ കണ്ടെത്തണമെന്നും ധനകാര്യവകുപ്പ് ആവശ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിൽ ബദൽ സംവിധാനം ഒരുക്കുന്നതിന് ദേശസാൽകൃതബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കുകളെ പൊലീസ് സമീപിച്ചു. ഇതിനെത്തുടർന്നാണ് വകുപ്പിലെ ജീവനക്കാരിൽ നിന്ന് ഒരു രൂപപോലും ഈടാക്കാതെ സംവിധാനം ഒരുക്കാമെന്ന് എച്ച്.ഡി.എഫ്.സി ഉറപ്പ് നൽകിയത്. ഇതനുസരിച്ച്, ജീവനക്കാരുടെ ശമ്പളം ലഭ്യമാക്കുന്ന നിലവിലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശം അനുസരിച്ച് ജീവനക്കാർ ഇ-മാൻഡേറ്റ് നൽകുന്ന മുറയ്ക്കാണ് പുതിയ സംവിധാനം നിലവിൽ വരിക എന്ന് വ്യക്തമാക്കിയിരുന്നു. ശമ്പളബില്ലിൽ നിന്ന് നിലവിൽ ഡി.ഡി.ഒമാർ നടത്തുന്ന റിക്കവറിക്ക് പുറമേയുള്ള ക്ഷേമഫണ്ടുകൾ ജീവനക്കാർ നൽകുന്ന ഇ-മാൻഡേറ്റ് മുഖാന്തിരം എച്ച്.ഡി.എഫ്.സി ബാങ്ക് വഴി റിക്കവറി ചെയ്ത് അതത് ക്ഷേമഫണ്ടുകളിലെ അക്കൗണ്ടുകളിലേയ്ക്ക് മാറ്റുകയാണ് ചെയ്യുക.
ഈ ക്ഷേമഫണ്ടുകൾ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് മാത്രമായാണ് ഉപയോഗിക്കുന്നത്. ഇതിനു ജീവനക്കാരിൽ നിന്ന് സബ്‌സ്‌ക്രിപ്ഷൻ ഈടാക്കിയില്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമപ്രവർത്തനങ്ങൾ തുടർന്ന് പോകുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ഇത് ഒഴിവാക്കാനാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സർവീസ് രേഖകളും സ്വകാര്യ ഏജൻസി ശേഖരിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഉദ്യോഗസ്ഥർക്കിടയിൽതന്നെ പ്രതിഷേധങ്ങൾ ഉയരുകയായിരുന്നു.സേനാംഗങ്ങളും മിനിസ്റ്റീരിയൽ ജീവനക്കാരും ഉൾപ്പെടെ അറുപതിനായിരത്തോളം പേരുടെ അക്കൗണ്ട് വിവരങ്ങൾ കൈമാറണമെന്ന് പൊലീസ് ആസ്ഥാനത്തുനിന്ന് മുഴുവൻ യൂണിറ്റുകളോടും ആവശ്യപ്പെട്ടെങ്കിലും പലരും വിവരങ്ങൾ കൈമാറിയിരുന്നില്ല. അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ ചോദിച്ച് പലർക്കും സ്വകാര്യ ബാങ്കിൽനിന്ന് എസ്.എം.എസ്. ലഭിച്ചതോടെ ഇക്കാര്യം വിവാദത്തിലാവുകയും ചെയ്തു.
യൂണിറ്റുകളിലെ കാഷ്യർമാർ വിവിധ ക്ഷേമ പദ്ധതികളിലേക്കുള്ള തുക ജീവനക്കാരിൽനിന്ന് ഈടാക്കി അതത് അക്കൗണ്ടുകളിൽ നേരിട്ട് അടയ്ക്കാനാണ് പുതിയ നിർദ്ദേശം. ഇക്കാര്യം ശമ്പളവിതരണ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അവർക്ക് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് പദ്ധതികൾക്കുള്ള തുക ഈടാക്കി അതത് ഫണ്ടുകളുടെ അക്കൗണ്ടിൽ അടയ്ക്കാൻ കാഷ്യർമാർക്ക് എത്തിച്ചു നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ